Nithin Raj Death: കലാഭവൻ മണിയും സ്കൂളുകളിൽ നിന്നും ജാതി അധിക്ഷേപം നേരിട്ടിരുന്നു; നിതിൻ രാജിന്റെ മരണത്തിൽ കുറിപ്പുമായി വിനയൻ
Director Vinayan about Nithin Raj Death: അന്ന് ക്ലാസ്സിൽ പരീക്ഷ റിസൾട്ട് വരുമ്പോൾ എനിക്ക് എന്നും മാർക്ക് കുറവായിരിക്കും. മിക്കവാറും എനിക്ക് പൂജ്യം മാർക്ക്. മാർക്ക് കുറഞ്ഞവരെ ഒക്കെ മാഷ് ശകാരിരിക്കുമ്പോൾ എനിക്ക് തൊലി ഉരിയുന്ന തരത്തിലുള്ള കളിയാക്കൽ ആണ് നേരിടേണ്ടി വന്നത് എന്നാണ് കലാഭവൻ മണി വെളിപ്പെടുത്തിയിരുന്നത്. പുലയനും പറയനും ഒന്നും സ്കൂൾ പഠിത്തം പറഞ്ഞിട്ടില്ല എന്നായിരുന്നു മാഷ് പറയാറുള്ളത് എന്നും അത് കേൾക്കുമ്പോൾ ഈ ജന്മം തന്നെ എന്തിനാണെന്ന് തോന്നി പുച്ഛം തോന്നിയിട്ടുണ്ട് എന്നും കലാഭവൻ മണി പറഞ്ഞതായി വിനയൻ....
ജാതി അധിക്ഷേപത്തിനിരയായി നിതിൻ രാജ് എന്ന വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. അനശ്വര കലാകാരൻ കലാഭവൻ മണിയും തന്റെ സ്കൂൾ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നാണ് വിനയൻ പറയുന്നത്. നിതിൻ രാജിന്റെ മരണവാർത്ത കേട്ടപ്പോൾ കലാഭവൻ മണി അതിനെക്കുറിച്ച് പറഞ്ഞതാണ് ഓർത്തത് എന്നും വിനയൻ പറയുന്നു. മണി അത് തമാശയായാണ് പറഞ്ഞതെങ്കിലും ആ വാക്കുകൾ നമ്മളെ നൊമ്പരപ്പെടുത്തും.
കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. ഒരു ഡിസ്കഷനിടയിൽ മണി പറയുന്നത് ഇങ്ങനെയായിരുന്നു ഇപ്പോൾ സ്കൂളുകളിൽ ഒന്നും ജാതിയുടെ പേരിൽ വേർതിരിവില്ലാ എന്നാണ് മാഷുമാരു പോലും പഠിപ്പിക്കുന്നത്. എന്നാൽ ഒരു പ്രശ്നമുണ്ട് സാറേ…. അന്ന് ക്ലാസ്സിൽ പരീക്ഷ റിസൾട്ട് വരുമ്പോൾ എനിക്ക് എന്നും മാർക്ക് കുറവായിരിക്കും. മിക്കവാറും എനിക്ക് പൂജ്യം മാർക്ക്. മാർക്ക് കുറഞ്ഞവരെ ഒക്കെ മാഷ് ശകാരിരിക്കുമ്പോൾ എനിക്ക് തൊലി ഉരിയുന്ന തരത്തിലുള്ള കളിയാക്കൽ ആണ് നേരിടേണ്ടി വന്നത് എന്നാണ് കലാഭവൻ മണി വെളിപ്പെടുത്തിയിരുന്നത്. പുലയനും പറയനും ഒന്നും സ്കൂൾ പഠിത്തം പറഞ്ഞിട്ടില്ല എന്നായിരുന്നു മാഷ് പറയാറുള്ളത് എന്നും അത് കേൾക്കുമ്പോൾ ഈ ജന്മം തന്നെ എന്തിനാണെന്ന് തോന്നി പുച്ഛം തോന്നിയിട്ടുണ്ട് എന്നും കലാഭവൻ മണി പറഞ്ഞതായി വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ നേരത്തേ കലാഭവൻ മണി പറഞ്ഞ വാക്കുകൾ ഓർത്തു പോയി.മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ
കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു..കൂട്ടനാട്ടിലെ അധസ്ഥിതനായ ചെറുമന്റെ കഥയായിരുന്നല്ലോ ആ സിനിമയിൽ പറഞ്ഞത്..ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്കഷനിടയിൽ മണി പറഞ്ഞു.. “ഇപ്പൊ നമ്മുടെ നാട്ടിൽ ജാതിയുടെം നിറത്തിന്റേം പേരിൽ വേർതിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ..പക്ഷെ ഒരു പ്രശ്നമുണ്ടു സാറേ..അന്ന് ക്ളാസിൽ പരീക്ഷേടെ റിസൾട്ട് വരുമ്പോൾ എനിക്കെന്നും മാർക്കു കുറവാരിക്കും.. മിക്കവാറും ഞാൻ സംപൂജ്യനാണ്..മാർക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും.. പക്ഷെ ഞങ്ങൾ ചിലരെമാത്രം മാഷ് ശകാരിക്കില്ല പകരം കളിയാക്കും..തൊലി ഉരിക്കുന്ന കളിയാക്ക്..മറ്റു കുട്ടികൾ അതു കേട്ടു പരിഹസിച്ചു ചിരിക്കമ്പോൾ മാഷും ചിരിക്കും.. പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷു പറയുന്നേ. അതുകേൾക്കമ്പോ വല്ലാത്ത സങ്കടം തോന്നും..”ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട്..മണിയുടെ തനതായ ശൈലിയിൽ ഇതു കേൾക്കുമ്പോൾ ആരുടേം മനസ്സു നൊമ്പരപ്പെട്ടു പോകും ..ഡെന്റൽ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവാർത്ത കേട്ടപ്പോൾ മണി പറഞ്ഞ കാര്യം മനസ്സിലേക്ക് ഓടിവന്നു..നമ്മൾ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പഴും ജീവിക്കുന്നത്..നവോത്ഥാനോം പൂരോഗമനോം ഒക്കെ പ്രസംഗിക്കുകേം,എഴുതുകേം, പഠിപ്പിക്കുകേം ചെയ്യുന്നവർ അതു സ്വന്തം മനസ്സിൽ കൂടി ഉൾക്കൊള്ളണ്ടേ?നമ്മുടെ സമൂഹത്തിൽ ചേർത്തു പിടിക്കപ്പെടേണ്ടവരാണ് ദളിതരും പട്ടിക വിഭാഗവും. ആദിവാസികളുമൊക്കെ..സാമൂഹ്യപരമായി ആ വിഭാഗം അതർഹിക്കുന്നു..
പ്രിയ നിതിൻരാജിന് ആദരാഞ്ജലികൾ..