Haryana, Jammu Kashmir Election Result 2024 Today: എക്സിറ്റാകുമോ ബിജെപി; ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ഇന്ന്
Election Results: ഹരിയാനയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നും ജമ്മു കശ്മീരിൽ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂഡൽഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭിക്കും. 10 മണിയോടെ രണ്ടിടങ്ങളിലേയും ചിത്രം തെളിയും. ഹരിയാനയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നും ജമ്മു കശ്മീരിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഹരിയാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, കുമാരി ഷെൽജ എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ജമ്മു കശ്മീരിലും ഇരുമുന്നണികളുടെയും നീക്കങ്ങൾ സജീവമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ഹരിയാന ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്. ഇരു സംസ്ഥാനങ്ങളിലേയും 90 വീതം നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സർക്കാർ രൂപീകരിക്കാൻ കേവല ഭൂരിപക്ഷമായ 46 സീറ്റുകൾ വേണം. മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ജമ്മുകശ്മീരിൽ 63.45 ശതമാനം പോളിംഗും ഹരിയാനയിൽ 67.90 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിൽ തൂക്കുമന്ത്രി സഭയ്ക്കുള്ള സാധ്യതകളും സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്. സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യത്തിന് പ്രതിസന്ധി നേരിട്ടാൽ പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നാണ് പിഡിപി കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.
തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യത തെളിഞ്ഞാൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ നിലപാടും അഞ്ച് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ലഫ്റ്റനന്റ് ഗവർണറുടെ നിലപാടും അദ്ദേഹത്തിന്റെ സവിശേഷാധികാരവുമെല്ലാം നിർണായക ഘടകങ്ങളാകും. എക്സിറ്റ് പോൾ ഫലങ്ങളെ പാടേ തള്ളുന്ന ബിജെപി അവസാന ഘട്ടത്തിലും സർക്കാർ രൂപീകരിക്കുമെന്ന പ്രതീക്ഷകൾ കെെവിടുന്നില്ല. ഹരിയാനയിൽ 15 മുതൽ 35 വരെ സീറ്റുകൾ മാത്രമേ ബിജെപിയ്ക്ക് ലഭിക്കൂ എന്നാണ് വിവിധ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജമ്മു മേഖലയിൽ ബിജെപിക്കും കശ്മീർ താഴ്വരയിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യത്തിനുമാണ് സർവ്വേ ഫലങ്ങളിൽ മുൻതൂക്കം.
കർഷക പ്രക്ഷോഭം, ഗുസ്തിതാരങ്ങളുടെ സമരം, ഏറ്റവുമൊടുവിൽ അമിത് ഷായുടെ യോഗത്തിൽ നിന്നിറങ്ങി കോൺഗ്രസ് ക്യാമ്പിലെത്തിയ അശോക് തൻവറിന്റെ നീക്കമടക്കം തിരിച്ചടിയാകാൻ സാധ്യതയുള്ള പലഘടകങ്ങളും ഹരിയാനയിൽ ബിജെപിയുടെ മുന്നിലുണ്ട്. 10 വർഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്ന കശ്മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ.