Career Crisis: ഭാവിയെക്കുറിച്ച് ചിന്തയില്ല, എത്തിപ്പെടുന്നത് ഇഷ്ടമില്ലാത്ത മേഖലയില്‍; ‘ഗതികേടി’ല്‍ യുവതലമുറ
Career planning crisis: കരിയര്‍ കൗണ്‍സിലിങിന്റെ പ്രാധാന്യം പലരും മനസിലാക്കുന്നില്ല. പത്ത് ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ വിദഗ്ദ്ധ കരിയർ ഉപദേശം ലഭിക്കുന്നുള്ളൂവെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഒരു പഠനത്തില്‍ കണ്ടെത്തിയത്
നിങ്ങള്‍ കുട്ടിക്കാലത്ത് സ്വപ്‌നം കണ്ടിരുന്ന ജോലിയാണോ ഇപ്പോള്‍ ചെയ്യുന്നത്? അല്ലെന്നാകും പലരുടെയും ഉത്തരം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, സാര്‍വത്രികമായ ഒരു പ്രശ്‌നമായി ഇത് മാറിയിരിക്കുന്നു. കരിയറിനെക്കുറിച്ച് വീണ്ടുവിചാരമില്ലാതെ മുന്നോട്ട് പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദഗ്ധ കരിയര്‍ ഉപദേശം ലഭിക്കാത്തതും, തെറ്റായ ഉപദേശങ്ങളില്‍ അകപ്പെടുന്നതും, ശരിയായി ചിന്തിക്കാത്തതുമൊക്കെയാണ് കാരണം.
കരിയര്‍ കൗണ്‍സിലിങിന്റെ പ്രാധാന്യം പലരും മനസിലാക്കുന്നില്ല. പത്ത് ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ വിദഗ്ദ്ധ കരിയർ ഉപദേശം ലഭിക്കുന്നുള്ളൂവെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഒരു പഠനത്തില്‍ കണ്ടെത്തിയത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്ന് സ്വകാര്യ സ്‌കൂളുകളിലെ 41 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും, സര്‍ക്കാര്‍ സ്‌കൂളിലെ 35 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ധാരണയില്ലെന്നും പഠനത്തില്‍ കണ്ടെത്തി.
കുടുംബാംഗങ്ങളുടെ നിര്‍ദ്ദേശം, സാമൂഹിക സമ്മര്‍ദ്ദം തുടങ്ങിയ പല കാരണങ്ങളാണ് വിദ്യാര്‍ത്ഥികളെ പിന്നോട്ടടിക്കുന്നത്. ഒരിക്കലും ആഗ്രഹിക്കാത്ത റോളുകളിലേക്കാണ് പലരും എത്തിപ്പെടുന്നത്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം അത് ചെയ്യേണ്ടിവരുന്നു.
കസിന്‍സ്, ബന്ധുക്കള്‍, കുടുംബ സുഹൃത്ത്, അമ്മാവന്‍മാര്‍ തുടങ്ങിയവരുടെ ഉപദേശം പലര്‍ക്കും ആശ്രയിക്കേണ്ടി വരുന്നു. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ മാത്രമേ ജീവിതം രക്ഷപ്പെടൂവെന്ന ചിന്തയിലേക്ക് പലരും എത്തിപ്പെടുന്നു. ഭാഗ്യവാന്മാര്‍ക്ക് മാത്രമാണ് പ്രൊഫഷണല്‍ മാര്‍ഗനിര്‍ദ്ദേശം ലഭിക്കുന്നത്.
ഒടുവില്‍, ഇഷ്ടപ്പെട്ട ജോലി കിട്ടാതെ, കിട്ടിയ ജോലി കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും. അതും സാധിച്ചില്ലെങ്കില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് ജീവിക്കേണ്ടി വരുമെന്നതാണ് ദുരവസ്ഥ. ഇന്ത്യൻ ജീവനക്കാരിൽ 14 ശതമാനം പേർ മാത്രമാണ് തങ്ങള്‍ക്ക് പുരോഗതിയുണ്ടാകുന്നതായി കണക്കാക്കുന്നതെന്ന് ഗാലപ്പ് 2024 ലെ സ്റ്റേറ്റ് ഓഫ് ദി ഗ്ലോബൽ വർക്ക്‌പ്ലേസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also Read: GATE Registration 2026: ഗേറ്റ് രജിസ്ട്രേഷൻ തീയതി നീട്ടി; വിശദവിവരങ്ങൾ അറിയാൻ പരിശോധിക്കൂ
ഇത് ആഗോള ശരാശരിയായ 34 ശതമാനത്തേക്കാൾ വളരെ താഴെയാണ്. കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ സംഭവിക്കുന്ന പാളിച്ചകളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത് ലഭിക്കുന്ന തൊഴിലിനോടുള്ള അതൃപ്തിക്കും കാരണമാകുന്നു. സ്വന്തം താല്‍പര്യത്തെക്കാള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളാണ് പലരുടെയും കരിയര്‍ നിശ്ചയിക്കുന്നത്. രാജ്യത്തെ ബിരുദധാരികളില്‍ പകുതിയോളം പേര്‍ക്കും ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് പാലിക്കാന്‍ കഴിയുന്നില്ലെന്നാണ് വിവിധ സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.