Kaviyoor Ponnamma : ഒറ്റ വാചകത്തിൽ ആദരാഞ്ജലി; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ വാക്കുകൾ നഷ്ടപ്പെട്ട് ‘മമ്മൂസ്’
Kaviyoor Ponnamma Mammootty : അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി. ഒരു വാചകത്തിലായിരുന്നു മമ്മൂട്ടിയുടെ ആദരാഞ്ജലി. 'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ' എന്നാണ് മമ്മൂട്ടി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
നടി കവിയൂർ പൊന്നമ്മയ്ക്ക് ഒറ്റ വാചകത്തിൽ ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി. ‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’ എന്നാണ് മമ്മൂട്ടി കുറിച്ചത്. മോഹൻലാലിൻ്റെ അമ്മയായി അഭിനയം ആരംഭിക്കുന്നതിന് മുൻപ് മമ്മൂട്ടിയുടെ അമ്മയായാണ് പൊന്നമ്മ അഭിനയിച്ചത്. പൊതുവേദികളിലടക്കം ഇക്കാര്യം പൊന്നമ്മ തുറന്നുപറഞ്ഞിട്ടുമുണ്ട്. മമ്മൂസ് എന്നാണ് പൊന്നമ്മ മമ്മൂട്ടിയെ വിളിച്ചിരുന്നത്. മമ്മൂട്ടിയോടുള്ള സ്നേഹവും പൊന്നമ്മ പലതവണ പറഞ്ഞിട്ടുണ്ട്.
പത്മരാജൻ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയിലാണ് പൊന്നമ്മ ആദ്യമായി മമ്മൂട്ടിയുടെ അമ്മയാവുന്നത്. 1985ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ ഗോപൻ എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ അമ്മ ജാനകിക്കുട്ടിയായാണ് പൊന്നമ്മ അഭിനയിച്ചത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ സുപ്രധാന സിനിമകളിലൊന്നായ തനിയാവർത്തനം എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച പ്രധാന കഥാപാത്രം ബാലഗോപാലൻ്റെ അമ്മയായി പൊന്നമ്മ വേഷമിട്ടു. മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്കാരം വരെ നേടിക്കൊടുത്ത ഈ ചിത്രത്തിൽ പൊന്നമ്മയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 87ലായിരുന്നു തനിയാവർത്തനം തീയറ്ററുകളിലെത്തിയത്. വീണ്ടും പല സിനിമകളിലും പൊന്നമ്മ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ടിട്ടുണ്ട്.
കുറച്ചുസമയം മുൻപായിരുന്നു കവിയൂർ പൊന്നമ്മയുടെ മരണം. കൊച്ചി ലിസി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സിയിലായിരുന്ന പൊന്നമ്മ ഏറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്ന പൊന്നമ്മയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1958ൽ മേരിക്കുട്ടി എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച കവിയൂർ പൊന്നമ്മ 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ചു.
മോഹൻലാലിൻ്റെ അമ്മയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1962ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലാണ് പൊന്നമ്മ ആദ്യമായി ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നത്. ചിത്രത്തിൽ മണ്ഡോദരിയായാണ് അവർ വേഷമിട്ടത്. നാല് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. 1945 സെപ്തംബർ 10നാണ് പൊന്നമ്മ ജനിച്ചത്. ടിപി ദാമോദരൻ, ഗൗരി ദമ്പതിമാരുടെ ഏഴ് മക്കളിൽ ഏറ്റവും മുതിർന്നയാളായി തിരുവല്ല കവിയൂറിലായിരുന്നു ജനനം. 1969ൽ നിർമാതാവ് മണിസ്വാമിയെ വിവാഹം കഴിച്ചു. 2011ലായിരുന്നു മണിസ്വാമിയുടെ മരണം.
സെപ്തംബർ 21 നാളെ കവിയൂർ പൊന്നമ്മയുടെ മൃതദേഹം സംസ്കരിക്കും. 21ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ പൊതുദർശനമുണ്ട്. വൈകിട്ട് നാല് മണിക്ക് ആലുവയിലെ വീട്ടിൽ വച്ചാവും സംസ്കാരം.
കവിയൂർ പൊന്നമ്മയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചിരുന്നു. തിളക്കമുള്ള ഒരു അദ്ധ്യായത്തിന് തിരശ്ശീല വീണു എന്ന് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി തൻ്റെ പേജിലൂടെ പങ്കുവച്ചു. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു എന്നും മുഖ്യമന്ത്രി കുറിച്ചു.
Also Read : Kaviyoor Ponnamma : അമ്മക്കുപ്പായത്തിൽ മാത്രമല്ല, കവിയൂർ പൊന്നമ്മ നായികാവേഷങ്ങളിലും തിളങ്ങിയ നടി
അവസാന സമയത്ത് വന്നു കാണാൻ സാധിക്കാത്തതിൽ മാപ്പ് പറഞ്ഞു കൊണ്ടായിരുന്നു നടി നവ്യയുടെ കുറിപ്പ്. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായി മാറിയെന്ന് താരം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. എന്ത് തിരക്കിന്റെ പേരിലായാലും വന്ന് കാണാതിരുന്നതിനെ ന്യായീകരിക്കാനാവില്ല എന്ന് നവ്യ കുറിച്ചു. ഇക്കിളി ആക്കുമ്പോൾ കുഞ്ഞിനെ പോലെ കുലുങ്ങിച്ചിരിക്കുന്ന മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ. കുഞ്ഞുങ്ങളെ ഒരുക്കുന്നതുപോലെ ഒരുങ്ങാൻ ഇരുന്നുതന്നതും തൻ്റെ മുടി കോതി പിന്നിത്തന്നതും ഒരുമിച്ചുറങ്ങിയമെല്ലാം മായാത്ത ഓർമകളാണ്. കുറ്റബോധം ഏറെയുണ്ട് , മാപ്പാക്കണം എന്നും നവ്യ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നവ്യയുടെ ആദ്യ ചിത്രമായ നന്ദനത്തിൽ കവിയൂർ പൊന്നമ്മ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഉണ്ണി അമ്മ എന്ന കഥാപാത്രമായാണ് കവിയൂർ പൊന്നമ്മ സിനിമയിൽ അഭിനയിച്ചത്.