Aranyakam movie : ആ പാട്ടുകൾക്കായി അയാൾ മലയാളത്തിലെത്തി ആദ്യമായും അവസാനമായും…
Raghunath Seth's Unique Musical Contribution: ബിജിഎം എന്നൊക്കെ പറഞ്ഞാൽ അത് ശാന്തമാണ്. കിളികളുടെ കലപിലയാണ്... കാടിന്റെ നിശ്വാസമാണ്. ഈ ചിത്രത്തിനൊരു സംഗീതമുണ്ട്. അത് കാടിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംഗീതമാണ്. താളമുണ്ട്.... അത് അമ്മിണിയുടെ സഞ്ചാരത്തിനൊപ്പിച്ചുള്ള ചലനമാണ്. പ്രണയവും വിരഹവും വിപ്ലവവും എല്ലാം രസം ചോരാതെ നാടകീയതയില്ലാതെ അവതരിപ്പിക്കുന്ന ആരണ്യകത്തിലെ പാട്ടുകളും അതിസുന്ദരം.
16 വയസും 11 മാസവും ഇരുപതിലേറെ ദിവസങ്ങളും പ്രായമുള്ള അമ്മിണി, ജന്മികുടുംബത്തിലാണ് ജനനമെങ്കിലും വിപ്ലവകാരി. വളർന്ന അന്തരീക്ഷത്തിന്റെ തലക്കനം ബാധിക്കാത്ത ഒരു കൊച്ചു പെൺകുട്ടി. തന്റെ ചിന്തകളെ പ്രാന്ത് എന്ന് മറ്റുള്ളവർ വിളിച്ചാലും കൂസാത്തവൾ. ഇന്ദിരാഗാന്ധിക്കു വരെ കത്തെഴുതി സൂക്ഷിക്കുന്നവൾ. കാട്ടിലും മേട്ടിലും ആരെയും കൂസാത്ത തോൾ സഞ്ചിയുമായി അലഞ്ഞവൾ….ഒടുവിൽ മനസ്സിൽ സൂക്ഷിച്ച പ്രണയം മരണത്തിലേക്ക് മറഞ്ഞപ്പോ അതിനു കാരണക്കാരായവരുടെ കയ്യബധം മനസ്സിലാക്കി അലിവോടെ ക്ഷമിച്ച് രക്ഷിക്കാൻ ശ്രമിച്ചവൾ….
ഇത്രയൊക്കെ ഒരു പെൺകുട്ടിയ്ക്ക് കഴിയുമോ എന്ന് ചിന്തിപ്പിക്കും വിധം എംടി തന്റെ തിരക്കഥ കൊണ്ട് അതിശയിപ്പിച്ചിട്ടുണ്ട് ആരണ്യകത്തിലൂടെ. കാടിന്റെ വന്യതയും ഭംഗിയും അത്രമേൽ ഒപ്പിവെച്ച മറ്റൊരു ചിത്രമുണ്ടോ എന്ന് സംശയമാണ്. ബിജിഎം എന്നൊക്കെ പറഞ്ഞാൽ അത് ശാന്തമാണ്. കിളികളുടെ കലപിലയാണ്… കാടിന്റെ നിശ്വാസമാണ്. ഈ ചിത്രത്തിനൊരു സംഗീതമുണ്ട്. അത് കാടിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംഗീതമാണ്. താളമുണ്ട്…. അത് അമ്മിണിയുടെ സഞ്ചാരത്തിനൊപ്പിച്ചുള്ള ചലനമാണ്. പ്രണയവും വിരഹവും വിപ്ലവവും എല്ലാം രസം ചോരാതെ നാടകീയതയില്ലാതെ അവതരിപ്പിക്കുന്ന ആരണ്യകത്തിലെ പാട്ടുകളും അതിസുന്ദരം.
രഘുനാഥ് സേത് എന്ന ലെജന്റിന്റെ സൃഷ്ടി. മലയാളത്തിൽ ആദ്യത്തേതും അവസാനത്തേതും
1988-ലിറങ്ങിയ ഹരിഹരൻ ചിത്രമാണിത്. സലിമ, ദേവൻ, വിനീത്, പാർവതി എന്നിവർ അഭിനയിച്ച ചിത്രത്തിൽ അമ്മിണിയുടെ സഞ്ചാരവും ജീവിതവും കാണിക്കുന്ന നാലു പാട്ടുകളാണ് ഉള്ളത്. ഒഎൻവി രചിച്ച് രഘുനാഥ് സേത് ഈണം പകർന്ന ഗാനങ്ങൾ. സംഗീത സംവിധായനെ പറ്റി പറയാനാണ് ഏറെയുള്ളത്. പ്രശസ്ത ഓടക്കുഴൽപണ്ഡിതനായ അദ്ദേഹമാണ് ഹിന്ദുസ്ഥാനി സംഗീതത്തിൽ ഓടക്കുഴലിനു സ്ഥാനം ഉറപ്പിച്ചത്.
ഗ്വാളിയോർ സ്വദേശിയായ അദ്ദേഹമാണത്രേ ഓടക്കുഴലിൽ എട്ടാമത്തെ സുഷിരം സ്ഥാപിച്ചത്. നിരവധി പ്രശസ്തമായ സൃഷ്ടികൾ അദ്ദേഹത്തിന്റേതായുണ്ട്. അതിൽ മലയാളത്തിലെ ഏക സൃഷ്ടി ഇതാണ്. നല്ലമലയാള ഗാനങ്ങൾ പിറന്നുവീണ ഒരു കാലത്തിന്റെ സൃഷ്ടിയാണ് ഈ ഗാനങ്ങളും.
