Dulquer Salmaan: നസ്ലെന്റെ പോസ്റ്റിന് താഴെ ദുൽഖർ സൽമാന്റെ കിടിലൻ കമന്റ്; നിറകണ്ണുകളുമായി താരം
Dulquer Salmaan Comment on Naslen's Post: സിനിമയുടെ വമ്പൻ വിജയത്തിന് പിന്നാലെ ടൊവിനോ തോമസിനും ദുൽഖർ സൽമാനുമൊപ്പമുള്ള ചിത്രം നസ്ലെൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ വന്ന ദുഖറിന്റെ കമന്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ടൊവിനോയ്ക്കും ദുൽഖറിനുമൊപ്പം നസ്ലെൻ
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലോക – ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രം തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. നടൻ നസ്ലെനും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ വമ്പൻ വിജയത്തിന് പിന്നാലെ ടൊവിനോ തോമസിനും ദുൽഖർ സൽമാനുമൊപ്പമുള്ള ചിത്രം നസ്ലെൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ വന്ന ദുഖറിന്റെ കമന്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘പ്രശസ്തരായ സൂപ്പർസ്റ്റാറുകളുടെ ഇടയിൽ’ എന്ന അടിക്കുറിപ്പോടെ നസ്ലെൻ പങ്കുവെച്ച പോസ്റ്റിന് താഴെ ‘എടാ സൂപ്പർസ്റ്റാറെ…’ എന്നാണ് ദുൽഖർ കമന്റ് ചെയ്തത്. ഇതിന് കണ്ണ് നിറയുന്ന ഇമോജിയായിരുന്നു നസ്ലെന്റെ മറുപടി. പതിനെട്ടായിരത്തോളം ലൈക്കുകളാണ് ദുൽഖറിന്റെ കമന്റിന് ലഭിച്ചത്. കൂടാതെ, ഒട്ടേറെ പേർ ഇതിന് താഴെ കമന്റും ചെയ്തിട്ടുണ്ട്.
അബുദാബിയിൽ വച്ച് നടന്ന ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് സമയത്താണ് താരങ്ങൾക്കൊപ്പം നസ്ലെൻ ഫോട്ടോ എടുത്തത്. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്ലെൻ, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും സ്‌ക്രീനിങ്ങിന് എത്തിയിരുന്നു. ഒരു ചെറിയ സ്വപ്നം ആയി തുടങ്ങിയ സിനിമയാണ് ലോകയെന്നും മുഴുവൻ ക്രെഡിറ്റും ടീമിന് നൽകുന്നുവെന്നും അന്ന് ദുൽഖർ പറഞ്ഞിരുന്നു.
അതേസമയം, ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ എത്തിയ ‘ലോക – ചാപ്റ്റർ വൺ ചന്ദ്ര’, റിലീസായി നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ ആഗോള തലത്തിൽ നേടിയത് 65 കോടിയോളമാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തീയേറ്ററുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടെ സിനിമയുടെ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്.
സിനിമയുടെ ടെക്നിക്കൽ വശങ്ങളും തിരക്കഥയുമാണ് ഏറ്റവുമധികം പ്രശംസ നേടുന്നത്. കല്യാണി, നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് പൊതു അഭിപ്രായം. പുതുമ നിറഞ്ഞൊരു ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.