Nivin Pauly: വഞ്ചനാക്കുറ്റം; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്ക് നോട്ടിസ്; ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം
Nivin Pauly Faces Legal Notice: ചിത്രത്തിന്റെ വിദേശ വിതരണാവകാശം നിർമാതാവായ തന്റെ അറിവില്ലാതെ വിദേശകമ്പനിക്കു നൽകിയതിലൂടെ സാമ്പത്തികനഷ്ടം വരുത്തിയെന്നാണു ഷംനാസിന്റെ പരാതി.
കൊച്ചി: വഞ്ചനകുറ്റത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപ്പറമ്പ് പോലീസാണ് നോട്ടീസ് അയച്ചത്. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാകാൻ നിർദേശമുണ്ട്. നിർമ്മാതാവ് ഷംനാസ് വൈക്കം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
നിവിൻ പോളി നായകനായ “ആക്ഷൻ ഹീറോ ബിജു 2” സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. 1.9 കോടി രൂപയാണ് തട്ടിയത് എന്നാണ് പി.എസ്.ഷംനാസ് പരാതിയിൽ പറയുന്നത്. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍.
ചിത്രത്തിന്റെ വിദേശ വിതരണാവകാശം നിർമാതാവായ തന്റെ അറിവില്ലാതെ വിദേശകമ്പനിക്കു നൽകിയതിലൂടെ സാമ്പത്തികനഷ്ടം വരുത്തിയെന്നാണു ഷംനാസിന്റെ പരാതി. എന്നാൽ, കേസിൽ കോടതിയുടെ നിർദേശപ്രകാരം മധ്യസ്ഥശ്രമങ്ങൾ നടക്കുകയാണെന്നും ഇതു മറച്ചുവച്ചാണു പുതിയ കേസെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.
മഹാവീര്യര്‍ സിനിമയുടെ സഹനിര്‍മ്മാതാവ് വിഎസ് ഷംനാസിന് 95 ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്നാണ് അവകാശവാദം. ഇതിനു പിന്നാലെ എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഇതിനായി തന്റെ കൈയിൽ നിന്ന് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും പരാതിക്കാരൻ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച കരാർ തയ്യാറായതിന് പിന്നാലെ മൂവരും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായി.