Ajmal Ameer: ‘ഇതൊക്കെ എഐയുടെ കളികളാ’; വൈറൽ വിഡിയോ കോളിൽ വിശദീകരണവുമായി അജ്മൽ അമീർ
Ajmar Ameer About Viral Video Call: വൈറൽ വിഡിയോ കോൾ വിവാദത്തിൽ വിശദീകരണവുമായി അജ്മൽ അമീർ. കഴിഞ്ഞ ദിവസമാണ് താരത്തിൻ്റെ വിഡിയോ കോളെന്ന പേരിൽ ഒരു ക്ലിപ്പ് പുറത്തുവന്നത്.
വൈറൽ വിഡിയോ കോളിൽ വിശദീകരണവുമായി നടൻ അജ്മൽ അമീർ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വോയിസ് ക്ലിപ്പാണ് പ്രചരിക്കുന്നതെന്ന് അജ്മൽ അമീർ തൻ്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു. യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്ന അജ്മൽ അമീറിൻ്റെ വോയിസ് ക്ലിപ്പാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
“ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറിയ്ക്കോ ഒരു എഐ വോയിസ് ഇമിറ്റേഷനോ ബ്രില്ല്യൻ്റ് എഡിറ്റിംഗിനോ എന്നെയോ എൻ്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ല. ഇതിലും വലിയ രണ്ട് ഇൻഡസ്ട്രികളിൽ പോയിട്ട് പ്രൂവ് ചെയ്ത്, സർവശക്തൻ്റെ മാത്രം അനുഗ്രഹം കൊണ്ട് സർവൈവ് ചെയ്തുപോകുന്ന ഒരു വ്യക്തിയാണ് ഞാൻ. കൃത്യമായിട്ട് ഒരു മാനേജറില്ല, പിആർ ടീമില്ല, കൃത്യമായിട്ടുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളില്ല. പണ്ടെപ്പഴോ എൻ്റെ ഫാൻസുകാര് തുടങ്ങിത്തന്ന സോഷ്യൽ മീഡിയ പ്രൊഫൈലാണ്. ഇന്ന് മുതൽ വരുന്ന എല്ലാ കണ്ടൻ്റുകളും എല്ലാ കാര്യങ്ങളും, എൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നത് ഞാൻ മാത്രമായിരിക്കും.”- അജ്മൽ അമീർ പറയുന്നു.
“രണ്ടുമൂന്ന് ദിവസം മുന്നേ വളരെ മോശപ്പെട്ട രീതിയിൽ ഒരു ന്യൂസ് പുറത്തുവന്നു. എന്നെ സപ്പോർട്ട് ചെയ്ത എല്ലാ സോഷ്യൽ മീഡിയ ആൾക്കാർക്കും എൻ്റെ നന്ദിയും സപ്പോർട്ടും അറിയിക്കുന്നു. തുടരെത്തുടരെ അപമാനിച്ചുകൊണ്ട് ഒരുപാട് പോസ്റ്റുകളിട്ട സോഷ്യൽ മീഡിയ പ്രൊഫൈലുകളോട്, അവർക്ക് സമൂഹത്തോടുള്ള കടപ്പാട് കണ്ടിട്ട് ബഹുമാനം തോന്നുന്നുണ്ട്. ഒരുപാട് തെറിവിളികൾക്ക് മുകളിൽ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന സന്ദേശങ്ങൾ തന്ന ശക്തിയാണ് എന്നെ ഇവിടെ കൊണ്ടുവന്ന് ഇരുത്തിയത്.”- താരം തുടർന്നു.
എൻ്റെ കാസറ്റ് എന്ന ഇൻസ്റ്റഗ്രാം പേജാണ് അജ്മൽ അമീറിൻ്റെ വിഡിയോ കോൾ പുറത്തുവിട്ടത്. താമസസൗകര്യം ഒരുക്കിത്തരാമെന്നും ഒരുമിച്ച് നിൽക്കാമെന്നുമാണ് നടൻ പറയുന്നത്.
വിഡിയോ കാണാം