AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala School Textbook Crisis: സ്കൂൾ തുറക്കുമ്പോൾ കുട്ടികൾ പുസ്തകമില്ലാതെ വലയുമോ? പാഠപുസ്തക അച്ചടി തീരാൻ ഇനിയും 45 ദിവസം വേണം

Kerala School Reopening Delayed : തിരഞ്ഞെടുപ്പിന് മുൻപ് പാഠപുസ്തകങ്ങൾ പൂർണ്ണമായും കുട്ടികളിലെത്തിക്കുമെന്ന് മുൻ ഇടത് സർക്കാർ പ്രഖ്യാപിച്ചിരുന്ന സമയത്ത് വെറും 20 ശതമാനം പുസ്തകങ്ങൾ മാത്രമാണ് അച്ചടിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമ ഇടപെടലുകളെ തുടർന്നാണ് അച്ചടിക്ക് അല്പമെങ്കിലും വേഗത കൈവന്നത്. നിലവിൽ പത്താം ക്ലാസിലെ പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർണ്ണമായി തീർന്നിട്ടുള്ളത്.

Kerala School Textbook Crisis: സ്കൂൾ തുറക്കുമ്പോൾ കുട്ടികൾ പുസ്തകമില്ലാതെ വലയുമോ? പാഠപുസ്തക അച്ചടി തീരാൻ ഇനിയും 45 ദിവസം വേണം
Representational Image
Aswathy Balachandran
Aswathy Balachandran | Published: 19 May 2026 | 07:04 PM

കൊച്ചി: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാൻ വെറും രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാക്കി പാഠപുസ്തക വിതരണം വൻ പ്രതിസന്ധിയിൽ. സ്കൂളുകൾ തുറന്നാലും 6, 7, 8 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പൂർണ്ണ സജ്ജമായി കുട്ടികളുടെ കൈകളിൽ എത്താൻ ഇനിയും കുറഞ്ഞത് 45 ദിവസത്തോളം സമയമെടുക്കുമെന്ന് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി സ്റ്റാഫ് ആൻഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റും മുതിർന്ന ഐ എൻ ടി യു സി നേതാവുമായ കെ.കെ. ഇബ്രാഹിംകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മുൻപ് പാഠപുസ്തകങ്ങൾ പൂർണ്ണമായും കുട്ടികളിലെത്തിക്കുമെന്ന് മുൻ ഇടത് സർക്കാർ പ്രഖ്യാപിച്ചിരുന്ന സമയത്ത് വെറും 20 ശതമാനം പുസ്തകങ്ങൾ മാത്രമാണ് അച്ചടിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമ ഇടപെടലുകളെ തുടർന്നാണ് അച്ചടിക്ക് അല്പമെങ്കിലും വേഗത കൈവന്നത്. നിലവിൽ പത്താം ക്ലാസിലെ പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർണ്ണമായി തീർന്നിട്ടുള്ളത്. വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, പുതിയ മന്ത്രിസഭ നേരിടുന്ന ആദ്യത്തെ വലിയ വെല്ലുവിളിയായി ഈ പുസ്തക പ്രതിസന്ധി മാറും.

കോടികളുടെ കുടിശ്ശിക; അച്ചടി വൈകാൻ കാരണം മാനേജ്മെന്റ് വീഴ്ച

കെബിപിഎസ് മാനേജ്മെന്റിന്റെയും അതിന്റെ മാനേജിംഗ് ഡയറക്ടറുടെയും കടുത്ത കാര്യക്ഷമതയില്ലായ്മയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലെ പേപ്പർ മില്ലുകൾക്ക് നൽകാനുണ്ടായിരുന്ന കോടികളുടെ പണമിടപാട് കുടിശ്ശികയെക്കുറിച്ച് മാനേജ്മെന്റ് കൃത്യസമയത്ത് സർക്കാരിനെ അറിയിച്ചില്ല. ഇതോടെ മില്ലുകളിൽ നിന്ന് അച്ചടിക്കായുള്ള പേപ്പർ ലഭിക്കുന്നത് തടസ്സപ്പെടുകയും അച്ചടിയും ബൈൻഡിംഗും പൂർണ്ണമായി വൈകുകയുമായിരുന്നു.

