Mammootty: ‘ഇനിയും റൊമാന്റിക് ഹീറോ ആവുന്നതിൽ രസമില്ല; ഹീറോയ്ക്ക് പരിമിതികളുണ്ട്; എന്നാൽ വില്ലന് ഇല്ല’; മമ്മൂട്ടി
Mammootty About Character Roles: മുതിർന്ന വേഷങ്ങളിലേക്ക് മാറുമ്പോൾ കൂടുതൽ അവസരങ്ങൾ കിട്ടും. കൂടുതൽ വ്യത്യസ്തമായ വേഷങ്ങൾ കിട്ടും. ഒരു നായകന് പരിമിതികളുണ്ടാവും. പക്ഷേ വില്ലന്റെ കാര്യം അങ്ങനെയല്ലെന്നാണ് മമ്മൂട്ടി പറയുന്നത്.
മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘കളങ്കാവൽ’. ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമ ബുധനാഴ്ച തീയറ്ററുകളിൽ എത്തും. വിനായകൻ, ജിബിൻ ഗോപിനാഥ്, മീരാ ജാസ്മിൻ, രജിഷ വിജയൻ തുടങ്ങിയവരും സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നു.
സിനിമയിൽ വില്ലനായിട്ടാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയിൽ സിനിമയുടെ റിലീസിനുമുന്നോടിയായി നടൻ മമ്മൂട്ടി നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ സീനിയർ വേഷങ്ങളിലേക്ക് പൂർണമായും മാറിയത് തനിക്ക് കൂടുതൽ ചോയ്‌സുകൾ നൽകിയെന്നാണ് മമ്മൂട്ടി പറയുന്നത്. കൊമേഴ്‌സ്യൽ ഹീറോയെ അവതരിപ്പിക്കുന്നതിൽ ഇപ്പോൾ ഒരു രസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:മനം പോലെ മംഗല്യം! സമാന്തയും രാജ് നിദിമോരുവും വിവാഹിതരായി; വിവാഹച്ചിത്രങ്ങളുമായി താരം
ഒരു റൊമാന്റിക് ഹീറോ ആയിട്ടുള്ള കഥാപാത്രം വേണമെന്ന് പറഞ്ഞാൽ തനിക്കത് കിട്ടുമെന്നും എന്നാൽ ഇനിയുമത് ചെയ്യുന്നതിൽ ഒരു രസവുമില്ലെന്നാണ് താരം പറയുന്നത്. മുതിർന്ന വേഷങ്ങളിലേക്ക് മാറുമ്പോൾ കൂടുതൽ അവസരങ്ങൾ കിട്ടും. കൂടുതൽ വ്യത്യസ്തമായ വേഷങ്ങൾ കിട്ടും. ഒരു നായകന് പരിമിതികളുണ്ടാവും. പക്ഷേ വില്ലന്റെ കാര്യം അങ്ങനെയല്ല.
പരിമിതികളില്ലെന്നാണ് താരം പറയുന്നത്. ഈ സിനിമയിൽ അങ്ങനൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും എന്നാൽ അയാളെ താൻ വില്ലൻ എന്ന് വിളിക്കില്ലെന്നും പക്ഷേ നല്ലൊരു മനുഷ്യനല്ലെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.പ്രതിച്ഛായ തകർക്കുന്ന അത്തരത്തിലുള്ള റോളുകൾ ചെയ്യുന്നത് ആഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. തന്നിലെ നടനെ തൃപ്തിപ്പെടുത്താൻ കഴിയണം. ഒരു താരം എന്ന് വിളിക്കപ്പെടുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും പക്ഷേ ഒരു അഭിനേതാവ് ആവുക എന്ന കാര്യത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും മമ്മൂട്ടി പറഞ്ഞു.