South Africa vs New Zealand: ഓപ്പണര്‍മാര്‍ മിന്നിച്ചു; ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ടു; ന്യൂസിലന്‍ഡ് ഫൈനലില്‍
New Zealand Enters T20 World Cup Final: ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചു. 170 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 12.5 ഓവറില്‍ മറികടന്നു. ഫിന്‍ അലന്‍ സെഞ്ചുറി നേടി.
കൊല്‍ക്കത്ത: ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 170 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 12.5 ഓവറില്‍ മറികടന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-20 ഓവറില്‍ എട്ട് വിക്കറ്റിന് 169, ന്യൂസിലന്‍ഡ്-12.5 ഓവറില്‍ ഒരു വിക്കറ്റിന് 173. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമി ഫൈനലില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച കീവിസ് ഓപ്പണര്‍ ഫിന്‍ അലനാണ് മത്സരം പെട്ടെന്ന് തീര്‍ത്തത്.
പുറത്താകാതെ 33 പന്തില്‍ 100 റണ്‍സാണ് അലന്‍ അടിച്ചുകൂട്ടിയത്. എട്ട് സിക്‌സറുകളും 10 ഫോറും താരം പായിച്ചു. 33 പന്തില്‍ 58 റണ്‍സെടുത്ത ടിം സെയിഫെര്‍ട്ടും തിളങ്ങി. ഫിന്‍ അലനൊപ്പം, 11 പന്തില്‍ 13 റണ്‍സുമായി രചിന്‍ രവീന്ദ്ര പുറത്താകാതെ നിന്നു.
9.1 ഓവറില്‍ 117 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് കീവിസ് ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തിയത്. ഒടുവില്‍ കഗിസോ റബാദയുടെ പന്തില്‍ സെയിഫെര്‍ട്ട് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ടി20 ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് അലന്‍ നേടിയത്. നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിലെ വിജയികളെ കലാശപ്പോരില്‍ ന്യൂസിലന്‍ഡ് നേരിടും. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍.
ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ മാര്‍ക്കോ യാന്‍സണ് മാത്രമാണ് പ്രോട്ടീസിനായി ബാറ്റിങില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. തോല്‍വിയറിയാതെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം സെമി ഫൈനല്‍ വരെയെത്തിയത്.