Hesham Abdul Wahab: സഞ്ജയ് ലീല ബൻസാലി വിളിച്ചു, സംഗീതമൊരുക്കി, റിപ്പബ്ലിക് ഡേയിലെ മലയാളികളുടെ അഭിമാന നിമിഷത്തിന് കാരണക്കാരൻ ഇതാ…
Hisham Abdul Wahab composes music for the 77th Republic Day parade tableau : പ്രശസ്ത ഗായിക ശ്രേയ ഘോഷാലും ഹിഷാമിനൊപ്പം ഈ ഗാനത്തിൽ അണിചേർന്നു. അഭിരുചി ചന്ദാണ് വരികൾ രചിച്ചത്. കൊച്ചിയിലെ സ്റ്റുഡിയോയിലിരുന്ന് സംഗീതം പൂർത്തിയാക്കി അയച്ചു കൊടുക്കുകയായിരുന്നു എന്ന് ഹിഷാം പറഞ്ഞു.
ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിന പരേഡിൽ മലയാളികൾക്ക് അഭിമാനമായി സംഗീതസംവിധായകൻ ഹിഷാം അബ്ദുൽ വഹാബ്. പരേഡിൽ ശ്രദ്ധയാകർഷിച്ച ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ടാബ്ലോയ്ക്ക് സംഗീതം ഒരുക്കിയത് ഹിഷാമാണ്. ഇതിഹാസ സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഈ ടാബ്ലോയുടെ സംഗീതസംവിധാനം നിർവഹിക്കാൻ അദ്ദേഹത്തിന് ലഭിച്ച അവസരം മലയാള സിനിമയ്ക്കും വലിയൊരു അംഗീകാരമാണ്.
ശ്രുതി, കൃതി, ദൃഷ്ടി’ എന്ന പ്രമേയത്തിലായിരുന്നു ടാബ്ലോ ഒരുക്കിയത്. ഇന്ത്യൻ സിനിമയുടെ തുടക്കം മുതൽ ഇന്നുവരെയുള്ള പരിണാമം ചിത്രീകരിക്കുന്ന ടാബ്ലോയ്ക്കായി സഞ്ജയ് ലീല ബൻസാലി നേരിട്ടാണ് ഹിഷാമിനെ ക്ഷണിച്ചത്. ബൻസാലി നിർമ്മിക്കുന്ന പുതിയ ചിത്രം ‘ദോ ദീവാനെ സെഹർ മേം’ എന്ന സിനിമയിലെ ഗാനങ്ങൾ ഒരുക്കിയ മികവാണ് ഹിഷാമിനെ ഈ ദേശീയ ദൗത്യത്തിലേക്ക് എത്തിച്ചത്.
ദേശസ്നേഹവും ഊർജ്ജവും നിറയുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള സംഗീതമാണ് അദ്ദേഹം തയ്യാറാക്കിയത്. പ്രശസ്ത ഗായിക ശ്രേയ ഘോഷാലും ഹിഷാമിനൊപ്പം ഈ ഗാനത്തിൽ അണിചേർന്നു. അഭിരുചി ചന്ദാണ് വരികൾ രചിച്ചത്. കൊച്ചിയിലെ സ്റ്റുഡിയോയിലിരുന്ന് സംഗീതം പൂർത്തിയാക്കി അയച്ചു കൊടുക്കുകയായിരുന്നു എന്ന് ഹിഷാം പറഞ്ഞു.
ദേശീയ പ്രാധാന്യമുള്ള ഒരു വേദിയിൽ മലയാള സാന്നിധ്യമായി മാറാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഹിഷാം പ്രതികരിച്ചു. ഹൃദയം, ഖുഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹിഷാമിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ് ഈ നേട്ടം.