Sreenivasan: ‘ചേച്ചിയെ കണ്ടില്ലെങ്കിൽ ശ്രീനിയേട്ടന് വിഷമമാണ്, മരിച്ചിട്ടും ചേച്ചിക്ക് മനസിലായില്ല’
Manu Philip About Sreenivasan: കഥ എഴുതാനായി എവിടെ എങ്കിലും മാറി താമസിച്ചാൽ പോലും വിമല ചേച്ചിയെ ശ്രീനിയേട്ടൻ വിളിച്ച് വരുത്തുമെന്നാണ് മനു പറയുന്നത്. രണ്ടുപേരും തമ്മിൽ ഭയങ്കര സ്നേഹമാണ്. മരിക്കുന്നത് വരെ അവർ പ്രണയിച്ചുവെന്നാണ് മനു പറയുന്നത്.
നടൻ ശ്രീനിവാസന്റെ വിയോഗം മലയാളികൾക്ക് തീരാനഷ്ടമാണ്. നല്ലൊരു വ്യക്തിയെയും നടനെയും സംവിധായകനെയും തിരക്കഥാകൃത്തിനെയുമാണ് സിനിമ ലോകത്തിനു നഷ്ടമായത്. ഇപ്പോഴിതാ അദ്ദേഹവുമായുള്ള അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ കുടുംബ സുഹൃത്തും അയൽവാസിയുമായ മനു ഫിലിപ്പ്. അവസാന നിമിഷങ്ങളിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആളാണ് മനു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേർപാടിനെ കുറിച്ച് ആലോചിക്കുമ്പോൾ ഇന്നും വിഷമമാണ്.
മൂന്ന് വർഷം മുൻപാണ് അദ്ദേഹത്തിന് അസുഖം തുടങ്ങിയത്. ഒരിക്കൽ ഒരു യാത്ര കഴിഞ്ഞ് എത്തിയപ്പോൾ ഒരു വശം അൽപ്പം വീക്കായത് പോലെ തോന്നുന്നുവെന്ന് പറഞ്ഞു. ഇതോടെയാണ് സ്റ്റോക്കിന്റെ ആരംഭമായിരുന്നുവെന്ന് മനസിലായത്. ഇതിനു പിന്നാലെ അസുഖങ്ങൾ മാറി മാറി വന്നുകൊണ്ടിരുന്നു. സിഗരറ്റ് നന്നായി വലിക്കുമായിരുന്നു. കഥ എഴുതുമ്പോൾ മുറി അടച്ചിരുന്ന് ഭയങ്കരമായി വലിക്കുമായിരുന്നു. ഈ ശീലം മാറ്റാൻ ഒരുപാട് ശ്രമിച്ചുവെന്നും മൂന്ന്, നാല് വർഷം വലി നിർത്തിയിരുന്നുവെന്നും എന്നാൽ പിന്നീട് വീണ്ടും തുടങ്ങിയെന്നാണ് മനു പറയുന്നത്.
Also Read: ‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’; പുതിയ ഭാവത്തിലും രൂപത്തിലും ഭാവന; ആശംസകള്‍ നേര്‍ന്ന് താരങ്ങൾ
ശ്രീനിവാസൻ സാറിന് കൃഷിയോട് കൂടുതൽ അടുപ്പമുണ്ട്. ഇടയ്ക്കിടെ അപ്ഡേഷൻസ് ചോദിക്കും. ധ്യാൻ സ്വമേധയ വന്നാണ് അച്ഛന്റെ കൃഷി ഏറ്റെടുത്തത്. വിളവെടുപ്പിന് എല്ലാം ശ്രീനിയേട്ടൻ വരാറുണ്ടായിരുന്നു. കൃഷിയോടുള്ള താത്പര്യം കൊണ്ടാണ് അദ്ദേഹം ഇത്രത്തോളം സ്ഥലം തന്നെ വാങ്ങിയത്. കാട് മുഴുവൻ വെട്ടിതെളിച്ചാണ് കൃഷിക്ക് സ്ഥലമാക്കി മാറ്റിയത്. ഷൂട്ടിങ് തിരക്ക് കഴിഞ്ഞ് വന്നാൽ ആദ്യം വരുന്നതും കൃഷി ഇടത്തിലേക്കാണെന്നും മനു പറയുന്നു.
മരിക്കുന്ന ദിവസം ഡയാലിസിസിന് കൊണ്ടുപോകാൻ വേണ്ടി വണ്ടിയിലേക്ക് കയറുന്നതിനിടെ ഭയങ്കര വേദനയാണെന്ന് തന്നോട് പറഞ്ഞു. അപ്പോഴും ചിരിച്ചുകൊണ്ട് തന്നെയായിരുന്നു സംസാരം. നടക്കാൻ ആഗ്രഹം പറഞ്ഞപ്പോൾ കുറച്ച് ദൂരം നടന്നു. പെട്ടന്ന് വയ്യാതെയായി. ഉടനെ വണ്ടിയിൽ കയറ്റിയെന്നാണ് മനു പറയുന്നത്. എങ്ങനെയാണ് വണ്ടി ഓടിച്ച് പോയതെന്ന് അറിയില്ല. ധ്യാനിനേയും വിനീതിനേയും വിവരങ്ങൾ അറിയിച്ചത് അർപ്പിതയാണ്. ശ്രീനിയേട്ടനൊപ്പം എപ്പോഴും ഉണ്ടായിരുന്നത് ഭാര്യ വിമല ചേച്ചിയാണെന്നും ചേച്ചിയെ കണ്ടില്ലെങ്കിൽ ശ്രീനിയേട്ടന് വിഷമമാണെന്നും മനു പറയുന്നു. കഥ എഴുതാനായി എവിടെ എങ്കിലും മാറി താമസിച്ചാൽ പോലും വിമല ചേച്ചിയെ ശ്രീനിയേട്ടൻ വിളിച്ച് വരുത്തുമെന്നാണ് മനു പറയുന്നത്. രണ്ടുപേരും തമ്മിൽ ഭയങ്കര സ്നേഹമാണ്. മരിക്കുന്നത് വരെ അവർ പ്രണയിച്ചുവെന്നാണ് മനു പറയുന്നത്.