Kerala Story: ‘ശാലിനി ഉണ്ണിക്കൃഷ്ണന്’ ദേശീയ അവാർഡ് കൊടുക്കാത്തതിൽ ദു:ഖമുണ്ട്; സുദീപ്തോ സെൻ
Kerala Story director Sudipto Sen: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹണം എന്നീ രണ്ട് വിഭാഗങ്ങളിൽ ആണ് ചിത്രത്തിന് പുരസ്കാരം ലഭിച്ചത്.
ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് സംവിധായകൻ സുദീപ്തോ സെൻ. രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചെങ്കിലും ചിത്രത്തിന് കൂടുതൽ അവാർഡുകൾ കിട്ടാൻ അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹണം എന്നീ രണ്ട് വിഭാഗങ്ങളിൽ ചിത്രത്തിന് പുരസ്കാരം ലഭിച്ചിരുന്നു.
മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് അപ്രതീക്ഷിത നേട്ടമായിരുന്നു. സാങ്കേതിക വിഭാഗങ്ങളിലെ പുരസ്കാരമാണ് പ്രതീക്ഷിച്ചത്. രണ്ട് വർഷത്തിന് ശേഷവും ചിത്രം ചർച്ച ചെയ്യപ്പെടുമ്പോൾ അത് തീർച്ചയായും സാങ്കേതികമായി മികച്ചതായിരിക്കും. അതിനാൽ സാങ്കേതിക പ്രവർത്തകർക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ALSO READ: ‘കേരള സ്റ്റോറി ഇസ്ലാമോഫോബിക് സിനിമയല്ല, കണ്ടിട്ട് വിമർശിക്കൂ’; പ്രതികരണവുമായി സംവിധായകൻ
ഛായാഗ്രഹകന് പുരസ്കാരം ലഭിച്ചു. പക്ഷേ തിരക്കഥാകൃത്തിനും നടി അദാ ശർമ്മയ്ക്കും മേക്കപ്പ് ആർട്ടിസ്റ്റിനും പുരസ്കാം ലഭിക്കാത്തതിൽ ചെറിയ ദു:ഖമുണ്ട്. എങ്കിലും ഈ ചിത്രത്തിലൂടെ തനിക്ക് ലഭിച്ച പുരസ്കാരങ്ങളിൽ സന്തുഷ്ടനാണെന്നും സുദീപ്തോ സെൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേരള സ്റ്റോറിക്ക് ദേശീയ അവാർഡ് ലഭിച്ചതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ദേശീയ പുരസ്കാര ജൂറി കേരളത്തെ അവഹേളിച്ചെന്നും ജനാധിപത്യ വിശ്വാസികൾ ഈ അനീതിക്കെതിരെ ശബ്ദമുയർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ചലച്ചിത്ര പുരസ്കാരത്തെ രാഷ്ട്രീയവൽക്കരിക്കാൻ കഴിയില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.