Thoppi Mammu Issue: ‘ഞാനും ഒരു സ്ത്രീയാണ്, ചെയ്ത് പോയതില്‍ സങ്കടമുണ്ട്’; വിവാദ ഇന്റര്‍വ്യൂവിൽ ക്ഷമാപണവുമായി അവതാരക
Anchor Nainisha Apologizes After Interview Controversy: അഭിമുഖത്തില്‍ തനിക്ക് വീഴ്ച സംഭവിച്ചുവെന്നും ന്യായീകരിക്കുന്നില്ലെന്നും നൈനിഷ പറഞ്ഞു. താനും ഒരു സ്ത്രിയാണെന്നും താന്‍ സ്ത്രീകളെ മോശമായി കാണുന്നയാളല്ലെന്നും ഇവർ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലായിരുന്നു ഇവരുടെ പ്രതികരണം.
പ്രമുഖ യുട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്‍റെ വ്ലോഗുകളിലൂടെ സുപരിചിതനായ മമ്മുവിന്‍റെ വിവാദ പരാമര്‍ശങ്ങൾ കഴിഞ്ഞ ദിവസം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു മമ്മുവിന്റെ വിവാദ പരാമർശം. കുളിസീന്‍ കാണാന്‍ ഒളിഞ്ഞുനോക്കിയെന്നും, മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയാറുണ്ടായിരുന്നുവെന്നുമാണ് മമ്മു പറഞ്ഞത്. സംഭവം വിവാദമായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നത്.
അഭിമുഖത്തിലെ അവതാരകയുടെ പരാമര്‍ശങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് ആകാംക്ഷ കൊണ്ടായിരുന്നോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. തുടര്‍ന്നും മമ്മുവിന്‍റെ പ്രവര്‍ത്തിയെ തമാശയാക്കിയായിരുന്നു അവതാരകയുടെ സംസാരം.സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവതാരകയായ നൈനിഷ. അഭിമുഖത്തില്‍ തനിക്ക് വീഴ്ച സംഭവിച്ചുവെന്നും ന്യായീകരിക്കുന്നില്ലെന്നും നൈനിഷ പറഞ്ഞു. താനും ഒരു സ്ത്രിയാണെന്നും താന്‍ സ്ത്രീകളെ മോശമായി കാണുന്നയാളല്ലെന്നും ഇവർ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലായിരുന്നു ഇവരുടെ പ്രതികരണം.
താനൊരു ക്ഷമ ചോദിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞാണ് അവതാരക വീഡിയോ ആരംഭിച്ചത്. നിരവധി അഭിമുഖങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഒരു പ്രശ്നം വന്നപ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ല. മാനസികമായി താൻ ഏറെ തളർന്നുപോയെന്നും നൈനിഷ വീഡിയോയിൽ പറയുന്നുണ്ട്.
View this post on Instagram
അടുത്തിടെ താൻ ചെയ്ത ഒരു അഭിമുഖത്തില്‍ തന്‍റെ ഭാഗത്തുനിന്നും വലിയൊരു വീഴ്ച സംഭവിക്കുകയുണ്ടായി. അതിനെ ന്യായീകരിക്കുന്നില്ല. പെട്ടെന്ന് ഗസ്റ്റ് അങ്ങനെ പറഞ്ഞപ്പോള്‍ എന്താണ് തിരിച്ചുപറയേണ്ടതെന്ന് തനിക്ക് മനസിലായില്ല. വളരെ മോശമായ രീതിയിലാണ് താൻ അപ്പോള്‍ സംസാരിച്ചത്. അത് നിങ്ങളെയെല്ലാം വേദനിപ്പിച്ചു എന്ന് തനിക്കറിയാം. കുളിസീന്‍ എത്തിനോക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നയാളോ സ്ത്രീയുടെ സ്വകാര്യതയെ മാനിക്കാത്ത ആളോ അല്ല. താനും ഒരു സ്ത്രീയാണെന്നും തന്‍റെ വീട്ടിലും സ്ത്രീകളുണ്ട്. ഒരു കുഞ്ഞിന്‍റെ അമ്മയാണ് താനെന്നും . അതുകൊണ്ടൊക്കെതന്നെ അതിന്‍റെ ആഘാതം തനിക്ക് നന്നായി അറിയാമെന്നും അവതാരക പറഞ്ഞു.ജീവിതത്തില്‍ ഇനി ഇങ്ങനെയൊരു തെറ്റ് വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരോടും ആത്മാര്‍ഥമായി മാപ്പ് ചോദിക്കുകയാണെന്നും നൈനിഷ പറഞ്ഞു.