Kalabhavan Navas: ‘അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ’; അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും
Kalabhavan Navas Funeral Updates: എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളതെന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കലാഭവൻ നവാസിന് ആദരാഞ്ജലികൾ എന്നാണ് ഫേസ്ബുക്കിൽ മമ്മൂട്ടി കുറിച്ചത്.
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ അകാലവിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളതെന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കലാഭവൻ നവാസിന് ആദരാഞ്ജലികൾ എന്നാണ് ഫേസ്ബുക്കിൽ മമ്മൂട്ടി കുറിച്ചത്.
‘എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മള്‍ കാണാറുള്ളത്. നര്‍മ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികള്‍’. നവാസിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Also Read:കലാഭവൻ നവാസിന്റെ വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം; പോസ്റ്റുമോർട്ടം ഇന്ന്, ഖബറടക്കം വൈകീട്ട്
ഇന്നലെ രാത്രി എട്ടരയോടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങാൻ നിൽക്കുകയായിരുന്നു സംഭവം. ഒൻപത് മണിയായിട്ടും ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യാതെ വന്നതോടെയാണ് ഹോട്ടല്‍ ജീവനക്കാരന്‍ മുറി തുറന്നുനോക്കിയത്. ഈ സമയം കട്ടിലിനോട് ചേര്‍ന്ന് തറയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു. ഇവിടെ നിന്ന് ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഹോട്ടലില്‍നിന്ന് കൊണ്ടുപോവുമ്പോള്‍ അനക്കമുണ്ടായിരുന്നെന്നാണ് ഹോട്ടലുടമ പറയുന്നത്.