Swetha Menon: ‘ചിന്തിക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്നു, നിന്റെ പേര് നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം’; ശ്വേതയ്ക്ക് പിന്തുണയുമായി റഹ്മാൻ
Rahman Supports Shweta Menon Amid Controversies: ആരോപണങ്ങൾ ആസൂത്രിതമാണെന്നും ശ്വേതയുടെ പേര് നശിപ്പിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് തടയുകയാണ് ലക്ഷ്യമിടുന്നതെന്നും റഹ്മാൻ പറഞ്ഞു.

റഹ്മാൻ, ശ്വേത മേനോൻ
താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിനെ ചുറ്റിപറ്റി നടക്കുന്ന വിവാദങ്ങൾക്കിടെ ശ്വേത മേനോന് പിന്തുണയുമായി നടൻ റഹ്മാൻ. ആരോപണങ്ങൾ ആസൂത്രിതമാണെന്നും ശ്വേതയുടെ പേര് നശിപ്പിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് തടയുകയാണ് ലക്ഷ്യമിടുന്നതെന്നും റഹ്മാൻ പറഞ്ഞു. ‘അമ്മ’ അസോസിയേഷന് മികച്ചൊരു പ്രസിഡന്റായിരിക്കും ശ്വേത എന്നും നടൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
മൂന്ന് പതിറ്റാണ്ട് കാലമായി ശ്വേതയെ തനിക്കറിയാമെന്നും, ഒരാളുടെ സ്വഭാവം മനസിലാക്കാൻ ആ സമയം മതിയെന്നും റഹ്മാൻ പറയുന്നു. ഇപ്പോൾ നടക്കുന്നത് വെറും വിവരക്കേടാണെന്നും, ഈ വൃത്തികെട്ട പ്രവൃത്തിയ്ക്ക് പിന്നിലുള്ളവരെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്നുവെന്നും നടൻ കുറിച്ചു. ഇത്തരം വൃത്തികെട്ട കളികൾ രാഷ്ട്രീയത്തിൽ പതിവാണെങ്കിലും സിനിമ ഇൻഡസ്ട്രിയിലും സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കുറേക്കൂടി നേരത്തെ വിഷയത്തിൽ പ്രതികരിക്കാതിരുന്നതിന് റഹ്മാൻ ക്ഷമയും ചോദിക്കുന്നുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നതിനാലാണ് പ്രതികരിക്കാൻ വൈകിയത്. എന്നാൽ, താൻ ഏത് പക്ഷത്താണെന്ന് പൊതുജനം അറിയണം. ചില മാധ്യമങ്ങൾ തന്റെ വാക്ക് വളച്ചൊടിച്ചേക്കും. എങ്കിലും താൻ അതൊന്നും കാര്യമാകുന്നില്ലെന്നും റഹ്മാൻ പറഞ്ഞു.
“ശ്വേത നീ നിന്റെ മനോധൈര്യം കൈവിടരുത്. ഈ നിലയിലേക്ക് എത്താൻ നീ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് അറിയാം. ആരുടേയും സഹായമില്ലാതെ, കഠിനാധ്വാനവും കരുത്തും കൊണ്ടാണ് നീ ഇവിടെ വരെ എത്തിയത്. കൊടുങ്കാറ്റിനേക്കാൾ കരുത്തുണ്ട് നിനക്ക്. നിന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർ ഒരുനാൾ തങ്ങളുടെ പ്രവൃത്തിയുടെ അനന്തരഫലം അനുഭവിക്കും. മലയാളം ആർട്ടിസ്റ്റുകളുടെ അസോസിയേഷന് നീയൊരു മികച്ച പ്രസിഡന്റാകും എന്നതിൽ യാധൊരു സംശയവുമില്ല. നിനക്കൊപ്പം പരിപൂർണ പിന്തുണയുമായി ഞാനുമുണ്ട്.” എന്നും റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.