Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Malayalam Actor Akhil Viswanath Passes Away: അഖില്‍ വിശ്വനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സുഹൃത്തുക്കളും സിനിമാലോകവും. വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 'ചോല' എന്ന സിനിമയിലെ വേഷമാണ് അഖിലിനെ ശ്രദ്ധേയനാക്കിയത്
യുവനടന്‍ അഖില്‍ വിശ്വനാഥിന്റെ (29) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സുഹൃത്തുക്കളും സിനിമാലോകവും. കഴിഞ്ഞ ദിവസമാണ് അഖിലിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഖില്‍ ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. 2019ല്‍ കേരള സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയ ‘ചോല’ എന്ന സിനിമയിലെ വേഷമാണ് അഖിലിനെ ശ്രദ്ധേയനാക്കിയത്.
ഓപ്പറേഷന്‍ ജാവ ഉള്‍പ്പെടെ മറ്റ് ചില സിനിമകളിലും അഖില്‍ അഭിനയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സഹോദരനൊപ്പം അഭിനയിച്ച ‘മാങ്ങാണ്ടി’ എന്ന ടെലിഫിലിമിലെ അഭിനയം ഇരുവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ബാലതാരത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തിരുന്നു.
ചുങ്കാല്‍ ചെഞ്ചേരിവളപ്പില്‍ വിശ്വനാഥനാഥന്റെയും, ഗീതയുടെയും മകനാണ് അഖില്‍. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ് അഖിലിന്റെ പിതാവ് വിശ്വനാഥന്‍. മൊബൈല്‍ ഷോപ്പില്‍ മെക്കാനിക്കായിരുന്ന അഖില്‍ കുറച്ചു നാളായി ജോലിക്ക് പോകുന്നില്ലായിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകനായ മനോജ്കുമാമാറാണ് അഖിലിന്റെ മരണവിവരം പുറത്തുവിട്ടത്.
‘എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്’ എന്ന വാചകത്തോടെയാണ് മനോജ് അഖിലിന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. അഖില്‍ ജീവനൊടുക്കിയ വിവരം അനിയനാണ് മനോജ്കുമാറിനെ അറിയിച്ചത്. നടന്‍ ജോജു ജോര്‍ജ്, ചോല എന്ന സിനിമയുടെ സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ തുടങ്ങിയവര്‍ അഖിലിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
അഖിലിന്റെ മരണവാര്‍ത്ത ഹൃദയം തകര്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ഇല്ലായ്മകളുടെ പടുകുഴിയിൽ നിന്ന് സിനിമയിലേക്ക് വന്നയാളാണ് അഖിലെന്നും, ചോല എന്ന ഒരൊറ്റ സിനിമ മാത്രം മതിയായിരുന്നു അഖിലിന് സിനിമയില്‍ ചുവടുറപ്പിക്കാനെന്നും സനല്‍കുമാര്‍ പറഞ്ഞു.
(അറിയിപ്പ്: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസികമായി പിന്തുണ വേണമെന്ന് തോന്നുകയാണെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)