രഘുനാഥിന്റെ ഈണങ്ങൾക്ക് യേശുദാസ്, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്‌ലെ , അനുരാധ പൗഡ്‌വാൾ, ചിത്ര, കവിതാ കൃഷ്ണമൂർത്തി, അൽക യാഗ്നിക് , ഭൂപീന്ദർ, സുരേഷ് വാഡ്‌കർ, ഹരിഹരൻ, ഉദിത് നാരായൺ തുടങ്ങിയ പ്രമുഖർ പാടിയിട്ടുണ്ട് എന്നു പറയുമ്പോൾ അദ്ദേഹത്തിന്റെ വലിപ്പം വ്യക്തമാകും.
ALSO READ : Malayalam OTT Releases : ലോകഃ മുതൽ മിറാഷ് വരെ; ഒക്ടോബറിൽ ഇനി ഒടിടിയിൽ വരാനിരിക്കുന്ന ചിത്രങ്ങൾ
അദ്ദേഹത്തിൻ്റെ മകൻ അപൂർവ ശ്രീവാസ്തവ മാത്രമല്ല, സ്റ്റീവ് ഗോൺ, റാവു ക്യാവോ, ക്രിസ് ഹിൻസ്, ക്ലൈവ് ബെൽ, സുനിൽ ഗുപ്ത, കൃഷ്ണ ഭണ്ഡാരി, ജോഷ്വ ഗെയ്‌സ്‌ലർ, ചേതൻ ജോഷി, അതുൽ ശർമ, ദത്ത ചൗഗുലെ തുടങ്ങിയ അതികായരായ ശിഷ്യസമ്പത്തിന്റെ പേരിലും അദ്ദേഹം പ്രശസ്തനാണ്.
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ ……
ഒറ്റയ്ക്ക് പറന്നു നടക്കുന്ന ഒരു കുഞ്ഞിക്കിളി. അവൾ കാടിനോടും പൂമ്പാറ്റയോടും തൊട്ടാവാടിയോടുവരെ പിണങ്ങിയും ഇണങ്ങിയും കറങ്ങിനടക്കുന്നു. ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വയ്ക്കില്ലേ… എന്ന ഗാനത്തിൽ കാണുന്നത് സലീമ അനശ്വരമാക്കിയ അമ്മിണിയുടെ ജീവിത്തിലെ അതിമനോഹരമായ ഘട്ടമാണ്. അവളുടെ സ്വതന്ത്ര വിഹാരങ്ങളാണ്. ഒരു തോൾസഞ്ചിയും അതിൽ പുസ്തകങ്ങളും ഡയറിയും എല്ലാമായി അവൾ ദിഗ്വിജയത്തിനിറങ്ങുന്ന അതിസുന്ദരമായ ഗാനം.
എന്റെ മലർത്തോഴികളേ മുല്ലേ മൂക്കുറ്റീ
എന്തേ ഞാൻ കഥ പറയുമ്പോൾമൂളി കേൾക്കാത്തൂ
തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
താലോലം നിൻ കവിളിൽ ഞാനൊന്നു തൊട്ടോട്ടേ.. എന്ന് ആവേശത്തോടെ അവൾ പാടുന്നു. പുല്ലിനോടും പുൽച്ചാടിയോടും വരെ സ്നേഹം നിറഞ്ഞ പാട്ടിൽ യൗവ്വനത്തിന്റെ കൗതുകവും ഊർജ്ജവും ഉരുച്ചേർന്നിട്ടുണ്ട്.
അതേ ഈണത്തിൽ ശോകഛായ കലർത്തി ചിത്രത്തിന്റെ രണ്ടാം പകുതിയിലും കാണാം. അവിടെ അവൾ ഓജസ് നഷ്ടപ്പെട്ട് മനസ്സിലൊരു മയിൽപീലിപോലെ ആരും കാണാതെ ഓമനിച്ച് സൂക്ഷിച്ച പ്രണയം നഷ്ടപ്പെട്ട് ഒരാശ്രയത്തിനായി കാടു കയറുന്നതാണ്. അവളുടെ പ്രീയപ്പെട്ട ഇടത്ത് തനിച്ചിരിക്കാൻ…ഈണം മാറുന്നില്ലെങ്കിലും വരികൾ മാറുന്നു…
അവിടെ ഈ ഗാനം അടിമുടി വിഷാദം നിറഞ്ഞതാണ്. ആദ്യത്തേതിന്റെ നേരെ മറുവശം.
തനിച്ചിരിക്കാൻ ഇവിടെയെനിക്കൊരു തണ്ണീർ പന്തൽ തരൂ
എനിക്കു ദാഹം തീർക്കാൻ നിന്റെ കുളിരിളനീർ തരൂ
മനസ്സിലെ കിളിമകൾക്കിന്നു മൗനവൃതമാണ്
തേനില്ല തിനയില്ല വേദന തൻകനിമാത്രം
അമ്മിണിയുടെ പ്രണയം നിറഞ്ഞ ആത്മാവിൽ മുട്ടിവിളിച്ചതുപോലെ എന്ന ഗാനവും ഏറെ പ്രസിദ്ധമാണ്.
മുറികളുടെ ഏകാന്തതയിൽ ഈ ഗാനങ്ങൾ ഒഴുകുമ്പോൾ കണ്ണടച്ച് അവളായി സ്വയം മാറാത്ത ആ വരികൾമൂളാത്ത എത്ര പഴയ തലമുറ ഇവിടുണ്ട്. അവളോളമില്ലെങ്കിലും ഭ്രാന്തുപൂക്കുന്ന വായനകളും വരികളും കുറിക്കാത്ത യൗവ്വനം കടന്നു പോകാത്ത 90സ് കിഡ്സ് ഇവിടെ ഉണ്ടാകുമോ?