U-Shaped Seating in Classrooms: ‘കയ്യടിക്കായി മലയാള സിനിമ കോപ്പിയടിക്കരുത്’; ബാക്ക് ബെഞ്ച് പരിഷ്കാരത്തിൽ എതിര്‍പ്പുമായി എഐഎഡിഎംകെ
Tamil Nadu U Shaped Classroom Seating: പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റികൊണ്ടാണ് സർക്കാർ പുതിയ പരിഷ്കാരം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളുകളിലെ ക്ലാസ്മുറികളിൽ പുതുതായി നടപ്പാക്കുന്ന ബാക്ക് ബെഞ്ച് പരിഷ്കാരത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷം. കയ്യടിക്കായി മലയാള സിനിമ കോപ്പിയടിക്കരുതെന്ന് എഐഎഡിഎംകെ വിമർശിച്ചു. കുട്ടികളുടെ ആരോഗ്യം വെച്ച് കളിക്കരുതെന്നും സർക്കാരിൻറേത് തിടുക്കപ്പെട്ടുള്ള നടപടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
കുട്ടികളുടെ കണ്ണും കഴുത്തും വേദനിക്കുമെന്ന് അറിയാതെയാണോ സർക്കാരിന്റെ പുതിയ പരിഷ്കാരങ്ങളെന്ന് എഐഎഡിഎംകെ നേതാക്കൾ ചോദിച്ചു. ഓരോ സിനിമയുടെ റിവ്യൂവും നോക്കി ഇത്തരം തീരുമാനങ്ങളിലേക്ക് സർക്കാർ എത്തിചേരരുതെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. ക്ലാസ് റൂമുകളിലെ ഇരിപ്പിട പരിഷ്കരണത്തിനെതിരെ ബിജെപിയും രംഗത്തെത്തി. അശാസ്ത്രീയമായ പരിഷ്കാരമാണിതെന്ന് ബിജെപി നേതാവ് ഡോ. തമിഴിസൈ സൗന്ദർരാജൻ അഭിപ്രായപ്പെട്ടു. മലയാള സിനിമ കണ്ട് തിടുക്കത്തിൽ തീരുമാനമെടുക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റികൊണ്ടാണ് സർക്കാർ പുതിയ പരിഷ്കാരം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. ഇതുസംബന്ധിച്ച സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന മലയാള സിനിമയിലെ രംഗങ്ങളാണ് പുതിയ ഇരിപ്പിട പരിഷ്കാരത്തിന് പ്രചോദനമായത്. സിനിമ തമിഴ്നാട്ടിലും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.
ALSO READ: നാഷണൽ ആയുഷ് മിഷനിൽ നിരവധി തസ്തികകളിൽ അവസരം; ഒഴിവുകൾ മലപ്പുറത്ത്
പുതിയ ഇരിപ്പിട ക്രമീകരണം നടപ്പിലാകുന്നതോടെ തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സും ഫ്രണ്ട് ബെഞ്ചേഴ്‌സും ഉണ്ടാവില്ല. എല്ലാ വിദ്യാർത്ഥികളും ഒരു പോലെ മുൻനിരയിലാണ് ഇരിക്കുക. സർക്കാരിന്റെ തീരുമാനത്തെ നിരവധി പേർ സ്വാഗതം ചെയ്‌തെങ്കിലും ഇതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയവരും ഉണ്ട്. അതേസമയം, ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കേരളത്തിലെ ചില സ്‌കൂളുകളിലും പുതിയ ഇരിപ്പിട ക്രമീകരണം നടപ്പിലാക്കിയിട്ടുണ്ട്.