Happy Birthday Mohanlal: ലാലേട്ടൻ @65 തുടരും…; അഭിനയ ചക്രവർത്തി, മലയാളികളുടെ എംമ്പുരാന് പിറന്നാളാശംസകൾ
Happy Birthday Complete Actor Mohanlal: മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിലൂടെ അരങ്ങേറ്റംക്കുറിച്ച മോഹൻലാൽ എന്ന നടന വിസ്മയം മലയാള സിനിമയുടെ തന്നെ താര രാജാവായി മാറുകയായിരുന്നു. മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം ഇന്ത്യൻ സിനിമയിൽ തന്നെ സുപരിചിതനായി മാറിയ നടനാണ് അദ്ദേഹം.
അഭിനയത്തിൻ്റെ ചക്രവർത്തി, പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ മലയാളുകളുടെ സ്വന്തം ലാലേട്ടന് നാളെ 65ാം ജന്മദിനം. കണ്ണുകളിലും മുഖങ്ങളിലും മാറിമറിയുന്ന ഭാവങ്ങൾക്കൊപ്പം കൈവിരലുകളിലും അഭിനയം ഒളിപ്പിച്ചുവയ്ച്ച അതുല്യ പ്രതിഭയാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. മലയാളികളുടെ മനസ്സിൽ മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ച മോഹൻലാൽ എന്ന അവിസ്മരണീയ കലാകാരൻ എന്നും മലയാളികൾക്ക് ഒരു വിസ്മയം തന്നെയാണ്.
ഇന്നും അദ്ദേഹത്തിൻ്റെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഇരുകൈയ്യും നീട്ടി നെഞ്ചോട് ചേർത്ത് പിടിക്കാറുണ്ട്. നാളെ ലാലേട്ടൻ്റെ 65ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ് ലോക മലയാളികൾ. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ പ്രേമികളുടെയും അമ്മമാരുടെയും കണ്ണിലുണ്ണിയാണ് ലാലേട്ടൻ. ആ തോൾ ചരിച്ചുള്ള നടത്തവും ആരുടെയും മനസുമയക്കുന്ന കള്ള ചിരിയും ഡയലോഗുകളുമെല്ലാം ഇന്നും പ്രേക്ഷക മനസ്സിനെ കീഴ്പ്പെടുത്തികൊണ്ടിരിക്കുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിലൂടെ അരങ്ങേറ്റംക്കുറിച്ച മോഹൻലാൽ എന്ന നടന വിസ്മയം മലയാള സിനിമയുടെ തന്നെ താര രാജാവായി മാറുകയായിരുന്നു. മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം ഇന്ത്യൻ സിനിമയിൽ തന്നെ സുപരിചിതനായി മാറിയ നടനാണ് അദ്ദേഹം. തോമയായും മംഗലശ്ശേരി നീലകണ്ഠനായും ജോജിയായും സേതുവായും ജയകൃഷ്ണനായും ചാർളിച്ചായനായുമൊക്കെ ഓരോ മലയാളികളുടേയും നെഞ്ചിടപ്പാണ് ലാലേട്ടൻ.
1960 മെയ് 21 ന് പത്തനംതിട്ടയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായാണ് മോഹൻലാൽ ജനിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ കുട്ടിക്കാലം തിരുവനന്തപുരത്തെ മുടവൻമുകളിലായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിലൂടെ നാല് ദേശീയ പുരസ്കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ, കേണൽ പദവി അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് ആ കരങ്ങളിലേക്ക് എത്തിചേർന്നത്.
കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ. ലാലിൻ്റെ സഹോദരൻ പ്യാരേലാലും അച്ഛനും ഇന്ന് ജീവിച്ചിരിപ്പില്ല. പ്യാരേലാൽ ‘കിളിക്കൊഞ്ചൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2000 ത്തിലാണ് അദ്ദേഹം മരണമടഞ്ഞത്. അച്ഛൻ വിശ്വനാഥൻ നായർ 2007ലും വിടപറഞ്ഞു.
തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് ലാലേട്ടൻ്റെ സ്കൂൾ വിദ്യാഭ്യാസം. സംവിധായകൻ പ്രിയദർശൻ, ഗായകനായ എംജി ശ്രീകുമാർ തുടങ്ങിയ പ്രതിഭകളൊക്കെ അതേ സ്കൂളിൽ മോഹൻലാലിന്റെ സഹപാഠികളായിരുന്നു. ചെറുപ്പത്തിൽ തന്നെ അഭിനയത്തോട് അഭിരുചി പ്രകടിപ്പിച്ച മോഹൻലാൽ സ്കൂളിലെ നാടകങ്ങളിലും മറ്റും സജീവമായിരുന്നു.