Actor Soori: തിണ്ണയിൽ കിടന്നവന് പെട്ടെന്നുണ്ടായ ജീവിതമെന്ന് കമന്റ്! കിടിലൻ മറുപടി നൽകി സൂരി
Actor Soori: കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നത് ചിത്രങ്ങൾ പങ്കുവെച്ച താരത്തിന്റെ പോസ്റ്റിനു താഴെ മോശം കമന്റുമായി എത്തിയ ഒരു വ്യക്തിക്ക് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് നടൻ
തമിഴിലെ മികച്ച നടന്മാരിൽ ഒരാളാണ് സൂരി. താരത്തിന് തമിഴ് മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. കോമഡി കഥാപാത്രങ്ങൾ കൈകാര്യം ചെയ്തെത്തിയ താരം പെട്ടെന്നാണ് സീരിയസ് കഥാപാത്രങ്ങളിലേക്ക് എത്തിയത്. എന്നാൽ അതുവരെ കണ്ട സൂരിയെ അല്ല പിന്നീട് ആരാധകർക്ക് കാണാൻ സാധിച്ചത്. അപാര പ്രകടനമാണ് താരം കാഴ്ചവച്ചത്. പിന്നീട് അങ്ങോട്ട് വ്യത്യസ്തമായ കഥാപാത്രങ്ങൾ സമ്മാനിച്ച സൂരി തന്റേതായ ഒരു ആരാധക വൃന്ദത്തെ തന്നെ ഉണ്ടാക്കിയെടുത്തു. ഇപ്പോഴിതാ തന്റെ കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നത് ചിത്രങ്ങൾ പങ്കുവെച്ച താരത്തിന്റെ പോസ്റ്റിനു താഴെ മോശം കമന്റുമായി എത്തിയ ഒരു വ്യക്തിക്ക് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് നടൻ.
തന്റെ സ്വന്തം രാജക്കൂർ മണ്ണിൽ സന്തോഷത്തോടുകൂടി കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സൂരി ചിത്രങ്ങൾ പങ്കുവച്ചത്. രാജക്കൂർ എന്നത് സൂരിയുടെ ജന്മദേശമാണ്. ഇതിനു താഴെയാണ് ഒരു വ്യക്തി മോശം തരത്തിലുള്ള കമ്മന്റുമായി എത്തിയത്. തിണ്ണയിൽ കിടന്നവന് പെട്ടെന്ന് മെച്ചപ്പെട്ട ജീവിതം വന്നത്രേ എന്നായിരുന്നു കമന്റ്. എന്നാൽ ഇതിന് വളരെ പക്വതയാർന്നതും ചിന്തിപ്പിക്കുന്ന തരത്തിലും ഉള്ള മറുപടിയാണ് നടൻ നൽകിയത്.
எங்கள் ராஜாக்கூர் மண்ணின் மகிழ்ச்சியில், குடும்பத்தோடு தீபாவளி🙏💝 pic.twitter.com/WtrQe4QL3D
— Actor Soori (@sooriofficial) October 21, 2025
തിണ്ണയിൽ മാത്രമല്ല സുഹൃത്തേ.. പല ദിവസങ്ങളിലും രാത്രിയിൽ റോഡിൽ ഇരുന്നു ഉറങ്ങിയും ജീവിച്ചവനാണ് താൻ. ആ വഴികളിലൂടെ വന്നതുകൊണ്ടാണ് ജീവിതത്തിന്റെ മൂല്യവും സത്യവും താൻ പഠിച്ചത്. താങ്കൾ താങ്കളുടെ വളർച്ചയിൽ വിശ്വാസം അർപ്പിച്ച് മുന്നേറിയാൽ വിജയം തീർച്ചയായും നിങ്ങളെയും തേടി വരും എന്നാണ് സൂരി ഈ കമന്റിന് മറുപടി നൽകിയത്. നടന്റെ മറുപടിക്ക് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. അതേസമയം മാമൻ ആണ് സൂരിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും സ്വാസികയും പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരുന്നു. നിലവിൽ മണ്ടാടി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് താരം.