Surabhi Lakshmi: പേരിൽ മാറ്റം വരുത്തി നടി സുരഭി ലക്ഷ്മി; മാറ്റത്തിന് പിന്നിലെ കാരണം ഇതാണ്
Surabhi Lakshmi Name Change: രാംദാസ് മേനോൻ എന്ന സംഖ്യാശാസ്ത്ര വിദഗ്ദൻ പറഞ്ഞത് പ്രകാരമാണ് താൻ പേരിലെ അക്ഷരങ്ങളിൽ മാറ്റം വരുത്തിയതെന്ന് നടി സുരഭി ലക്ഷ്മി പറഞ്ഞു. പണ്ട് നടൻ വിക്രം, ചിയാൻ വിക്രം എന്ന് പേര് മാറ്റിയത് പോലെ വലിയ മാറ്റമൊന്നുമില്ല എന്റെ ഈ പേര് മാറ്റം എന്നും നടി വ്യക്തമാക്കി.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ താരം തന്റെ പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ്. സമൂഹ മാധ്യമ അക്കൗണ്ടുകളിലെ പേരിലാണ് നടി മാറ്റം വരുത്തിയത്. ‘Surabhi Lakshmi’ എന്ന തന്റെ പേരിലെ സ്പെല്ലിങ്ങിൽ മാറ്റം വരുത്തി പകരം ‘Surabhi Lakkshmi’ എന്നാക്കി. അതായത് പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ‘k’ എന്നൊരു അക്ഷരം കൂടി നടി ചേർത്തിരിക്കുകയാണ്. ഇതിന് പിന്നിലെ രസകരമായ കാരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമ ഓൺലൈനിനോടാണ് നടി പേര് മാറ്റത്തിനുള്ള കാരണം വെളിപ്പെടുത്തിയത്.
പേരിനൊരു കനം വരുത്താൻ ആണ് ഈ പുതിയ മാറ്റം എന്നാണ് നടി പറയുന്നത്. സംഖ്യാശാസ്ത്രം അനുസരിച്ച് സുരഭി എന്ന പേരിന് ഒരു പവർ കുറവുണ്ടെന്ന് തന്റെ സുഹൃത്ത് പറഞ്ഞതായും, ആദ്യമൊന്നും പേരിൽ മാറ്റം വരുത്താൻ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും. ഒരു സംഖ്യാശാസ്ത്ര വിദഗ്‌ധൻ പറഞ്ഞത് പ്രകാരം പിന്നീട് മാറ്റം വരുത്തുകയായിരുന്നു എന്നും നടി പറഞ്ഞു.
“സുരഭിയുടെ പേരിന് ഒരു പവർ കുറവുണ്ടെന്നും സംഖ്യാശാസ്ത്രം നോക്കി അത് ശരിയാക്കാം എന്നും എന്റെ സുഹൃത്ത് മധു ശങ്കർ ഒരിക്കൽ എന്നോട് പറഞ്ഞു. ഈ പേരും വെച്ചാണല്ലോ ഞാൻ ദേശീയ പുരസ്കാരമൊക്കെ വാങ്ങിയത് എന്ന് പറഞ്ഞപ്പോൾ, ഇനി പേര് മാറ്റിയിട്ട് വല്ല ഓസ്കർ അവാർഡോ മറ്റോ കിട്ടിയാലോ എന്ന് അവൻ പറഞ്ഞു. അപ്പോൾ എനിക്കും ഒരു കൗതുകം തോന്നി. പിന്നെ ഇത്രയും കാലം എന്റെ കൂടെ ഉണ്ടായിരുന്ന പേരായത് കൊണ്ട് തന്നെ അത് മാറ്റാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. അങ്ങനെ രാംദാസ് മേനോൻ എന്ന സംഖ്യാശാസ്ത്ര വിദഗ്ദൻ പറഞ്ഞത് പ്രകാരം പേരിലെ ലക്ഷ്മിയിൽ ഒരു ‘k’ മാത്രം അധികം ചേർക്കാൻ തീരുമാനിച്ചു. ഇപ്പോൾ പേരിൽ ഒരു കനം വന്നു” സുരഭി ലക്ഷ്മി പറഞ്ഞു.
എന്നാൽ ഇപ്പോൾ ഹിറ്റായി മാറിയ സിനിമകൾ ഒക്കെ താൻ പേരിന് മാറ്റം വരുത്തുന്നതിന് മുൻപ് ചെയ്തതാണെന്നും നടി പറഞ്ഞു. ഒന്നര വർഷമൊക്കെ കഴിഞ്ഞാലേ ഈ പേര് മാറ്റം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ ഇല്ലയോ എന്ന് പറയാൻ സാധിക്കൂ. ഇനി അഥവാ ഒരു മാറ്റവും സംഭവിച്ചില്ലെങ്കിൽ തന്നെ ഒരു ‘k’ തന്നെയല്ലേ, അത് എടുത്ത് മാറ്റിയാലും പേരിൽ വ്യത്യാസം ഒന്നും വരില്ലലോ. പണ്ട് നടൻ വിക്രം, ചിയാൻ വിക്രം എന്ന് പേര് മാറ്റിയത് പോലെ വലിയ മാറ്റമൊന്നുമില്ല എന്റെ ഈ പേര് മാറ്റം എന്നും സുരഭി വ്യക്തമാക്കി.
സുരഭി ലക്ഷ്മിക്ക് പുറമെ നടി ലെന, നടൻ സുരേഷ് ഗോപി തുടങ്ങിയവരും അടുത്തിടെ പേരിൽ മാറ്റം വരുത്തിയിരുന്നു. ലെന തന്റെ പേരിൽ ഒരു ‘a’ കൂടി ചേർത്ത് ‘Lenaa’ എന്നാക്കി. ജൂത സംഖ്യാശാസ്ത്ര പ്രകാരമാണ് താൻ സ്പെല്ലിങ്ങിൽ മാറ്റം വരുത്തിയതെന്ന് നടി പറഞ്ഞിരുന്നു. സുരേഷ് ഗോപിയും തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലെ പേരിൽ മാറ്റം വരുത്തിയിരുന്നു. പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ഒരു ‘s’ കൂടി ചേർത്ത് ‘Suressh Gopi’ എന്നാക്കി മാറ്റി. ഇതിന് മുൻപ് നടൻ ദിലീപും ഇത്തരത്തിൽ പേരിൽ മാറ്റം വരുത്തിയിരുന്നു. ‘Dileep’ എന്നതിന് പകരം നടൻ പേര് ‘Dilieep’ എന്നാക്കി.