Kerala PSC Exam Time: ഇനി ‘അത്ര’ സമയം കിട്ടില്ല, പുതിയ മാറ്റങ്ങളുമായി പിഎസ്‌സി; വന്‍ പരിഷ്‌കാരം
Kerala public service commission exam and verification time reform: പിഎസ്‌സി പരീക്ഷാ സമയത്തില്‍ വന്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പരീക്ഷയുടെയും, വെരിഫിക്കേഷന്റെയും സമയത്തില്‍ മാറ്റമുണ്ടാകുമെന്നാണ് വിവരം. ഈ മാസം മുതല്‍ രാവിലെ ആരംഭിക്കുന്ന പരീക്ഷകളുടെ സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നു
കേരള പിഎസ്‌സി പരീക്ഷാ സമയത്തില്‍ വന്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പരീക്ഷയുടെയും, വെരിഫിക്കേഷന്റെയും സമയത്തില്‍ മാറ്റമുണ്ടാകുമെന്നാണ് വിവരം. ഈ മാസം മുതല്‍ രാവിലെ ആരംഭിക്കുന്ന പരീക്ഷകളുടെ സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നു. രാവിലെ 7.15ന് ആരംഭിക്കേണ്ട പരീക്ഷകള്‍ ഏഴ് മണിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതോടൊപ്പം പരീക്ഷയുടെ വെരിഫിക്കേഷന്‍ ടൈമിലും മാറ്റം വരുത്തിയേക്കും. നേരത്തെ 30 മിനിറ്റായിരുന്നു ഐഡി കാര്‍ഡിന്റെയും, അഡ്മിറ്റ് കാര്‍ഡിന്റെയും വെരിഫിക്കേഷന് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് അനുവദിച്ചിരുന്നത്. ഇത് 20 മിനിറ്റായി കുറയ്ക്കാനാണ് നീക്കം.
അതായത് ഉച്ചയ്ക്ക് 1.30ന് വെരിഫിക്കേഷന്‍ ആരംഭിക്കുന്ന പരീക്ഷകള്‍ 1.50 മുതല്‍ എഴുതി തുടങ്ങാം. ഇതിനകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാകും. പരീക്ഷ 3.20ന് കഴിയും. രാവിലെ ഏഴിന് വെരിഫിക്കേഷന്‍ ആരംഭിക്കുന്ന പരീക്ഷകള്‍, 8.50ന് പൂര്‍ത്തിയാകും.
അതേസമയം, പുതിയതായി 92 തസ്തികകളിലേക്ക് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാം. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് അടക്കമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബിരുദധാരികളായ 18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 39300-83000 ആണ് പേ സ്‌കെയില്‍. നിയമത്തില്‍ ബിരുദമുണ്ടെങ്കില്‍ അഭിലഷണീയം. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. keralapsc.gov.in എന്ന കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷിക്കാം.