Kalabhavan Navas: ‘സെറ്റിൽ വച്ച് നെഞ്ചുവേദനയുണ്ടായെങ്കിലും ആശുപത്രിയിൽ പോയില്ല; സമയമായി, നവാസ്ക്ക പോയി’: വികാരനിർഭരമായി വിനോദ് കോവൂർ
Vinod Kovoor Tribute To Kalabhavan Navas: കലാഭവൻ നവാസിന് സെറ്റിൽ വച്ച് നെഞ്ചുവേദനയുണ്ടായി എന്ന് വിനോദ് കോവൂർ. എങ്കിലും അദ്ദേഹം ആശുപത്രിയിൽ പോയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കലാഭവൻ നവാസിൻ്റെ മരണത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടൻ വിനോദ് കോവൂർ. സെറ്റിൽ വച്ച് നെഞ്ചുവേദനയുണ്ടായെങ്കിലും ആശുപത്രിയിൽ പോയില്ല. ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാവും. സമയമായപ്പോൾ നവാസ്ക്ക പോയി എന്നും വിനോദ് കോവൂർ കുറിച്ചു. ഈ മാസം ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരം അറിഞ്ഞപ്പോൾ വ്യാജവാർത്തയാവണേ എന്ന് ആഗ്രഹിച്ചു എന്ന് വിനോദ് കോവൂർ പറഞ്ഞു. കളമശ്ശേരി മോർച്ചറിയുടെ മുമ്പിൽ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോൾ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി. അപ്പോൾ കണ്ണ് അല്പം തുറന്നുകിടന്നിരുന്നു. കവിളത്ത് തട്ടി നവാസ്ക്കാ എന്ന് വിളിച്ചുനോക്കി. ഇത്രേയുള്ളൂ മനുഷ്യൻ്റെ കാര്യം. ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ എന്നും അദ്ദേഹം കുറിച്ചു.




സെറ്റിൽ വെച്ച് അദ്ദേഹത്തിന് നെഞ്ച് വേദനയുണ്ടായി എന്ന് വിനോദ് കോവൂർ തുടർന്നു. ഡോക്ടറെ വിളിച്ച് സംസാരിച്ചതിന് ശേഷം ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകി. ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും. അപ്പോഴേക്കും രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവൻ തട്ടിയെടുത്തു. വേദന വന്ന സമയത്ത് തന്നെ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. എങ്കിലുകൾക്ക് ഇവിടെ സ്ഥാനമില്ലല്ലോ. നവാസ്ക്കയുടെ സമയം വന്നു, നവാസ്ക്ക പോയി. അത്ര തന്നെ എന്നും അദ്ദേഹം വിശദീകരിച്ചു.
ഒരുമിച്ച കുറേ സ്റ്റേജ് പ്രോഗ്രാമുകൾക്കുപരി ഒരു സഹോദര സ്നേഹമായിരുന്നു നവാസ്ക്കക്ക്. ഇനി നവാസ്ക്ക ഓർമ്മകളിൽ മാത്രമെന്ന് വിശ്വസിക്കാൻ പ്രയാസം.കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു. ശരിക്കും പേടിയാവുകയാണ്. അമ്പത്തിയൊന്നാമത്തെ വയസിലാണ് നവാസ്ക്കയുടെ മരണം. ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവിതമാണ് നമ്മുടെ ഓരോരുത്തരുടേയുമെന്നും കോവൂർ കുറിച്ചു.
വിനോദ് കോവൂറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്