Kalamkaval OTT : 100 കോടി നേടുമോ? ഇല്ലെങ്കിലും കളങ്കാവൽ ഉടൻ ഒടിടിയിൽ എത്തും
Kalamkaval OTT Release Date And Platform : ഡിസംബർ അഞ്ചിനാണ് കളങ്കാവൽ തിയറ്ററിൽ എത്തിയത്. മികച്ച അഭിപ്രായം ലഭിച്ച ചിത്രം മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമാകുമെന്നാണ് പ്രതീക്ഷിച്ചത്
വില്ലനായി എത്തി മമ്മൂട്ടി തരംഗം സൃഷ്ടിച്ച ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന് എല്ലാവരും കരുതിയ ചിത്രവും കൂടിയാണ് കളങ്കാവൽ. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് പ്രകാരം ആഗോളതലത്തിൽ ഇതുവരെയായി കളങ്കാവൽ 83 കോടി രൂപ വരെ നേടി. ചിത്രം 100 കോടി ക്ലബിൽ എത്തുമെന്ന് കരുതിയിരുന്നപ്പോഴാണ് കളങ്കാവലിൻ്റെ ഒടിടി വാർത്ത പുറത്ത് വരുന്നത്. ഇതോടെ മമ്മൂട്ടി ചിത്രം 100 കോടി ക്ലബിൽ ഇടം നേടുമോ എന്ന കാര്യത്തിൽ സംശയം ഉടലെടുത്തിരിക്കുകയാണ്.
കളങ്കാവൽ ഒടിടി
കളങ്കാവൽ തിയറ്ററിൽ എത്തുന്നതിന് മുമ്പെ സിനിമയുടെ ഒടിടി അവകാശം വിറ്റു പോയിരുന്നു. ജാപ്പനീസ് ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമായ സോണി ലിവിലാണ് മമ്മൂട്ടി ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം 2026 ജനുവരി ആദ്യം തന്നെ ഒടിടി സംപ്രേഷണം ആരംഭിക്കുമെന്നാണ് സ്ട്രീമിങ് പ്ലാറ്റ്ഫോം അറിയിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ജനുവരി ഒമ്പതാം തീയതി മുത കളങ്കാവൽ സോണി ലിവിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.
കളങ്കാവൽ ബോക്സ്ഓഫീസ്
ഡിസംബർ അഞ്ചിന് തിയറ്ററിൽ എത്തിയ ചിത്രം ഏകദേശം ഒരു മാസം ആകുമ്പോഴേക്കും 83 കോടി രൂപ ആഗോള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയെന്നാണ് കഴിഞ്ഞ ദിവസം സിനിമയുടെ നിർമാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചത്. 40 കോടിയിൽ അധികം കളങ്കാവൽ കേരള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കി. അതുപോലെ 40 കോടിയോളം ഓവർസീസ് കളക്ഷനും സിനിമയ്ക്ക് നേടാനായി എന്നാണ് ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് അറിയിക്കുന്നത്. അതേസമയം ഇനി ചിത്രം ബോക്സ്ഓഫീസിൽ 100 കോടി നേടുമോ എന്ന കാര്യത്തിൽ സംശയമാണ്. അങ്ങനെ വീണ്ടും മമ്മൂട്ടിക്ക് 100 ക്ലബ് ഒരു സ്വപ്നമായി തന്നെ നിലനിൽക്കും.
നവാഗതനായ ജിതിൻ കെ ജോസാണ് കളങ്കാവലിൻ്റെ സംവിധായകൻ. ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചത്. മമ്മൂട്ടിയുടെ തന്നെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് കളങ്കാവൽ നിർമിച്ചത്. അനാരോഗ്യത്തെ തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുത്ത മമ്മൂട്ടിയുടെ തിരിച്ചുവരവ് കളങ്കാവലൂടെയാണ്. മമ്മൂട്ടിയുടേതായി മൂന്ന് ചിത്രങ്ങൾ ഈ വർഷം തിയറ്ററിൽ എത്തിയെങ്കിലും അത് കളങ്കാവലിൽ മാത്രമാണ് മലയാളത്തിൻ്റെ മെഗാതാരത്തിന് വിജയം കണ്ടെത്താൻ സാധിച്ചത്.