Happy Birthday Mohanlal: മോഹന്‍ലാല്‍ മാജിക് ‘വിന്റേജ്’ വിട്ട് ഇനിയും ‘തുടരും’; മലയാളികളുടെ സ്വന്തം ലാലേട്ടന് പിറന്നാളാശംസകള്‍
Mohanlal's 65th Birthday: നാലുപതിറ്റാണ്ടുലേറെ കാലമായി മലയാള സിനിമയില്‍ തുടരുന്ന മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ എല്ലാ ഉയര്‍ച്ച താഴ്ചകളും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ് തീര്‍ക്കാനും അത് വീണ്ടും വീണ്ടും തിരുത്തി മുന്നോട്ട് പോകാനും ആര്‍ക്കെങ്കിലും സാധിക്കുമോ എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു, ലാല്‍...മോഹന്‍ലാല്‍.
മലയാളികള്‍ ഏറെ സ്‌നേഹത്തോടെ വിളിക്കുന്ന ഒരേയൊരു പേരുള്ളു, അത് ലാലേട്ടാ എന്ന് മാത്രം. ആ ചരിഞ്ഞ തോളിലുണ്ട് മലയാള സിനിമ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. അന്നും ഇന്നും മലയാളത്തിന്റെ മുഖമായി അദ്ദേഹം തുടരുന്നു. കൊച്ചുക്കുഞ്ഞുങ്ങള്‍ വരെ ഏട്ടാ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നതും ഈ നടന വിസ്മയത്തെ തന്നെ. അങ്ങനെയൊരാള്‍ ഭൂമിയിലേക്ക് എത്തിയതിന്, സിനിമയില്‍ അഭിനയിച്ചതിന്, മലയാളികളുടെ സ്വന്തം ഏട്ടനായി മാറിയതിനെല്ലാം നന്ദി പറയുന്ന ദിനമാണിന്ന്, അതെ ഇന്ന് നമ്മുടെ സ്വന്തം ലാലേട്ടന്റെ 65ാം പിറന്നാളാണ്.
നാലുപതിറ്റാണ്ടുലേറെ കാലമായി മലയാള സിനിമയില്‍ തുടരുന്ന മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ എല്ലാ ഉയര്‍ച്ച താഴ്ചകളും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ് തീര്‍ക്കാനും അത് വീണ്ടും വീണ്ടും തിരുത്തി മുന്നോട്ട് പോകാനും ആര്‍ക്കെങ്കിലും സാധിക്കുമോ എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു, ലാല്‍…മോഹന്‍ലാല്‍. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയുടെ വിരല്‍ ചലനങ്ങള്‍ക്ക് മുമ്പില്‍ പോലും സിനിമാസ്വാദകര്‍ക്ക് സ്തംഭരായി പോയ എത്രയെത്ര നിമിഷങ്ങള്‍. നിങ്ങളിവിടെ ജനിച്ചില്ലായിരുന്നുവെങ്കിലോ!
മോഹന്‍ലാല്‍
1960 മെയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ എന്ന സ്ഥലത്താണ് മോഹന്‍ലാലിന്റെ ജനനം. വിശ്വനാഥന്‍ നായര്‍- ശാന്തകുമാരി എന്നിവരാണ് മാതാപിതാക്കള്‍. അച്ഛന്‍ സെക്രട്ടേറിയേറ്റ് ജീവനക്കാരനായതിനാല്‍ പിന്നീട് താമസം തിരുവനന്തപുരത്തേക്ക് മാറ്റി. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മോഹന്‍ലാലിന് സാധിച്ചു.




കോളേജിലേക്ക് എത്തിയപ്പോഴേക്കും അഭിനയം തന്നെയാണ് തന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1978ല്‍ തിരനോട്ടം എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഈ സിനിമ റിലീസ് ചെയ്തില്ല. പിന്നീട് 1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ വില്ലനായെത്തി മോഹന്‍ലാല്‍ തിളങ്ങി. അദ്ദേഹത്തിന്റെ 20ാം വയസിലാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്.
സിനിമാ ജീവിതത്തിന്റെ തുടക്കക്കാലത്ത് ചെയ്തതെല്ലാം വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കിലും പിന്നീട് മലയാള സിനിമ മോഹന്‍ലാല്‍ എന്ന നടന് വഴിമാറി. പിന്നീട്, ഒട്ടനവധി ചിത്രങ്ങളില്‍ മാസ് ഹീറോയായി തിളങ്ങിയ മോഹന്‍ലാല്‍ നേടിയെടുത്തത് മലയാള സിനിമയുടെ കിരീടവും ചെങ്കോലുമാണ്. ഇന്ന് അവയെല്ലാം ആ കൈകളില്‍ ഭദ്രം.
വിന്റേജില്‍ നിന്നുള്ള യാത്ര
തങ്ങളെ ത്രസിപ്പിച്ച, ഹരം കൊള്ളിച്ച മോഹന്‍ലാലിന് ഒരിടയ്ക്ക് അതിനൊന്നും സാധിക്കാതെ പോയത് മലയാളികള്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ആ സമയത്താണ് വിന്റേജ് മോഹന്‍ലാല്‍ മടങ്ങിയെത്തിയേ പറ്റൂ എന്ന ആഹ്വാനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ താന്‍ കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞുവെന്നും എന്നും ഇവിടെ തന്നെ തുടരുമെന്നും കാണിച്ച് അദ്ദേഹം തിരിച്ചെത്തി. പുത്തന്‍ ചിത്രങ്ങള്‍ ചെയ്ത്, ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ച് എന്നെന്നും തുടരു ലാലേട്ടാ, പിറന്നാള്‍ ആശംസകള്‍.