അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ 38-ാം വയസിൽ ഓർമയായി; മരണം അപൂർവ രോഗത്തിന് ഇന്ത്യയിൽ ചികിത്സയിലിരിക്കെ
Former Afghan fast bowler Shahpur Zadran dies: അഫ്ഗാൻ മുൻ ക്രിക്കറ്റ് താരം ഷാപൂർ സദ്രാൻ (38) അന്തരിച്ചു. രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരവും അപൂർവ്വവുമായ 'ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്' എന്ന അസുഖത്തെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു കാലത്ത് ആഫ്ഗാൻ ബൗളിങ്ങിന്റെ മുൻനിരക്കാരനായിരുന്നു ഇദ്ദേഹം.
ന്യൂഡൽഹി: അഫ്ഗാൻ മുൻ ക്രിക്കറ്റ് താരം ഷാപൂർ സദ്രാൻ (38) അന്തരിച്ചു. രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരവും അപൂർവ്വവുമായ ‘ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്’ (HLH Syndrome) എന്ന അസുഖത്തെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ആണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ മരണ വാർത്ത അറിയിച്ചിരിക്കുന്നത്. അഫ്ഗാൻ ടീമിലെ മുൻ ഫാസ്റ്റ് ബൗളറായ ഷാപൂർ സദ്രാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട പ്രമുഖനാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂറിന് ആദ്യമായി അസുഖം കണ്ടെത്തുന്നത്. തുടർന്ന് സഹോദരൻ ഘമായ് സദ്രാനും മുൻ ദേശീയ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാനുമൊപ്പം അദ്ദേഹം ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.
അപൂർവമായ രോഗത്തിന് കീഴടങ്ങി 38-ാം വയസിൽ ഓർമയായി മാറിയ ഷാപൂർ സദ്രാൻ ഒരു കാലത്ത് ആഫ്ഗാൻ ബൗളിങ്ങിന്റെ മുൻനിരക്കാരനായിരുന്നു. നീണ്ട മുടിയുമായി ഓടിയെത്തി പന്തെറിയുന്ന ഈ ഇടങ്കയ്യൻ പേസർ തന്റെ രാജ്യത്തെ നിരവധി ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. “അഗാധമായ ദുഃഖത്തോടുകൂടി മുൻ അഫ്ഗാനിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷാപൂർ സദ്രാന്റെ വിയോഗത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദുഃഖിക്കുന്നു,” എന്ന് എസിബി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
Also Read: സിംബാബ്‌വെ പര്യടനം ചീളുകേസ്; സഞ്ജുവിനെ ഒഴിവാക്കിയതല്ല; കാരണം മറ്റൊന്ന്
“അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ അടിത്തറ പാകിയ വ്യക്തികളിൽ ഒരാളായിരുന്നു ഷാപൂർ സദ്രാൻ, അദ്ദേഹത്തിന്റെ സമർപ്പണം, അഭിനിവേശം, പ്രതിബദ്ധത എന്നിവ രാജ്യത്ത് കളിയുടെ ഉയർച്ചയിലും വികാസത്തിലും നിർണായക പങ്ക് വഹിച്ചു. അഫ്ഗാനിസ്ഥാന്റെ ആദ്യകാല ക്രിക്കറ്റ് യാത്രയുടെ ഹൃദയഭാഗത്ത് നിൽക്കുകയും അഫ്ഗാൻ ക്രിക്കറ്റിനെ അന്താരാഷ്ട്ര വേദിയിലേക്ക് കൊണ്ടുവന്ന പാത കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്ത അഭിമാനകരമായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.” എന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് അനുസ്മരിച്ചു.
കരിയർ റെക്കോർഡ്
2009 മുതൽ 2020 വരെയുള്ള കാലയളവിൽ അഫ്ഗാനിസ്ഥാനായി 44 ഏകദിന മത്സരങ്ങളും 36 ട്വന്റി20 മത്സരങ്ങളും ഷാപൂർ സദ്രാൻ കളിച്ചിട്ടുണ്ട്. 2015-ലെ ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെതിരെ ആഫ്ഗാനിസ്ഥാൻ തങ്ങളുടെ ആദ്യ ലോകകപ്പ് വിജയം നേടിയപ്പോൾ വിന്നിങ് റൺസ് കുറിച്ചത് ഷാപൂർ സദ്രാൻ ആയിരുന്നു. ആ ലോകകപ്പിൽ 10 വിക്കറ്റുകളുമായി ടീമിന്റെ മുൻനിര വിക്കറ്റ് വേട്ടക്കാരനും അദ്ദേഹമായിരുന്നു.
2025-ലാണ് അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നീട് കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂർ സദ്രാൻ കടുത്ത അണുബാധ മൂലം ചികിൽസ തേടുന്നത്. ഇത് ക്ഷയരോഗമാകുകയും തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്തു. പിന്നീട് പല ഘട്ടങ്ങളിലായി അസുഖം വഷളായി. ജനുവരി മുതൽ ന്യൂഡൽഹിയിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്നു സദ്രാൻ.
“ഇതൊരു ഗുരുതരമായ അണുബാധയായിരുന്നു, അദ്ദേഹത്തിന്റെ ശരീരം മുഴുവൻ ടിബി (ക്ഷയം) ഉൾപ്പെടെയുള്ള അണുബാധ നിറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ തലച്ചോറിലേക്കും വ്യാപിച്ചു” എന്ന് സഹോദരൻ ഘമൈ സദ്രാൻ ഈ വർഷത്തിന്റെ തുടക്കത്തിൽ വെളിപ്പെടുത്തിയിരുന്നു. ചികിത്സയിൽ സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതോടെ മൂന്നാഴ്ചത്തേക്ക് അടുത്തുള്ള ഒരു ഹോട്ടലിലേക്ക് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞെങ്കിലും അണുബാധ വീണ്ടും ശക്തമായി തിരിച്ചെത്തുകയായിരുന്നു.
English Summary
Former Afghan cricketer Shahpur Zadran (38) has passed away. He was undergoing treatment at a hospital in Delhi after suffering from a serious and rare disease called ‘hemophagocytic lymphohistiocytosis’, which affects the immune system. The Afghanistan Cricket Board (ACB) announced Shahpur Zadran’s death on social media.