Hansika Krishna: ‘ബാച്ചിലർ പാർട്ടി’ക്ക് മുൻപും ഓഫറുകൾ; അന്ന് ‘നോ’ പറഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹൻസിക കൃഷ്ണ
Hansika Krishna on Rejecting Early Film Offers: 20 വയസ്സിന് ശേഷം, ഡിഗ്രി പഠനമെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രം അഭിനയ രംഗത്തേക്കിറങ്ങാമെന്നായിരുന്നു അന്നത്തെ തൻ്റെ തീരുമാനമെന്നും താരം പറയുന്നു. അങ്ങനെ കാത്തിരിക്കുമ്പോഴാണ് മനസ്സിൽ ആഗ്രഹിച്ചതുപോലെ സ്വപ്നതുല്യമായ ഓഫർ തന്നെ തേടിയെത്തിയയത് എന്ന് ഹൻസിക പറയുന്നു
കൊച്ചി: അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി: ദു’ വിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് ഹൻസിക കൃഷ്ണ. ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടികൾ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിലെ താരം ഇപ്പോൾ ഹൻസികയാണ്. നസ്‌ലൻ-ഹൻസിക കോംബോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിൽ നിന്ന് ഒറ്റയടിക്ക് അമൽ നീരദ് ചിത്രത്തിലെ നായികയായതിൻ്റെ സന്തോഷം പല അഭിമുഖങ്ങളിലും ഹൻസിക പങ്കുവെച്ചിരുന്നു.
എന്നാൽ ബാച്ചിലർ പാർട്ടിക്ക് മുൻപും തനിക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നുവെന്നും അന്ന് അവയെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഹൻസിക ഇപ്പോൾ. ‘പോർട്രെയറ്റ് ഓഫ് ഗദ്ദാഫി’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
വർഷങ്ങൾക്ക് മുൻപ് തന്നെ ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിക്കാൻ തനിക്ക് അവസരം വന്നിരുന്നുവെന്ന് ഹൻസിക പറയുന്നു. എന്നാൽ അന്ന് സിനിമയിൽ അഭിനയിക്കാൻ ശരിയായ സമയമായിരുന്നില്ല എന്നാണ് താരം പറയുന്നത്. 14-15 വയസ്സുള്ള സമയത്താണ് സിനിമാ ഓഫറുകൾ വരുന്നത്. ഒരു നായിക എന്ന നിലയിൽ അഭിനയിക്കാനുള്ള പ്രായം തനിക്ക് അന്നുണ്ടായിരുന്നില്ല. എന്നാൽ, ചൈൽഡ് ആർട്ടിസ്റ്റ് ആയി അഭിനയിക്കുന്നതിനുള്ള പ്രായം കഴിഞ്ഞിരുന്നു താനും. അതുകൊണ്ട് അത്തരം വേഷങ്ങളും ചെയ്യാൻ സാധിക്കുമായിരുന്നില്ല എന്ന് ഹൻസിക വ്യക്തമാക്കി.
Also Read: Hansika Krishna: “ഞാൻ ഹൻസുവിൻ്റെ ‘അമ്മ’യാണ്, അഭിമാനം തോന്നുന്നു”; ഹൻസിക കൃഷ്ണയെ കുറിച്ച് ജ്യോതിർമയി
20 വയസ്സിന് ശേഷം, ഡിഗ്രി പഠനമെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രം അഭിനയ രംഗത്തേക്കിറങ്ങാമെന്നായിരുന്നു അന്നത്തെ തൻ്റെ തീരുമാനമെന്നും താരം പറയുന്നു. അങ്ങനെ കാത്തിരിക്കുമ്പോഴാണ് മനസ്സിൽ ആഗ്രഹിച്ചതുപോലെ സ്വപ്നതുല്യമായ ഓഫർ തന്നെ തേടിയെത്തിയയത് എന്ന് ഹൻസിക പറയുന്നു. അമൽ നീരദിൻ്റെ തന്നെ ‘ബൊഗെയ്ൻവില്ല’ എന്ന ചിത്രത്തിലെ ‘സ്തുതി’ എന്ന പാട്ടിന് താൻ റീൽസ് വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ കണ്ടതിന് ശേഷമാണ് ബാച്ചിലർ പാർട്ടിയിലേക്ക് തന്നെ തിരഞ്ഞെടുത്തതെന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെന്നും താരം പറയുന്നു.
എന്തുകൊണ്ടാണ് തന്നെ സിനിമയിൽ കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോട് നേരിട്ട് ചോദിച്ചിരുന്നു. സ്തുതി എന്ന പാട്ടിൻ്റെ റീൽസ് കണ്ടാണ് വിളിച്ചതെന്ന അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ തൻ്റെ മനസ്സ് അക്ഷരാർത്ഥത്തിൽ തുള്ളിച്ചാടുകയായിരുന്നു, തൻ്റെ ഏറെ ശ്രദ്ധിക്കപ്പെട്ട റിലുകളിൽ ഒന്നായിരുന്നു ‘സ്തുതി’ എന്നും താരം കൂട്ടിച്ചേർത്തു.
English Summary
Hansika Krishna revealed rejecting early film offers at 15, feeling unready. She later secured her dream debut in Amal Neerad’s Bachelor Party: D’eux after he noticed her dance reel.