Big Boss: പഹൽഗാമിൽ കൊല്ലപ്പെട്ട വിനയ് നർവാളിന്റെ ഭാര്യ ബിഗ് ബോസിലേക്ക് ?
Bigg Boss Season 19: ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ 19-ാം പതിപ്പില്‍ മത്സരാര്‍ഥിയായി ഹിമാംശി നര്‍വാള്‍ എത്തുന്നു എന്നാണ് റിപ്പോർട്ട്.
രാജ്യം നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്റെ മൃതദേഹത്തിനടുത്ത് ഇരുന്ന് വിലപിക്കുന്ന യുവതിയുടെ ചിത്രം ആരും മറന്നുകാണില്ല. ഇന്നും ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും ആ ചിത്രം നോവായി തന്നെ കിടക്കുന്നുണ്ട്. ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യയായ ഹിമാംശി നര്‍വാളായിരുന്നു ആ യുവതി. വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാൻ പഹല്‍ഗാമിൽ എത്തിയതായിരുന്നു ഹിമാംശിയും വിനയും.
നിരവധി മനുഷ്യരെ ഈറനണിയിച്ച ഹിമാംശിയെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ 19-ാം പതിപ്പില്‍ മത്സരാര്‍ഥിയായി ഹിമാംശി നര്‍വാള്‍ എത്തുന്നു എന്നാണ് റിപ്പോർട്ട്. സല്‍മാന്‍ ഖാൻ അവതാരകനായി എത്തുന്ന ഷോയിലാണ് ഹിമാംശി എത്തുന്നത് എന്നാണ് വിനോദ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ടെല്ലി ചക്കര്‍ എന്ന മാധ്യമത്തെ ഉദ്ധരിച്ച് കൊണ്ട് മറ്റ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ബിഗ് ബോസ് ഒടിടി 2 വിജയിയായ എല്‍വിഷ് യാദവിന്റെ സഹപാഠിയായിരുന്നു കോളേജില്‍ ഹിമാംശിയെന്നും ടെല്ലി ചക്കര്‍ പറയുന്നു.
പ്രേക്ഷകർക്ക് പെട്ടെന്ന് കണക്ട് ചെയ്യാൻ കഴിയുന്ന മത്സരാർത്ഥികളെ കൊണ്ടുവരാണൻ നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് ഹിമാംശി നര്‍വാളുമായി ചര്‍ച്ചകള്‍ നടത്തിയത് എന്നാണ് ഷോയുടെ അണിയറ പ്രവർത്തകരിൽ ഒരാൾ പറഞ്ഞത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ഹിമാംശി ഷോയില്‍ പങ്കെടുക്കില്ലെന്നും പലരും പറയുന്നു, എന്നാൽ യാതൊരു തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളും ബിഗ് ബോസ് പ്രതിനിധികളുടെ ഭാഗത്ത് നിന്നോ ഹിമാംശിയുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല.