Sai Pallavi: ‘ഇന്ത്യൻ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീരകരരായാണ് കാണുന്നത്’; സായ് പല്ലവിയുടെ പഴയ അഭിമുഖം വിവാദമാകുന്നു
Actress Sai Pallavi India-Pakistan Controversy Comment: ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള പാകിസ്താനറെ കാഴ്ചപ്പാടിനെ കുറിച്ചാണ് നടി പറഞ്ഞതെന്നും, അവരുടെ വാക്കുക്കൾ വളച്ചൊടിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും ചിലർ പറയുന്നു.

നടി സായ് പല്ലവി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇപ്പോൾ വലിയ വിവാദമാവുകയാണ്. നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. 2022-ൽ വിരാടപർവ്വം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, നടി ഇന്ത്യൻ സൈന്യത്തെ കുറിച്ച് നടത്തിയ പരാമർശമാണ് വീണ്ടും ചർച്ചയാകുന്നത്. നിതീഷ് തിവാരിയുടെ സംവിധാനത്തിൽ സായ് പല്ലവി സീതയെ അവതരിപ്പിക്കുന്ന രാമായണത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ വിവാദം ഉയർന്ന് വന്നിരിക്കുന്നത്.
ഇന്ത്യൻ ജനത പാകിസ്താനിലെ ജനങ്ങളെയും, പാകിസ്ഥാൻ ജനത ഇന്ത്യയിലെ ജനങ്ങളെയും ഭീകരരായാണ് കാണുന്നതെന്നാണ് അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞത്. ഒരു തരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ചടുത്തോളം ശരിയല്ലെന്നും, അതിലൂടെ പ്രശ്‍നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും നടി പറഞ്ഞു. നക്സലുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
2022-ലെ ഈ പഴയ വീഡിയോ വീണ്ടും ആരോ സമൂഹമാധ്യത്തിൽ ഇപ്പോൾ പങ്കുവെക്കുകയായിരുന്നു. അത് ഞൊടിയിടയിൽ തന്നെ വൈറലായതോടെയാണ് സായ് പല്ലവിക്കെതിരെ വിമർശനവുമായി ആളുകൾ രംഗത്തെത്തിയത്. എന്നാൽ, നടിയുടെ ഉദ്ദേശശുദ്ധി മനസിലാക്കാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉയർത്തുന്നതെന്ന് ചിലർ വാദിക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള പാകിസ്താനറെ കാഴ്ചപ്പാടിനെ കുറിച്ചാണ് നടി പറഞ്ഞതെന്നും, അവരുടെ വാക്കുക്കൾ വളച്ചൊടിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും ചിലർ പറയുന്നു.
ഇതേ വിരാടപർവ്വം ചിത്രത്തിന്റെ പ്രൊമോഷനിടയിൽ നടി നടത്തിയ വേറൊരു പരാമർശവും അന്ന് വലിയ ചർച്ചയായിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്നുമായിരുന്നു സായ് പല്ലവി അന്ന് പറഞ്ഞത്. ഞാൻ വളർന്നു വന്നത് ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നുമല്ലെന്നും, അതിനാൽ ഇടത് വലത് എന്ന് കേട്ടിട്ടുണ്ടെങ്കിലും ഏതാണ് ശരിയെന്ന് അറിയില്ലെന്നും നടി പറഞ്ഞിരുന്നു.
നിതീഷ് തിവാരിയുടെ രാമായണത്തിൽ രാമനാവുന്നത് രൺബീർ കപൂറാണ്. യഷ് ആണ് രാവണനായെത്തുന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വന്നിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഷൂട്ടിങ് ആരംഭിച്ചിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾക്കകം തന്നെ ഷൂട്ടിങ് നിന്നുപോയി. സിനിമ താത്കാലികമായി നിർത്തിയതാണെന്നും ഉപേക്ഷിച്ചിട്ടില്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.