Onam mood song: 24 മില്യണിലധികം വ്യൂസ്, 1.90 ലക്ഷം റീല്‍സുകള്‍ പാൻ ഇന്ത്യൻ അല്ല അതുക്കും മേലെ ഹിറ്റായി ഓണം മൂഡ്
onam mood song become global hit: ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ലേബലായ സരിഗമ പുറത്തിറക്കിയ ഈ ഗാനം ഈ വർഷത്തെ ഓണം ഹിറ്റുകളിൽ ഒന്നായി മാറിയെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി: ഈ ഓണക്കാലത്ത് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത് ‘ഓണം മൂഡ്’ എന്ന ഗാനമാണ്. ‘ഏത് മൂഡ് അത്തം മൂഡ്, ഏത് മൂഡ് പൂക്കളം മൂഡ്..’ എന്ന് തുടങ്ങുന്ന ഈ ഗാനം കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി മാറി. ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ലേബലായ സരിഗമ പുറത്തിറക്കിയ ഈ ഗാനം ഈ വർഷത്തെ ഓണം ഹിറ്റുകളിൽ ഒന്നായി മാറിയെന്ന് അധികൃതർ അറിയിച്ചു.
ബിബിൻ അശോകിന്റെ സംഗീതത്തിൽ വിനായക് ശശികുമാർ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഫെജോ, ഹിംന ഹിലരി, ഹിനിത ഹിലരി എന്നിവരാണ്. ആകർഷകമായ ഈണവും ആഘോഷപരമായ വരികളുമാണ് ഈ പാട്ടിനെ ഇത്രയധികം സ്വീകാര്യമാക്കിയത്. യൂട്യൂബിൽ 25 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ഈ ഗാനം, ഇൻസ്റ്റഗ്രാമിൽ 1,90,000-ലധികം റീലുകളിലും യൂട്യൂബ് ഷോർട്ട്‌സിൽ 50,000-ത്തിലധികം വീഡിയോകളിലും ഉപയോഗിക്കപ്പെട്ടു.
ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ്, മാഞ്ചസ്റ്റർ സിറ്റി, ബൊറൂസിയ ഡോർട്മുണ്ട് തുടങ്ങിയ ആഗോള ഫുട്ബോൾ ക്ലബുകൾ പോലും ഓണം ആശംസകൾ നേരാൻ ഈ ഗാനം ഉപയോഗിച്ചത് പാട്ടിന്റെ ആഗോള സ്വീകാര്യത വർദ്ധിപ്പിച്ചു. സ്പോട്ടിഫൈയുടെ ഇന്ത്യയിലെയും ആഗോള ചാർട്ടുകളിലും ‘ഓണം മൂഡ്’ ഇടം നേടി. കേരളത്തിന്റെ ഓണ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സരിഗമ അധികൃതർ അറിയിച്ചു.