Major Ravi: “ഒരു മതത്തെയും ഞാൻ വ്രണപ്പെടുത്തിയിട്ടില്ല, മുസ്ലിം പേരുകളുടെ മറവിൽ എന്നെ ആക്രമിക്കുന്നത് തീവ്ര കമ്മ്യൂണിസ്റ്റുകളാകാം”: മേജർ രവി
"My Films Portray Muslims Respectfully": Major Ravi on Keerthi Chakra and Kurukshetra: തൻ്റെ സിനിമകളിൽ ഒരുപാട് മുസ്ലിം കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ‘കുരുക്ഷേത്ര’യിലെ സിദ്ദിഖിൻ്റെ കഥാപാത്രം ഓർമ്മയുണ്ടാകും. പാകിസ്ഥാൻ പട്ടാളക്കാർ മരിച്ചുകിടക്കുന്ന സമയത്ത് അവരെ മതാചാര പ്രകാരം തന്നെ ഖബറടക്കുന്നത് സിനിമയിൽ ഉണ്ട്. ഇതേ മേജർ രവി തന്നെയാണ് ആ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്

മേജർ രവി
തൻ്റെ സിനിമകളിലൂടെ താൻ ഒരു മതത്തെയും വ്രണപ്പെടുത്തിയിട്ടില്ല എന്നും. മുസ്ലിം പേരുകളിൽ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് തീവ്ര കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ളവരാകാമെന്നും മേജർ രവി. ‘സെല്ലുലോയിഡ് മാഗസിൻ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റുകാരാകാം എന്ന ആരോപണവുമായി മേജർ രവി രംഗത്തെത്തിയത്. തൻ്റെ സിനിമകളിലൂടെ മുസ്ലിംഗങ്ങളെ ശരിയായ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത് എന്നും അതിനാൽ തന്നെ തൻ്റെ സിനിമകളിൽ വിവാദങ്ങൾ ഉണ്ടായിട്ടില്ല എന്നും മേജർ രവി പറയുന്നുണ്ട്. തൻ്റെ സിനിമകളിലെ മുസ്ലിം കഥാപാത്രങ്ങളെ കുറിച്ചും ഡയലോഗുകളും എടുത്തു പറഞ്ഞുകൊണ്ടായിരുന്നു മേജർ രവിയുടെ ഈ പ്രതികരണം.
“കീർത്തിചക്രയിൽ ഖുറാനെ തുപ്പുന്നു എന്ന് പറയുന്ന ഒരു ഡയലോഗുണ്ട്. ഒരു മുസ്ലിം പോലും അതിനെ വിമർശിച്ച് സംസാരിച്ചിട്ടില്ല. സിനിമയിലെ സിറ്റുവേഷൻ അങ്ങനെയാണ്. ‘എൻ്റെ മക്കളെ റേപ്പ് ചെയ്യാനും കൊല്ലാനും നീ പഠിച്ച ഖുറാനിൽ പറഞ്ഞിട്ടുണ്ടെങ്കിൽ ആ ഖുറാനെ ഞാൻ കാറിത്തുപ്പുന്നു’ എന്നാണ് പറയുന്നത്. ഞാൻ പഠിച്ച ഖുറാനിൽ അതില്ല എന്നാണ് ആ ഉമ്മ പറയുന്ന ഡയലോഗ്. അവിടെ ഒരു വിവാദവും ഉണ്ടായിരുന്നില്ല” മേജർ രവി പറഞ്ഞു.
തൻ്റെ സിനിമകളിൽ ഒരുപാട് മുസ്ലിം കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ‘കുരുക്ഷേത്ര’യിലെ സിദ്ദിഖിൻ്റെ കഥാപാത്രം ഓർമ്മയുണ്ടാകും. പാകിസ്ഥാൻ പട്ടാളക്കാർ മരിച്ചുകിടക്കുന്ന സമയത്ത് അവരെ മതാചാര പ്രകാരം തന്നെ ഖബറടക്കുന്നത് സിനിമയിൽ ഉണ്ട്. ഇതേ മേജർ രവി തന്നെയാണ് ആ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എന്ന് ഓർക്കണം. അപ്പോഴും തന്നെ പലരും കുറ്റം പറയും. താൻ ബി.ജെ.പിയിൽ ചേർന്നതാണ് ഇത്രയധികം ആക്രമണങ്ങൾ നേരിടാൻ കാരണം എന്നും മേജർ രവി പറയുന്നു.
“ഏത് മതത്തിലും പുഴുക്കുത്തെന്ന് പറയുന്ന ഒരു ശതമാനം ആളുകൾ ഉണ്ടാകും. ഒരു പണിക്കും പോകാതെ ബാപ്പാൻ്റെ പൈസകൊണ്ട് ധൂർത്തടിച്ചു നടക്കുന്നവന്മാര്. പിന്നെ, പലടത്തും നോക്കുമ്പോൾ മുസ്ലിം നാമധാരികളായിരിക്കും എന്നെ തെറിവിളിക്കുന്നത്. പകുതിയിലധികവും ചിലപ്പോൾ തീവ്ര കമ്മ്യൂണിസ്റ്റുകാരായ ആളുകൾ മുസ്ലിം പേരിട്ടുകൊണ്ട് ചെയ്യുന്നതാകാം” മേജർ രവി പറഞ്ഞു
മുഖമില്ലാത്ത ഇത്തരം ആളുകളെ മാനികേണ്ട ആവശ്യമില്ല. സ്വന്തം ഫ്രസ്ട്രേഷൻ തീർക്കാനും സമൂഹത്തിൽ വർഗീയതയും സൃഷ്ടിക്കാനുമാണ് ഇത്തരം ആളുകൾ ശ്രമിക്കുന്നത്. സിനിമ ചെയ്യുന്ന സമയത്ത് ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാറില്ല എന്നും മേജർ രവി പറയുന്നു. ആരെയും വ്രണപ്പെടുത്തരുത് എന്നതാണ് തൻ്റെ നിലപാട്. മതങ്ങൾക്ക് ബഹുമാനം നൽകുകയാണ് വേണ്ടത്. ‘കുരുക്ഷേത്ര’യിലെ ആ സീൻ യഥാർത്ഥ സംഭവമാണ്. അന്ന് പാകിസ്ഥാനികളെ ഖബറടക്കിയത് ഇന്ത്യക്കാരാണ്. അങ്ങനെയുള്ള ഒരു രാജ്യമാണ് ഇന്ത്യ എന്നും മേജർ രവി വ്യക്തമാക്കി.
English Summary
Major Ravi stated his films respect all religions, adding that cyber attackers using Muslim names might actually be hardline communists targeting him for joining the BJP.