Aishwarya Lekshmi: ‘പ്രണയവും വിവാഹവും എനിക്ക് പറ്റുന്നതാണെന്ന് തോന്നിയിട്ടില്ല, മറ്റുള്ളവരുടെ കല്യാണം കൂടാൻ ഇഷ്ടമാണ്’; ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi on Marriage: വിവാഹത്തോട് താത്പര്യമില്ലെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ, അടുത്തിടെ നൽകിയ അഭിമുഖത്തിലും താരം ഇതേകുറിച്ച് സംസാരിക്കുന്നുണ്ട്.

ഐശ്വര്യ ലക്ഷ്മി
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ഐശ്വര്യ ലക്ഷ്മി. 2017ൽ അൽത്താഫ് സലിം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടി പിന്നീട് ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം സജീവമാണ്. ‘പൊന്നിയിൻ സെൽവൻ’, ‘ഗാട്ട ഗുസ്തി’ എന്നിവ ഉൾപ്പടെയുള്ള ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തോട് താത്പര്യമില്ലെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ, അടുത്തിടെ നൽകിയ അഭിമുഖത്തിലും താരം ഇതേകുറിച്ച് സംസാരിക്കുന്നുണ്ട്. ഏത് വിവാഹ ബന്ധത്തിലായാലും ഒരാളുടെ വളർച്ച നിശബ്ദമായെങ്കിലും ബാധിക്കപ്പെടുന്നുണ്ടെന്ന് നടി പറയുന്നു. പത്തു ശതമാനം പുരുഷന്മാർ പങ്കാളിയുടെ വളർച്ചയ്‌ക്കൊപ്പം നിൽക്കും. എന്നാൽ, എല്ലാവരും വിവാഹം ഒരു അഡ്ജസ്റ്റ്മെന്റ് ആണെന്ന് പഠിപ്പിക്കുന്നത് പെൺകുട്ടികളെയാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
എന്റെ ഇതേ രീതിയിൽ തന്നെ ചിന്തിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. ഒറ്റയ്ക്കല്ല എന്നൊരു തോന്നലാണ് തനിക്ക് അപ്പോൾ കിട്ടുന്നത്. ഒറ്റയ്ക്കാവുമ്പോൾ ആണല്ലോ ഇത് നമുക്ക് ഭാരമാകുന്നത് എന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് അമ്മമാരോട് ചോദിക്കാത്ത പെണ്മക്കൾ കുറവായിരിക്കും. തന്റെ അമ്മയോടും താൻ ഇത് ചോദിച്ചിട്ടുണ്ടെന്ന് നടി പറയുന്നു. ഇതൊക്കെ മനസിലാക്കുന്ന നമ്മൾ എന്തിനാണ് ചുമക്കാൻ കഴിയാത്ത ഭാരം എടുത്ത് തോളിൽ വൈകുന്നതെന്നും ഇതൊക്കെ അനുഭവിച്ച അമ്മമാർ എന്തിനാണ് പെണ്മക്കളോട് വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നതെന്നും ഐശ്വര്യ ലക്ഷ്മി ചോദിക്കുന്നു.
താൻ സ്വയം മനസിലാക്കിയടുത്തോളം പ്രണയും വിവാഹവും തനിക്ക് പറ്റുന്ന ഒന്നല്ലെന്നും നടി പറയുന്നുണ്ട്. എന്നാൽ, തനിക്ക് മറ്റുള്ളവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇഷ്ടമാണ്. തന്റെ തീരുമാനങ്ങൾ തന്റേത് മാത്രമാണ്. അത് മറ്റുള്ള ആരെയും സന്തോഷിപ്പിക്കാൻ വേണ്ടിയല്ല എന്നും നമ്മുടെ ഇഷ്ടങ്ങൾ മറ്റൊരാൾക്ക് വേണ്ടി മാറ്റിവെച്ചു ജീവിക്കേണ്ട കാര്യമുണ്ടോ എന്നും ഐശ്വര്യ ലക്ഷ്മി ചോദിച്ചു.