Mammootty: സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയുടെ എൻട്രി; യുകെയിലെ പേട്രിയറ്റ് ഷൂട്ടിങ് വിഡിയോ വൈറൽ
Mammootty Patriot Movie Shooting In UK: മമ്മൂട്ടിയുടെ പേട്രിയറ്റ് സിനിമയുടെ ഷൂട്ടിങ് യുകെയിൽ. ഇതിൻ്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
മഹേഷ് നാരായണൻ – മമ്മൂട്ടി ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിൻ്റെ ഷൂട്ടിങ് യുകെയിൽ പുരോഗമിക്കുന്നു. ഇതിൻ്റെ വിഡിയോ മമ്മൂട്ടിക്കമ്പനി സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടി തന്നെയാണ് വിഡിയോയിലെ ശ്രദ്ധകേന്ദ്രം. മമ്മൂട്ടിയ്ക്കൊപ്പം നടി സരിൻ ഷിഹാബും ദൃശ്യങ്ങളിലുണ്ട്.
സംവിധായകൻ മഹേഷ് നാരായണൻ, നിർമ്മാതാവ് ആൻ്റോ ജോസഫ് തുടങ്ങി ഒരു വലിയ സംഘം ക്രൂ ഉൾപ്പെടെയാണ് യുകെയിൽ ചിത്രീകരണം നടക്കുന്നത്. ചുവന്ന റേഞ്ച് റോവറിൽ ആൻ്റോ ജോസഫിനൊപ്പം ലൊക്കേഷനിലേക്ക് വരുന്ന മമ്മൂട്ടി പിന്നീട് തിരക്കഥ വായിക്കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് മമ്മൂട്ടി ക്യാമറയിൽ ചില ചിത്രങ്ങളെടുക്കുന്നു. ആൻ്റോ ജോസഫ് അടക്കമുള്ളവരുടെ ചിത്രങ്ങളെടുക്കുന്ന മമ്മൂട്ടി പിന്നീട് ഷൂട്ടിംഗിലേക്ക് കടക്കുന്നു.
രോഗബാധയെ തുടർന്ന് മാസങ്ങളായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ഈ മാസം ആദ്യമാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെയെത്തിയത്. പേട്രിയൻ്റിൻ്റെ തന്നെ ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്ത മമ്മൂട്ടി തിരിച്ചുവരവിലുള്ള തൻ്റെ സന്തോഷവും അനന്ദിയും അറിയിച്ചു. ഹൈദരാബാദ് നഗരത്തിൽ നാല് ഇടങ്ങളിലായി നടന്ന ചിത്രീകരണത്തിന് ശേഷമാണ് പേട്രിയറ്റ് കടൽ കടന്നത്.
മമ്മൂട്ടിക്കൊപ്പം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ താര തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന സിനിമയാണ് പേട്രിയറ്റ്.17 വർഷത്തിനു ശേഷമാണ് മമ്മൂട്ടി- മോഹൻലാൽ കൂട്ടുകെട്ട് വെള്ളിത്തിരയിൽ ഒരുമിക്കുന്നത്. ഹരികൃഷ്ണൻസിന് ശേഷം മമ്മൂട്ടി – മോഹൻലാൽ – കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിച്ചെത്തുന്ന ആദ്യ സിനിമയും പേട്രിയറ്റാണ്.
മമ്മൂട്ടിയ്ക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണമെണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. പ്രോട്ടോൺ തെറാപ്പിക്കായി താരത്തെ മാർച്ച് 19ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി രോഗമുക്തനായപ്പോൾ മോഹൻലാൽ അടക്കം നിരവധി പേരാണ് സന്തോഷം പങ്കുവച്ചത്.
വിഡിയോ കാണാം
പേട്രിയറ്റ് ടീസർ കാണാം