Omar Lulu : അനൂപ് മേനോനും ധ്യാനും ഇൻഡസ്ട്രി ഹിറ്റ് അടിച്ചു, ഷീലു മാഡത്തിന് വീടും സ്ഥലവും തിരികെ കിട്ടി! പോസ്റ്റ് മുക്കി ഒമർ ലുലു
Omar Lulu Sheelu Abraham Issue : അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരുടെ രവീന്ദ്ര നീ എവിടെ എന്ന സിനിമയുടെ റിലീസിന് ശേഷമാണ് ഒമർ ലുലു ഇത്തരത്തിൽ പോസ്റ്റിട്ടത്. നേരത്തെ ഒമർ ലുലുവിൻ്റെ ബാഡ് ബോയ്സ് കാരണം തനിക്ക് വാടക വീട്ടിലേക്ക് മാറേണ്ടി വന്നുയെന്ന് ഷീലു എബ്രഹാം പറഞ്ഞിരുന്നു.
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ വിമർശിച്ചുകൊണ്ടുള്ള ഫേസബുക്ക് പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു. മൂവരും ഒരുമിച്ച ഏറ്റവും പുതിയ ചിത്രം ഇൻഡസ്ട്രി ഹിറ്റ് അടിച്ചെന്നും ബാഡ് ബോയ്സ് സിനിമയിലൂടെ ഷീലു എബ്രഹാമിന് നഷ്ടപ്പെട്ട വീടും സ്ഥലവും ഇതിലൂടെ തിരികെ ലഭിച്ചുയെന്നും പരിഹാസരൂപേണയുള്ള പോസ്റ്റാണ് ഒമർ ലുലു തൻ്റെ പേജിൽ പങ്കുവെച്ചത്. എന്നാൽ പതിവ് പോലെ മിനിറ്റുകൾക്കുള്ളിൽ സംവിധായകൻ പോസ്റ്റ് മുക്കുകയും ചെയ്തു.
“ബഹുമാന്യരായ നാട്ടുകാരെ,
ഒരു ദശാബ്ദ കാലമായി മലയാള സിനിമയിൽ ഇൻഡസ്ട്രി ഹിറ്റ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോൻ ചേട്ടനും, തൻ്റെ ഉള്ളിലെ കഴിവ് അഭിനയത്തിൽ മാത്രം ഒതുക്കി നിർത്താതെ മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ നാല് സ്ക്രിപ്റ്റുകൾ എഴുതി സമ്മാനിച്ച ധ്യാൻ സാറും കൂടി മറ്റൊരു ഇൻഡസ്ട്രി ഹിറ്റ് നൽകി കൊണ്ട് നായികയും നിർമാതാവുമായ ഷീലു മാഡത്തിന് ബാഡ് ബോയ്സിലൂടെ നഷ്ടപ്പെട്ട പോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ” ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
ഒമർ ലുലു പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച രവീന്ദ്ര നീ എവിടെ എന്ന സിനിമ ബോക്സ്ഓഫീസിൽ പരാജയമായതിന് പിന്നാലെ ഒമർ ലുലു ഈ പരിഹാസ പോസ്റ്റ് ഫേസ്ബുക്കിൽ കുറിച്ചത്. രവീന്ദ്ര നീ എവിടെ എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ താൻ ഇതിന് മുമ്പ് നിർമിച്ച ചിത്രം പരാജയപ്പെട്ടതോടെ തനിക്ക് വീടും ഹോട്ടലും വിറ്റ് വാടക വീട്ടിലേക്ക് മാറേണ്ടി വന്നുയെന്ന് ഷീലു എബ്രഹാം ഒരു യുട്യൂബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷീലു എബ്രഹാമിൻ്റെ ഈ പ്രസ്താവനയ്ക്ക് മറുപടി എന്ന പോലെയാണ് ഒമർ ലുലുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഈ കഴിഞ്ഞ ജൂലൈ 18നാണ് രവീന്ദ് നീ എവിടെ തിയറ്ററിൽ എത്തിയത്. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മനോജ് പാലോടനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും ഷീലു എബ്രഹാമിനും പുറമെ ചിത്രത്തിൽ സിദ്ധിഖ്, അസീസ് നെടുമങ്ങാട്, മേജർ രവി, സെന്തിൽ കൃഷ്ണ, സുരേഷ് കൃഷ്ണ, സജീൻ ചെറുകായിൽ, എൻപി നിസാ, ചെമ്പിൽ അശോകൻ, അപർണതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.