Hareesh Kanaran: ‘ബാദുഷ പറഞ്ഞതെല്ലാം പച്ചക്കള്ളം’; അതിനുള്ള തെളിവുകൾ കയ്യിലുണ്ടെന്ന് ഹരീഷ് കണാരൻ
Hareesh Kanaran Against NM Badusha: എൻഎം ബാദുഷയ്ക്കെതിരെ ഹരീഷ് കണാരൻ. ബാദുഷയുടെ ആരോപണങ്ങളൊക്കെ ഹരീഷ് തള്ളി.
പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷ തനിക്കെതിരെ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളൊക്കെ പച്ചക്കള്ളമെന്ന് ഹരീഷ് കണാരൻ. അതിനുള്ള തെളിവുകൾ തൻ്റെ പക്കലുണ്ട്. വിവാദങ്ങളിലേക്ക് ബാദുഷയുടെ കുടുംബത്തെ വലിച്ചിഴയ്ക്കരുതെന്നും ഹരീഷ് കണാരൻ മനോരമഓൺലൈനോട് പ്രതികരിച്ചു.
പണം വാങ്ങിയസമയത്തും തിരികെ ചോദിക്കുന്ന സമയത്തും അത് ശമ്പളമായി കരുതണമെന്ന് ബാദുഷ പറഞ്ഞിട്ടില്ല. വീടുപണിയുടെ സമയത്ത് സാമ്പത്തികബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്താണ് പണം തിരികെ ചോദിച്ചത്. ഇതിന് ശേഷം എആർഎമ്മിലെ അവസരം നഷ്ടമാവുകയായിരുന്നു. സിനിമയുടെ ശമ്പളവുമായി ബന്ധപ്പെട്ട് ബാദുഷയുമായി ഒരുതരത്തിലുള്ള ചർച്ചയും ഉണ്ടായിട്ടില്ല. അദ്ദേഹം പണം വാങ്ങിയതിൻ്റെ ബാങ്ക് സ്റ്റേറ്റ്മെൻ്റുകളുണ്ട്. 72 സിനിമകളിൽ തനിക്കായി ജോലി ചെയ്തെന്നാണ് ബാദുഷ പറഞ്ഞത്. അത് പരിശോധിക്കണം. പ്രൊഡക്ഷൻ കൺട്രോളർക്ക് പ്രൊഡ്യൂസറല്ലേ ശമ്പളം നൽകുക.
ബാദുഷയുമായുള്ള പ്രശ്നത്തിൻ്റെ വാർത്ത പുറത്തുവന്ന അന്ന് തന്നെ എആർഎം സംവിധായകൻ മെസേജയച്ചിരുന്നു. കുറേ ശ്രമിച്ചിട്ടും ബാദുഷ പറഞ്ഞത് ഡേറ്റില്ലെന്നാണെന്ന് അദ്ദേഹം പറഞ്ഞു. ആ മെസേജ് കയ്യിലുണ്ട്. ശമ്പളത്തിൻ്റെ കാര്യമൊന്നും സംസാരിച്ചില്ല. വാർത്താസമ്മേളനത്തിന് ശേഷം ബാദുഷ തനിക്കും ഭാര്യക്കും മെസേജയച്ചിരുന്നു, പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ്. മധുരക്കണക്ക് എന്ന സിനിമയിൽ പ്രശ്നമുണ്ടാക്കിയെന്ന് ബാദുഷ പറഞ്ഞു. സംവിധായകനെ താൻ വിളിച്ചിരുന്നു. അങ്ങനെയയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ബിജു മേനോൻ്റെ ഒരു സിനിമയിലും താൻ പ്രശ്നമുണ്ടാക്കിയെന്ന് ബാദുഷ പറഞ്ഞു. ബിജു മേനോനോടൊപ്പം അഭിനയിച്ച ഒരു സിനിമയിലും ബാദുഷ ഉണ്ടായിരുന്നില്ല. ബിജു മേനോനുമായി ഇപ്പോഴും തനിക്ക് നല്ല ബന്ധമുണ്ട്. താൻ നിർമിച്ച ‘ഉല്ലാസ പൂത്തിരി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പലർക്കും പണം കൊടുക്കാനുണ്ടെന്ന് ബാദുഷ പറഞ്ഞിരുന്നു. എന്നാൽ, ആ സിനിമയിൽ അഭിനയിച്ചതിന്റെ ശമ്പളം തനിക്ക് കിട്ടിയില്ല. അതുകൊണ്ട് ചിത്രത്തിന്റെ നിർമാതാവായി തൻ്റെ പേരും കൊടുക്കുകയായിരുന്നു.
താൻ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നും വിളിച്ചാൽ ഫോണെടുക്കില്ലെന്നുമൊക്കെ പറഞ്ഞിരുന്നു. വല്ലപ്പോഴും മദ്യപിക്കും എന്നതല്ലാതെ ഒരിക്കലും സെറ്റിൽ മദ്യപിച്ച് ചെന്നിട്ടില്ല. ഒരു വേദിയിലാണ് മദ്യപിച്ച് കയറിയത്. പിന്നെ കയറിയിട്ടില്ല. പല സിനിമകളിൽ അഭിനയിച്ച് ഡേറ്റ് പ്രശ്നം വന്നപ്പോഴാണ് ബാദുഷ വരുന്നത്. പിന്നീട് അദ്ദേഹം പ്രൊഡക്ഷൻ കൺട്രോളർ ആയ സിനിമകളിലാണ് താൻ കൂടുതലും അഭിനയിച്ചതെന്നും ഹരീഷ് കണാരൻ പറഞ്ഞു.