Nivin Pauly: വ്യാജ ഒപ്പിട്ട് സിനിമയുടെ ടൈറ്റിൽ സ്വന്തമാക്കി; നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
Nivin Pauly Files Cheating Case Against PA Shamnas: കരാർ സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിൽ നിവിൻ പോളിയെ സമൂഹ മാധ്യമത്തിലൂടെ അപകമാനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമായി ഷംനാസ് ഗൂഡാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു.
‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേര് തന്റെ വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നടൻ നിവിൻ പോളിയുടെ പരാതിയിൽ നിർമ്മാതാവ് പി എ ഷംനാസിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചിത്രത്തിൻറെ നിർമ്മാതാവും നായകനും നിവിൻ പോളി തന്നെയാണ്. നേരത്തെ, നിവിൻ പോളിക്കെതിരെ ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പോലീസ് വഞ്ചന കുറ്റത്തിന് കേസ് എടുത്തിരുന്നു
‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിവിൻ പോളി, സംവിധായകൻ ഏബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ചേർന്ന് 2023ൽ ഒരു കരാർ ഒപ്പിട്ടിരുന്നു. ഇതിൽ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യം മറച്ച് വച്ച് ഷംനാസ് ഫിലിം ചേംബറിൽ നിന്നും സിനിമയുടെ പേരിൻറെ അവകാശം സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കിയെന്നാണ് നടന്റെ പരാതിയിൽ പറയുന്നത്.
കരാർ സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിൽ നിവിൻ പോളിയെ സമൂഹ മാധ്യമത്തിലൂടെ അപകമാനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമായി ഷംനാസ് ഗൂഡാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു. വ്യാജ ഒപ്പിട്ട് സിനിമയുടെ പേര് സ്വന്തമാക്കിയെന്ന പരാതിയിൽ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികൾ സ്വീകരിച്ചേക്കും. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പുറമെ ഫിലിം ചേംബർ ഇയാളുടെ നിർമ്മാണ കമ്പനിക്ക് വിലക്ക് ഏർപ്പെടുത്താനും സാധ്യതയുണ്ട്.
നേരത്തെ, ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ അവകാശങ്ങൾ തനിക്കാണെന്നും, നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയർ, ഓവർസീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നൽകിയെന്നും കാണിച്ച് പി എ ഷംനാസ് നൽകിയ പരാതിയിൽ നിവിന് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് റദ്ദാക്കാനാുള്ള നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നടന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.