Gokul Suresh: മാധവിന്റെ പ്രകടനം എങ്ങനെയുണ്ടെന്ന് ചോദ്യം; ഗോകുൽ സുരേഷിന്റെ മറുപടി ഇങ്ങനെ, കയ്യടിച്ച് സോഷ്യൽ മീഡിയ
Gokul Suresh Viral Response: അനിയന്റെ പ്രകടനത്തെ കുറിച്ചുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ഗോകുൽ സുരേഷ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഗോകുൽ സുരേഷ്, മാധവ് സുരേഷ്
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ജെഎസ്‌കെ: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള’. ഏറെ വിവാദങ്ങൾക്ക് ശേഷം ഇന്നാണ് (ജൂലൈ 17) ചിത്രം തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. ‘ജെഎസ്കെ’യിൽ സുരേഷ് ഗോപിക്കൊപ്പം മകൻ മാധവ് സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അച്ഛനും ചേട്ടനും പിന്നാലെ മാധവും സിനിമയിൽ സജീവമാവുകയാണ്.
ഇപ്പോഴിതാ, അനിയന്റെ പ്രകടനത്തെ കുറിച്ചുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ഗോകുൽ സുരേഷ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമയിലെ മാധവിന്റെ പ്രകടനം എങ്ങനെ ഉണ്ടായിരുന്നുവെന്നതായിരുന്നു ചോദ്യം. ഇതിന് ‘താൻ പാപ്പരാസികൾക്ക് മറുപടി നൽകില്ല’ എന്നയിരുന്നു ഗോകുലിന്റെ പ്രതികരണം. ടാഗുള്ള മീഡിയയ്ക്ക് മറുപടി കൊടുക്കുമെന്നും നിങ്ങൾ പാപ്പരാസികൾക്ക് മറുപടി നൽകില്ലെന്നും ഗോകുൽ പറഞ്ഞു.
“കണ്ടന്റ് വളച്ചൊടിക്കുന്നവരാണ് നിങ്ങൾ. നിങ്ങളുടെ കണ്ടന്റ് മീഡിയക്കാർക്ക് വിൽക്കുന്നു. അവർ അതിനെ വളച്ചൊടിക്കുന്നു. അവർ പത്ത് തലക്കിട്ട് ഇട്ട് വിടും. നിങ്ങളെ എനിക്കറിയാം” എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ഗോകുൽ നൽകിയ മറുപടി. ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ഭൂരിഭാഗം പേരും ഗോകുലിന്റെ പ്രതികരണത്തിൽ കൈയ്യടിച്ചു.
ALSO READ: അലിൻ ജോസ് പെരേരയുടെ വിവാഹം കഴിഞ്ഞോ? വിഡിയോ വൈറൽ
കഴിഞ്ഞ ദിവസം, പാപ്പരാസികളെ വിമർശിച്ചു കൊണ്ടുള്ള സാബുമോന്റെ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഗോകുലിന്റ മറുപടി. അതേസമയം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ‘ജെഎസ്കെ’ തീയേറ്ററുകളിൽ എത്തിയത്. സുരേഷ് ഗോപിയുടെ 253-ാമത്തെ ചിത്രമാണിത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.