Gopi Sundar: ‘ആ പാട്ട് അവിടെ വർക്കാകുന്നില്ലെന്ന് പൃഥ്വി പറഞ്ഞു, ദാസേട്ടനായിരുന്നു പാടിയത്’; ഗോപി സുന്ദർ
Gopi Sundar: 'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന് ബാക്ഗ്രൗണ്ട് സ്കോർ ചെയ്യാൻ തനിക്ക് വലിയ ഉത്സാഹമായിരുന്നുവെന്ന് പറയുകയാണ് ഗോപി സുന്ദർ. കൂടാതെ ചിത്രത്തിൽ യേശുദാസ് പാടിയ ഒരു പാട്ട് പൃഥ്വിരാജ് പറഞ്ഞതിനെ തുടർന്ന് മാറ്റിയതായും അദ്ദേഹം പറയുന്നു.
മലയാളത്തിലെ മുൻനിര സംഗീത, സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ ഓരോ പാട്ടും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തിയ ‘എന്ന് നിന്റെ മെയ്തീൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദറായിരുന്നു.
ഇപ്പോഴിതാ, ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിന് ബാക്ഗ്രൗണ്ട് സ്കോർ ചെയ്യാൻ തനിക്ക് വലിയ ഉത്സാഹമായിരുന്നുവെന്ന് പറയുകയാണ് ഗോപി സുന്ദർ. കൂടാതെ ചിത്രത്തിൽ യേശുദാസ് പാടിയ ഒരു പാട്ട് പൃഥ്വിരാജ് പറഞ്ഞതിനെ തുടർന്ന് മാറ്റിയതായും അദ്ദേഹം പറയുന്നു. യെസ് 27ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗോപി സുന്ദർ.
‘ഞാൻ കമ്പോസ് ചെയ്യുന്ന സമയത്താണ് എന്ന് നിന്റെ മൊയ്തീൻ സിനിമയിലെ ബിജിഎം ചെയ്യുന്നത്. മുക്കത്തെ പെണ്ണേ പാട്ടിന് മുമ്പുള്ള ബിജിഎം ലവ് തീമായി ചെയ്യുകയായിരുന്നു. അതിൽ ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോൾ മറ്റൊരു പാട്ട് വരുന്നുണ്ട്. അതും ദാസേട്ടൻ പാടിയ പാട്ടാണ്. സെക്കന്റ് ഹാഫിലായിരുന്നു ആ പാട്ട് വരുന്നത്. കമ്പോസിങ്ങിന്റെ ഇടയിൽ പെട്ടെന്ന് ഒരിക്കൽ പൃഥ്വിരാജ് വിളിച്ചു. ഗോപി പാട്ട് ശ്രദ്ധിച്ചായിരുന്നോ എന്ന് ചോദിച്ചു.
ഞാൻ ശ്രദ്ധിച്ചുവെന്നും മറുപടി പറഞ്ഞു. ശേഷം ആ പാട്ട് അവിടെ വർക്കാകുന്നില്ല എന്ന് പൃഥ്വി പറഞ്ഞു. ദാസേട്ടൻ പാടിയ പാട്ടാണെന്നും ഈ ആളാണ് അതിന്റെ മ്യൂസിക് ഡയറക്ടറെന്നും ഞാൻ പറഞ്ഞു. ആ പാട്ട് വേണ്ടെന്നും പകരം മറ്റൊന്ന് വേണമെന്നും പറഞ്ഞു. ഞാൻ അപ്പോൾ തന്നെ അതിന്റെ കമ്പോസിഷൻ തുടങ്ങി. തൊട്ടടുത്ത് ഹമ്മിങ് പാടാനായി മക്ബൂൽ വന്നിരുന്നു. അദ്ദേഹം രണ്ട് ദിവസമായി പ്രണയ നൈരാശ്യത്തിൽ ഇരിക്കുന്ന ആളായിരുന്നു. ഞാൻ ചുമ്മാ വരികൾ എഴുതി നോക്കുമോ എന്ന് ചോദിച്ചു. അദ്ദേഹം ലിറിസിസ്റ്റൊന്നും ആയിരുന്നില്ല.
പക്ഷേ സ്ക്രിപ്റ്റൊക്കെ എഴുതുമായിരുന്നു. അങ്ങനെ ഡമ്മിയായി എഴുതിയ പാട്ടാണ് ഇന്ന് കേൾക്കുന്ന എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ എന്ന പാട്ട്. അത് ഞാൻ അദ്ദേഹത്തെ കൊണ്ട് തന്നെ പാടിച്ചു’, ഗോപി സുന്ദർ പറയുന്നു.