Sidharth Prabhu; ‘റേറ്റിങിൽ കൂപ്പുകുത്തിയപ്പൾ തിരിച്ച് പിടിച്ചവൻ, സിദ്ധാർത്ഥിനെ ഉപ്പും മുളകിൽ നിന്നും പിരിച്ച് വിടേണ്ട ആവശ്യമില്ല’
Uppum Mulakum actor Sidharth Prabhu: നേരത്തെ തട്ടീം മുട്ടീം സീരിയലിൽ അഭിനയിച്ച് ജനപ്രിയനായതുകൊണ്ട് തന്നെ ഉപ്പും മുളകിലെ സിദ്ധാർത്ഥിന്റെ പ്രകടനം വളരെ വേഗത്തിൽ ജനങ്ങളുടെ സ്വീകാര്യത നേടി. ഇതോടെ റേറ്റിങ് കൂടി.
മിനിസ്ക്രീനിൽ ഏറ്റവും ജനശ്രദ്ധ നേടിയ ടെലിവിഷൻ സീരിയലാണ് ഉപ്പും മുളകും. പത്ത് വർഷം മുൻപ് ആരംഭിച്ച സീരിയൽ 200ൽ അധികം എപ്പിസോഡുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്. ഇപ്പോൾ മൂന്നാം സീസണാണ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. നിരവധി കലാകാരന്മാരുടെ തലവര തന്നെ മാറ്റിയത് ഉപ്പും മുളകുമാണ്. വൻ വിജയമായി മാറിയ സീരിയലിൽ നിന്ന് പ്രധാന താരങ്ങളായ ബിജു സോപാനവും നിഷ സാരംഗും റിഷിയും ശ്രീകുമാറുമെല്ലാം പിന്മാറിയതോടെ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയെ തുടർന്നാണ് പ്രധാന താരങ്ങളായ ബിജു സോപാനത്തിനും ശ്രീകുമാറിനും എതിരെ പോലീസ് കേസെടുത്തത്. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇതോടെയാണ് ബിജുവും ശ്രീകുമാറും സീരിയലിൽ നിന്നും പിന്മാറി.ഉപ്പും മുളക് ടീമുമായി നിഷ സാരംഗും സഹകരിച്ചില്ല. റിഷിയും സീരിയൽ അണിയറപ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സിറ്റ്കോമിൽ നിന്നും പിന്മാറിയത്. ഇതോടെ സീരിയൽ കാണാനുള്ള ആവേശവും പ്രേക്ഷകർക്ക് നഷ്ടമായി. റേറ്റിങിലും ഉപ്പും മുളകും വളരെ അധികം പിന്നിലായി.
റേറ്റിങിൽ കൂപ്പുകുത്തിയതിനു പിന്നാലെയാണ് നടൻ സിദ്ധാർത്ഥ് പ്രഭു സീരിയലിൽ രംഗപ്രവേശം ചെയ്യുന്നത്. ജൂഹി റുസ്തഗി അവതരിപ്പിക്കുന്ന ലെച്ചു എന്ന കഥാപാത്രത്തിന്റെ ഭർത്താവ് റോളാണ് സിദ്ധാർത്ഥ് പ്രഭു ചെയ്തിരുന്നത്. നേരത്തെ തട്ടീം മുട്ടീം സീരിയലിൽ അഭിനയിച്ച് ജനപ്രിയനായതുകൊണ്ട് തന്നെ ഉപ്പും മുളകിലെ സിദ്ധാർത്ഥിന്റെ പ്രകടനം വളരെ വേഗത്തിൽ ജനങ്ങളുടെ സ്വീകാര്യത നേടി. ഇതോടെ റേറ്റിങ് കൂടി.
എല്ലാ എപ്പിസോഡുകളും വൈറലായി. എന്നാൽ ക്രിസ്മസ് ദിനത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച സിദ്ധാർത്ഥിന്റെ വാർത്തയും വീഡിയോകളും പ്രചരിച്ചതോടെ ഇത് സീരിയലിനെയും ബാധിച്ചു. മദ്യപിച്ച് റോഡിൽ കിടന്നതും നാട്ടുക്കാർ പിടികൂടിയതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സംഭവത്തിനുശേഷം സോഷ്യൽമീഡിയയിൽ നിന്ന് വരെ സിദ്ധാർത്ഥ് അപ്രത്യക്ഷനായി. മാത്രമല്ല കേസും വിവാദവും ഉണ്ടായതിനാൽ താരത്തെ ഉപ്പും മുളകിൽ നിന്നും പുറത്താക്കിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതോടെ വലിയ ചർച്ചയാണ് നടക്കുന്നത്. ഒരു അവസരം കൂടി താരത്തിന് കൊടുക്കണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. ഒരു വാണിങ് കൊടുക്കുവുന്നതേയുള്ളു. പിരിച്ച് വിടേണ്ട ആവശ്യമില്ലെന്നാണ് ഏറെയും കമന്റുകൾ.