Kerala PSC September Examinations: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിന്‍ പരീക്ഷയടക്കം വരുന്നു; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ മാസം തിരക്കേറും
PSC September Important Examinations List: സെക്രട്ടേറിയറ്റ്, പബ്ലിക് സര്‍വീസ് കമ്മീഷന്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, വിജിലന്‍സ് ട്രിബ്യൂണല്‍, എന്‍ക്വയറി കമ്മീഷണറുടെ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ്/ഓഡിറ്റര്‍ പരീക്ഷ 27ന് നടക്കും

കേരള പബ്ലിക് സർവീസ് കമ്മീഷൻ
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഈ മാസം നടത്തുന്നത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിന്‍ ഉള്‍പ്പെടെയുള്ള പ്രധാന പരീക്ഷകള്‍. സെപ്തംബര്‍ 27നാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിന്‍സ്. പിഎസ്‌സി ഈ മാസം നടത്തുന്ന പ്രധാന പരീക്ഷകള്‍ നോക്കാം. ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയിലെ പരീക്ഷയാണ് സെപ്തംബറിലെ ആദ്യ ദിവസമായ ഇന്ന് നടക്കുന്നത്. മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയിലെ ലബോറട്ടറി ടെക്‌നിഷ്യന്‍ തസ്തികയിലേക്ക് സെപ്തംബര്‍ ഒമ്പതിന് പരീക്ഷ നടക്കും. ഇതേ ദിവസം തന്നെ കേരള കൊളേജിയറ്റ് എജ്യുക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (ഹോട്ടല്‍ മാനേജ്‌മെന്റ്) തസ്തികയിലേക്കുള്ള പരീക്ഷയുമുണ്ടാകും.
പതിനൊന്നിനാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള പരീക്ഷ. മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ടമെന്റിലെ സയന്റിഫിക് അസിസ്റ്റന്റ്, ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലെ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് 13നാണ് പരീക്ഷ. ഇതുവരെ സൂചിപ്പിച്ച തസ്തികകളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.
പ്രസ്മാന്‍, പവര്‍ ലോണ്ടറി അറ്റന്‍ഡര്‍, സ്വീപ്പര്‍, ആയ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് 20നാണ് പരീക്ഷ. 23ന് നടക്കുന്ന പരീക്ഷകളില്‍ ട്രേഡ്‌സ്മാന്‍-പോളിമര്‍ ടെക്‌നോളജി, ഓവര്‍സീയര്‍ (വാട്ടര്‍ അതോറിറ്റി), വര്‍ക്ക് സൂപ്രണ്ട് തുടങ്ങിയ തസ്തികകള്‍ ഉള്‍പ്പെടുന്നു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷ 26ന് നടക്കും. ലൈന്‍മാന്‍ പരീക്ഷയും അന്ന് തന്നെയാണ്. കയര്‍ഫെഡിലെ കെമിസ്റ്റ് തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയാണ് ഈ മാസത്തെ അവസാനത്തേത്. സെപ്തംബര്‍ 30നാണ് ഈ പരീക്ഷ.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
സെക്രട്ടേറിയറ്റ്, പബ്ലിക് സര്‍വീസ് കമ്മീഷന്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, വിജിലന്‍സ് ട്രിബ്യൂണല്‍, എന്‍ക്വയറി കമ്മീഷണറുടെ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ്/ഓഡിറ്റര്‍ പരീക്ഷ 27ന് നടക്കും. പ്രാഥമിക പരീക്ഷ പാസായവര്‍ക്കാണ് ഈ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹത. രണ്ട് പേപ്പറായാണ് പരീക്ഷ നടത്തുന്നത്. ആദ്യ പേപ്പര്‍ രാവിലെ 10 മുതല്‍ 12 വരെയും, രണ്ടാമത്തേത് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയും നടക്കും. സിലബസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.