Akhil Sathyan: ‘ഞാനും നിവിനും വഴക്കിട്ടു, സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചു’; സര്‍വ്വം മായയെക്കുറിച്ച് അഖില്‍ സത്യന്‍
Akhil Sathyan On Nivin Pauly Rift: ചിത്രത്തിന്റെ ബിടിഎസില്‍ കാണുന്ന സന്തോഷമൊക്കെ റിയല്‍ ആണെങ്കിലും എഴുത്ത് വേദനിപ്പിക്കുന്നതായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്.
മലയാളത്തിലെ യുവതാരനിരകളില്‍ പ്രധാനികളിലൊരാളാണ് നിവിൻ പോളി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമ കരിയറിൽ വലിയ വിജയങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ആ ക്ഷീണം തീര്‍ത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. അഖില്‍ സത്യന്‍റെ സംവിധാനത്തില്‍ ക്രിസ്മസ് റിലീസ് ആയി എത്തിയ സര്‍വ്വം മായ വൻ വിജയകരമായി തീയറ്ററിൽ മുന്നേറുകയാണ്.
അഞ്ച് ദിവസത്തില്‍ അമ്പത് കോടി പിന്നിട്ട ചിത്രം നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ചിത്രം. ഇപ്പോഴിതാ ഒരു ഘട്ടത്തിൽ ചിത്രം ഉപേക്ഷിക്കാൻ പോലും ആലോചിച്ചിരുന്നുവെന്നാണ് അഖില്‍ സത്യന്‍ പറയുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ ഇക്കാര്യം പങ്കുവച്ചത്. താനും നിവിന്‍ പോളിയും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്നും അഖില്‍ സത്യന്‍ പറയുന്നു.
ചിത്രത്തിന്റെ ബിടിഎസില്‍ കാണുന്ന സന്തോഷമൊക്കെ റിയല്‍ ആണെങ്കിലും എഴുത്ത് വേദനിപ്പിക്കുന്നതായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. താനും നിവിനും ഒരു ഘട്ടത്തിൽ വഴക്കിട്ടിട്ടുണ്ട്. ഇത് എവിടെയും എത്തില്ലെന്ന് കരുതി സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ട് വഴിക്ക് പോകാമെന്ന് കരുതിയതായിരുന്നു. പക്ഷെ സിനിമയിലുള്ള വിശ്വാസം കാരണമാണ് തിരികെ വരുന്നതെന്നും അഖില്‍ സത്യന്‍ പറയുന്നു.
താൻ തിരക്കഥ എഴുതിക്കഴിഞ്ഞിരുന്നെങ്കിലും തന്റെ നരേഷന്‍ മോശമായിരുന്നു. തനിക്ക് നന്നായി പറയാനും നിവിന് നന്നായി ഉള്‍ക്കൊള്ളാനും സാധിച്ചിരുന്നില്ല. ഒരു ഇടവേളയെടുത്ത ശേഷമാണ് തിരികെ വരുന്നത്. അപ്പോഴേക്കും താനും നിവിനും മാനസികമായി പീസ്ഫുള്‍ ആയി മാറിയിരുന്നുവെന്നും അഖിൽ പറയുന്നു.
പിന്നാലെ ഷൂട്ട് ചെയ്താലോ എന്ന് ചോദിച്ചു. മൂന്ന് ദിവസം ഫ്രീയാണ് പറ്റുമോ എന്ന് ചോദിച്ചു. പറ്റുമെന്ന് താനും പറഞ്ഞു. തനിക്കൊപ്പം നല്ലൊരു ടീമുണ്ട് അതിനാലാണ് അത് പറയാന്‍ സാധിച്ചതെന്നും കഴിഞ്ഞ പത്ത് വർഷമായി താൻ അച്ഛന്റെ കൂടെ ജോലി ചെയ്തതിന്റെ ക്ലാരിറ്റിയാണ് അത് പറയിപ്പിക്കുന്നത് എന്നും അഖില്‍ സത്യന്‍ പറയുന്നു.