Kerala Onam Exam Result 2025: ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നാളെ കിട്ടും; മാര്‍ക്ക് കുറവുള്ളവര്‍ക്ക് ‘പഠന പിന്തുണ’
Kerala Onam Exam 2025 Result Declaration Date Announced: ഉത്തരക്കടലാസുകള്‍ സെപ്തംബര്‍ ഒമ്പതിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. സെപ്തംബര്‍ 10-20 തീയതികള്‍ക്കിടയിലായി പിടിഎ വിളിച്ചുചേര്‍ക്കണം. എഴുത്തുപരീക്ഷയില്‍ 30 ശതമാനത്തില്‍ മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ അധിക പഠന പിന്തുണ നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യപാദ വാര്‍ഷിക പരീക്ഷയുടെ (ഓണപ്പരീക്ഷ) ഉത്തരക്കടലാസുകളുടെ വിതരണം നാളെ പൂര്‍ത്തിയാക്കും. ഉത്തരക്കടലാസുകള്‍ സെപ്തംബര്‍ ഒമ്പതിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. സെപ്തംബര്‍ 10-20 തീയതികള്‍ക്കിടയിലായി പിടിഎ വിളിച്ചുചേര്‍ക്കണം. എഴുത്തുപരീക്ഷയില്‍ 30 ശതമാനത്തില്‍ മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ അധിക പഠന പിന്തുണ നല്‍കും. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് എന്നിവ പ്രത്യേക പഠന പിന്തുണയ്ക്കായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. വിവിധ ഗ്രേഡുകള്‍ തിരിച്ച് റിസള്‍ട്ട് സമഗ്ര പ്ലസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്ന് സ്‌കൂള്‍ അധികാരികളോട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു.
വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ്എസ്‌കെ, ഡയറ്റ് തുടങ്ങിയവര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കണം. വിദ്യാര്‍ത്ഥികളുടെ നിലവാരം മനസിലാക്കി ഗ്രേഡ് കുറവുള്ളവര്‍ക്ക് പഠന പിന്തുണ പരിപാടികള്‍ നടപ്പിലാക്കണം. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോര്‍ട്ട് എസ്എസ്‌കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണമെന്നും മന്ത്രി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു.
എഇഒ, ഡിഇഒ തുടങ്ങിയവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഈ മാസം 25ന് അകം ഡിഡിഇയ്ക്ക് നല്‍കണം. ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചതിന് ശേഷം 30നുള്ളില്‍ ഡിഡിഇമാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ബിആര്‍സി, ഡയറ്റ്, എഇഒ, ഡിഇഒ തുടങ്ങിയവര്‍ക്ക് സ്‌കൂളുകളുടെ ചുമതല വിഭജിച്ച് നല്‍കും. നിരന്തര മൂല്യനിര്‍ണയം വിദ്യാര്‍ത്ഥികളുടെ ശേഷിക്ക് അനുസരിച്ച് മാത്രമേ നല്‍കാവൂവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Also Read: Kerala School Holiday: നാളെ ഒരു ജില്ലയില്‍ മുഴുവനും അവധി, മറ്റ് വിവിധ സ്ഥലങ്ങളില്‍ പ്രാദേശിക അവധി
സംസ്ഥാനത്ത് ഓണാവധിക്ക് ശേഷം ഇന്നാണ് സ്‌കൂളുകള്‍ തുറന്നത്. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകാര്‍ക്കാണ് മിനിമം മാര്‍ക്ക് സമ്പ്രദായം ഇത്തവണ നടപ്പാക്കുന്നത്. അടുത്ത വര്‍ഷം പത്താം ക്ലാസിലും നടപ്പാക്കും. അതേസമയം, ആറന്മുള ഉതൃട്ടാതി വള്ളംകളി മൂലം പത്തനംതിട്ട ജില്ലയിലും, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലും നാളെ അവധിയായിരിക്കും. ഓണം വാരാഘോഷ സമാപന ഘോഷയാത്ര കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ നാളെ ഉച്ചകഴിഞ്ഞ് അവധിയായിരിക്കും.