Salman Khan: സൽമാൻ ഖാനെ ശരിക്കും തീവ്രവാദിയായി പ്രഖ്യാപിച്ചോ? ഒടുവിൽ മൗനം വെടിഞ്ഞ് പാക് മന്ത്രാലയം
Salman Khan Balochistan Comment Controversy: പാകിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങിന്റെ ഫാക്ട്ചെക്കിങ് വിഭാഗമാണ് ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്.
ഇസ്‌ലാമാബാദ്: ബോളിവുഡ് താരം സൽമാൻ ഖാൻ നടത്തിയ ബലൂചിസ്ഥാൻ പരാമർശത്തിന്റെ പേരിൽ നടനെ ഭീകരവാദിയായി പാകിസ്ഥാൻ പ്രഖ്യാപിച്ചെന്ന തരത്തിൽ വാർത്തകൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ.
സൽമാൻ ഖാനെ സംബന്ധിച്ച് പുറത്തു വന്ന വാർത്ത തെറ്റാണെന്ന് ഇവർ പറയുന്നു. പാകിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങിന്റെ ഫാക്ട്ചെക്കിങ് വിഭാഗമാണ് ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്.സൽമാൻ ഖാന് വിലക്കേർപ്പെടുത്തി കൊണ്ടുള്ള യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
തീവ്രവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പാകിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയമോ പ്രവിശ്യാ ഭരണകൂടമോ യാതൊരു അറിയിപ്പും പുറത്തുവിട്ടിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. സൽമാൻ ഖാനുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ വാർത്തകളും ഇന്ത്യൻ മാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പാക്കിസ്ഥാന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നും ഈ വാർത്ത ഇല്ലെന്നും പുറത്തുവന്ന വാർത്ത വ്യാജമാണെന്നും പോസ്റ്റിൽ പറയുന്നു.
Also Read:ബലൂചിസ്ഥാൻ പരാമർശം; സൽമാൻ ഖാൻ തീവ്രവാദിയെന്ന് പാക്ക് സർക്കാർ
എന്താണ് സൽമാൻ ഖാൻ പറഞ്ഞത്?
ഈ മാസം ആദ്യം നടന്ന ജോയ് ഫോറം 2025-ൽ സൗദി അറേബ്യയിലെ പരിപാടിയിൽ വച്ചാണ് താരത്തിന്റെ വിവാദ പരാമർശം ഉണ്ടായത്. ഷാറൂഖ് ഖാനും ആമിർ ഖാനുമൊപ്പം എത്തിയ താരം സിനിമകളും വിജയസാദ്ധ്യതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഒരു ഹിന്ദി ചിത്രം എടുത്ത് റിലീസ് ചെയ്താൽ സൗദി അറേബ്യയിൽ സൂപ്പർഹിറ്റാകുമെന്നും ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാള സിനിമയാണ് ചെയ്യുന്നതെങ്കിൽ അത് നൂറുകോടി രൂപയുടെ ബിസിനസ് നേടും. കാരണം മറ്റു രാജ്യങ്ങളിൽനിന്നുള്ള നിരവധി ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാക്കിസ്ഥാനിൽ നിന്നുള്ളവരുണ്ട്… എല്ലാവരും ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്നാണ് സൽമാൻ പറഞ്ഞത്.
ബലൂചിസ്ഥാനെയും പാകിസ്ഥാനെയും രണ്ടായി പറഞ്ഞതാണ് പാകിസ്ഥാനെ ചൊടിപ്പിക്കാൻ കാരണമായത്. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയായി എന്നാണ് റിപ്പോർട്ട്. സൽമാന്റെ പരാമർശത്തെ ബലൂച് വിഘടനവാദി നേതാക്കള്‍ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.