Venkitesh: ‘കേരളമാണ് നാട്, നിങ്ങൾക്ക് വെങ്കി എന്നു വിളിക്കാം’; ‘കിങ്ഡം’ പ്രീ റിലീസ് ചടങ്ങിൽ കയ്യടി വാങ്ങി വെങ്കിടേഷ്
Venkitesh's Speech at Kingdom Pre Release Event: കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്. ട്രെയിലർ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് നടൻ വെങ്കിടേഷ്. ചിത്രത്തിൽ വില്ലൻ കഥാപാത്രമാണ് വെങ്കി അവതരിപ്പിക്കുന്നത്.
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ്‌ഡം’. സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്. ട്രെയിലർ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് നടൻ വെങ്കിടേഷ്. ചിത്രത്തിൽ വില്ലൻ കഥാപാത്രമാണ് വെങ്കി അവതരിപ്പിക്കുന്നത്. ഹൈദരാബാദിൽ നടന്ന പ്രീ റീലീസ് ചടങ്ങിലെ വെങ്കിയുടെ പ്രസംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘കേരളമാണ് നാട്, നിങ്ങൾക്ക് വെങ്കി എന്നു വിളിക്കാം’ എന്ന് പറഞ്ഞുകൊണ്ടാണ് വെങ്കിയുടെ പ്രസംഗം തുടങ്ങുന്നത്. തനിക്ക് ആദ്യമായി കാരവൻ ഡോർ തുറക്കപ്പെട്ടു സിനിമയാണിതെന്നും ഒമ്പത് വർഷമെടുത്തു ഇവിടെ ഇതുപോലെ വന്ന് നിൽക്കാൻ എന്നും വെങ്കിടേഷ് പറയുന്നു. ഒരു നായകൻ ആകണം എന്ന സ്വപ്നം കൊണ്ടാണ് താടിയും മീശയും എല്ലാം ഒതുക്കി വന്നതെന്നും, താനിതു വരെ ചെയ്ത സിനിമകളിൽ വെച്ച് വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് കിട്ടിയതെന്നും വെങ്കിടേഷ് പറഞ്ഞു.
“എനിക്കു വേണ്ടി ഒരു കാരവാൻ ഡോർ തുറക്കപ്പെട്ട ആദ്യ സിനിമയാണിത്. വളരെ സാധാരണ ചുറ്റുപാടിൽ നിന്നും വരുന്നത് കൊണ്ടുതന്നെ ഈ ജീവിതത്തോടും ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്. ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് വലിയൊരു നന്ദി. സിനിമ നന്നായി വരട്ടെ. ഇനിയും ഇതേ പ്രൊഡക്ഷൻ കമ്പനിക്കൊപ്പം എനിക്ക് പ്രവർത്തിക്കാൻ കഴിയട്ടെ. അവർക്കൊപ്പം നായകനായി എത്താനും എനിക്ക് അവസരം ലഭിക്കട്ടെ. ഒരു നായകനാകണം എന്നതാണ് എന്റെ ആഗ്രഹം. അതിന് വേണ്ടിയാണ് താടിയും മീശയും എല്ലാം ഒതുക്കി ഈ രൂപത്തിൽ ഞാൻ വന്നത്. ഇവിടെ എത്തിയിരിക്കുന്ന സംവിധായകരും നിർമാതാക്കളും എന്നെ പരിഗണിക്കുമല്ലോ? നിങ്ങൾ എന്നെ പരിഗണിക്കണം. ഈ സിനിമയിൽ ഡബ് ചെയ്തിരിക്കുന്നതും ഞാൻ തന്നെയാണ്” വെങ്കിടേഷ് പറഞ്ഞു.
ALSO READ: അർജുൻ റെഡ്ഡിയല്ല ഇതൊരു മാസ്സ് ലുക്ക്, കിംഗ്ഡം സിനിമാരംഗത്തെ പിടിച്ചു കുലുക്കുമെന്ന് ആരാധകർ
സിനിമാക്കാർ സ്ഥിരം നേരിടുന്നൊരു ചോദ്യം താനും നേരിട്ടിട്ടുണ്ടെന്നും വെങ്കിടേഷ് പറയുന്നു. സിനിമയൊന്നുമില്ലേ? എന്താണ് സിനിമ ഇല്ലാത്തത്? തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചവരോട് താൻ ഒരു തമിഴ് സിനിമ ചെയ്തുവെന്ന് പറഞ്ഞു. അപ്പോൾ ചോദിക്കും മലയാളത്തിൽ ഒന്നുമില്ലേയെന്ന്. അടുത്ത സിനിമയേതാണെന്ന് ചോദിച്ചപ്പോൾ തെലുങ്ക് സിനിമയാണ്, വിജയ് ദേവരകൊണ്ടയുടെ സിനിമയാണ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ എല്ലാവരും അമ്പരന്നു. ഉടനെ നല്ല സിനിമയാണോ, നല്ല റോൾ ആണോ എന്ന അടുത്ത ചോദ്യമെത്തിയെന്നും വെങ്കി കൂട്ടിച്ചേർത്തു.
വിജയ് ദേവരകൊണ്ടയെ കുറിച്ചും വെങ്കിടേഷ് സംസാരിച്ചിരുന്നു. തന്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്ത് തന്നെ കുറിച്ച് ഒരുപാടു നല്ല വാക്കുകൾ അദ്ദേഹം കുറിച്ചുവെന്നും, ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും കിട്ടിയ പ്രതികരണത്തേക്കാൾ വലിയ സ്വീകാര്യതയാണ് ആ ക്യാരക്ടർ പോസ്റ്ററിലൂടെ തനിക്ക് ലഭിച്ചതെന്നും വെങ്കിടേഷ് പറഞ്ഞു.