Also Read: Kerala PSC: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാകണോ? പിഎസ്‌സിയുടെ നോട്ടിഫിക്കേഷന്‍ ഉടന്‍

മാധ്യമങ്ങൾ വാർത്ത പുറത്തുകൊണ്ടുവന്നതിന് ശേഷം മാത്രമാണ് ഉദ്യോഗസ്ഥർ 7 കോടി രൂപ മില്ലുകൾക്കായി അടിയന്തരമായി അനുവദിച്ചത്. നിലവിൽ പുസ്തകങ്ങൾ അച്ചടിച്ച വകയിൽ മാത്രം സർക്കാർ 300 കോടിയോളം രൂപ കെബിപിഎസിന് നൽകാനുണ്ടെന്നും ഇബ്രാഹിംകുട്ടി ചൂണ്ടിക്കാട്ടി. പുതിയതായി അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാരിനെ മനഃപൂർവ്വം പ്രതിസന്ധിയിലാക്കാൻ വേണ്ടി കെബിപിഎസ് മാനേജ്മെന്റ് സൃഷ്ടിച്ച കൃത്രിമ പ്രതിസദ്ധിയാണിതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ലക്ഷക്കണക്കിന് പുസ്തകങ്ങൾ ഇനിയും ബാക്കി

മെയ് 18 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആവശ്യമായ പാഠപുസ്തകങ്ങളുടെ 80 ശതമാനത്തോളം മാത്രമാണ് ഇതുവരെ അച്ചടിക്കാൻ കഴിഞ്ഞിട്ടുള്ളത്.

  • ആകെ അച്ചടിക്കേണ്ട പുസ്തകങ്ങൾ: 3,57,05,475
  • അച്ചടി പൂർത്തിയായത് (മെയ് 18 വരെ): 2,85,51,000 (79.96%)
  • ഇനിയും അച്ചടിക്കാനുള്ളത്: 71,54,476
  • ബൈൻഡിംഗ് പൂർത്തിയായത്: 2,48,95,000
  • ബൈൻഡിംഗ് ബാക്കിയുള്ളത്: ഒരുകോടിയോളം (1.08 കോടി)

കെബിപിഎസിലെ ആധുനിക യന്ത്രങ്ങൾ യാതൊരു തകരാറുമില്ലാതെ തുടർച്ചയായി പ്രവർത്തിച്ചാൽ പോലും ഒരു ദിവസം പരമാവധി 3 ലക്ഷം പുസ്തകങ്ങൾ മാത്രമേ ബൈൻഡിംഗ് പൂർത്തിയാക്കാൻ സാധിക്കൂ. ഈ കണക്കനുസരിച്ച് നിലവിലെ ബാക്കി ജോലികൾ തീർക്കാൻ മാത്രം ചുരുങ്ങിയത് 45 ദിവസത്തോളം സമയമെടുക്കും. അതിനുശേഷം മാത്രമേ ഇവ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനും കുട്ടികൾക്ക് വിതരണം ചെയ്യാനും സാധിക്കുകയുള്ളൂ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മുൻപ്, അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി 2025-26 അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ എല്ലാ സർക്കാർ സ്കൂളുകളിലും പുസ്തകങ്ങൾ എത്തിക്കുമെന്ന് അവകാശപ്പെട്ടിരുന്ന സ്ഥാനത്താണ് പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികൾ പുസ്തകമില്ലാതെ വലയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പുതിയ മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ വകുപ്പ് ആരാണ് കൈകാര്യം ചെയ്യുകയെന്നോ ഉള്ള ഔദ്യോഗിക പ്രഖ്യാപനം യുഡിഎഫ് ഇതുവരെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Follow Us