UPSC CDS Exam 2025: ഡിഗ്രി കഴിഞ്ഞവരാണോ? കംബൈൻഡ് ഡിഫൻസ് സർവീസിൽ അവസരം, 453 ഒഴിവുകൾ
UPSC CDS II Exam 2025 Applications Now Open: മിലിട്ടറി അക്കാദമിയിലേക്ക് നേവൽ അക്കാദമിയിലേക്കും പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. അതേസമയം, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് വനിതകൾക്കും അപേക്ഷിക്കാം.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (II) 2025ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 14നായിരിക്കും പരീക്ഷ നടക്കുക. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലേക്കാണ് നിയമനം. ആകെ 453 ഒഴിവുകളാണ് ഉള്ളത്.
ഇതിൽ ഏഴിമല നാവിക അക്കാദമിയിലാണ് 26 ഒഴിവുകൾ ഉള്ളത്. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് വനിതകൾക്കും അപേക്ഷിക്കാം. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 2026 ഒക്ടോബറിലാണ് കോഴ്സ് ആരംഭിക്കുക. മറ്റ് കേന്ദ്രങ്ങളിൽ 2026 ജൂലായിൽ കോഴ്‌സ് തുടങ്ങും. എൻസിസി-സി സർട്ടിഫിക്കറ്റ് ഉള്ളവർക്കായി നിശ്ചിത എണ്ണം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.
അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബിരുദം/ തത്തുല്യം നേടിവയർക്ക് മിലിട്ടറി അക്കാദമി/ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് എൻജിനിയറിങ് ബിരുദം നേടിയവർക്ക് നേവൽ അക്കാദമിയിലേക്ക് അപേക്ഷിക്കാം. ഫിസിക്സും മാത്തമാറ്റിക്സും ഉൾപ്പെട്ട പ്ലസ്‌ടുവിന് ശേഷം അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കും എൻജിനീയറിങ് ബിരുദം നേടിയവർക്കും എയർഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കാം.
ALSO READ: നീറ്റ് പിജി മാറ്റിവെച്ചതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ , പരാതി പറയുന്നത് സോഷ്യൽ മീഡിയയിലൂടെ
മിലിട്ടറി അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. അതേസമയം, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് വനിതകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളതും താത്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്.
2007 ജനുവരി 1നും 2010 ജനുവരി 1നും ജനിച്ച അവിവാഹിതർക്കാണ് അപേക്ഷിക്കാനാവുക. 100 രൂപയാണ് അപേക്ഷ ഫീസ്. സംവരണ വിഭാഗത്തിന് ഫീസ് ഇല്ല. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 17 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.