Vellarathaaram Sarvam Maya Song : പറ്റുമോ ഇതിനു മുകളിൽ ഒരു ഫീൽഗുഡ് മെലഡി വയ്ക്കാൻ… പച്ചപ്പും ഹരിതാഭയും നിറഞ്ഞ തനിനാട്ടിൻപുറത്തെ പാട്ട്
Nostalgic Song Vellaratharam : അനുപല്ലവിയേയും ചരണത്തേയും ബന്ധിപ്പിക്കുന്ന പാലം പോലെയുള്ള ആ തുടക്കഭാഗത്തിലാണ് പാട്ടിന്റെ ആത്മാവ് ഇരിക്കുന്നത്. പുഴയും അതിനു കുറുകെയുള്ള പാലത്തിലൂടെ പോകുന്ന ദൃശ്യവും കൂടിയാകുമ്പോൾ പ്രക്ഷകരും അതേ വൈബ് ഏറ്റെടുക്കും. ഒന്നു കൂടി സൂക്ഷിച്ചു നോക്കി പറഞ്ഞാൽ പഴയ സത്യൻ അന്തിക്കാടൻ ട്രിക്ക്.
മുണ്ടുടുത്ത് പാടവരമ്പത്തു കൂടി നടന്നു വരുന്ന തനിനാടൻ സുന്ദരനായ നായകൻ. പെൺപിള്ളേർക്ക് ക്രഷ് അടിക്കാൻ കട്ടത്താടി ഉൾപ്പെടെയുള്ള നായക സങ്കൽപമെല്ലാം സെറ്റ്. കൊല്ലങ്ങൾ മുമ്പുള്ള കേരളത്തനിമയുടെ ഹരിതാഭയും പച്ചപ്പും പുഴയും തറവാടും എല്ലാം മുക്കിലും മൂലയിലും കണ്ണിനും മനസ്സിനും സുഖം നിറച്ചങ്ങനെ നിൽക്കുന്നു. അതിനിടയിലൂടെ ഒഴുകി എത്തുന്ന ഒരു പാട്ട്. മലയാള സിനിമ അടുത്ത കാലത്തൊന്നും ഇത്തരത്തിലൊരു പാട്ട് കണ്ടിട്ടില്ല. കാലങ്ങൾക്കു ശേഷം ഗൃഹാതുരത്വത്തിന്റെ ആരാധകർക്ക് കിട്ടിയ ഫൈവ്സ്റ്റാർ ഡിന്നറായിരുന്നു ഈ പാട്ടെന്നു ഉറപ്പിച്ചു പറയാം.
പണ്ടത്തെ വിജയനേയും ദാസനേയും പറിച്ചു വെച്ചപോലെ അജു വർഗീസും നിവിൻ പോളിയും സ്ക്രീനിൽ ജീവിക്കുകയായിരുന്നു. പറഞ്ഞുവരുന്നത് സർവ്വം മായയിലെ വെള്ളാരത്താരം എന്നു തുടങ്ങുന്ന ഗാനത്തെ പറ്റിയാണ്. നായകന്റെ ജീവിതത്തിലെ പുതിയൊരു തുടക്കമായോ നല്ലൊരു മാറ്റത്തേയോ ആണ് ഈ പാട്ടിലൂടെ സൂചിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ പതിഞ്ഞ സ്വരത്തിലാണ് പാട്ട് തുടങ്ങുന്നത്. പതിയെ അതിലേക്ക് ബാക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഒന്നൊന്നായി ചേരുന്നു ഒടുവിൽ പല്ലവി അവസാനിക്കുമ്പോൾ ഒറ്റയടിക്ക് പാട്ടിന്റെ എനർജി ലെവൽ ഹൈ ലെവലിലേക്ക് കൊട്ടിക്കേറുന്നത് കാണാം.
അനുപല്ലവിയേയും ചരണത്തേയും ബന്ധിപ്പിക്കുന്ന പാലം പോലെയുള്ള ആ തുടക്കഭാഗത്തിലാണ് പാട്ടിന്റെ ആത്മാവ് ഇരിക്കുന്നത്. പുഴയും അതിനു കുറുകെയുള്ള പാലത്തിലൂടെ പോകുന്ന ദൃശ്യവും കൂടിയാകുമ്പോൾ പ്രക്ഷകരും അതേ വൈബ് ഏറ്റെടുക്കും. ആ ഒരു ഫീൽ ആ സിനിമ മുഴുവൻ കൊണ്ടുവരാൻ കഴിഞ്ഞിടത്താകാം ഒരു പക്ഷെ അഖിൽ സത്യൻ എന്ന സംവിധായന്റെയും സിനിമയുടേയും വിജയം. ഒന്നു കൂടി സൂക്ഷിച്ചു നോക്കി പറഞ്ഞാൽ പഴയ സത്യൻ അന്തിക്കാടൻ ട്രിക്ക്.
ഗൃഹാതുരത്വത്തിന്റെ ഈണം
ഓരോ കേൾവിയിലും ഒരു പുഞ്ചിരിയും ചെറിയൊരു വിങ്ങലും നൽകുന്ന ഈ ഗാനം, ജസ്റ്റിൻ പ്രഭാകരന്റെ മികച്ച കോമ്പോസിഷനുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. വിനീത് ശ്രീനിവാസനൊപ്പം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനും വരികളെഴുതിയ മനു മൻജിത്തും ഈ ഗാനത്തിൽ ശബ്ദമായിട്ടുണ്ട്. 2025 ഡിസംബറിൽ ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിലെ രണ്ടാമത്തെ ട്രാക്കായാണ് ഈ സിംഗിൾ പുറത്തിറങ്ങിയത്. 2025 ഡിസംബറിലെ തണുത്ത ക്രിസ്മസ് രാവുകളിൽ മലയാളികളുടെ കാതുകളിലെത്തിയ ഈ പാട്ട് ഈ കഴിഞ്ഞ വർഷത്തെ മാത്രമല്ല ഈ വർഷത്തെയും ഹിറ്റുകളിലൊന്നാണ് എന്ന് നിസ്സംശയം പറയാം.