വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍, മറക്കാനാകാത്ത പ്രകടനങ്ങള്‍; സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
PM Narendra Modi Condoles the Salim Kumar: സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാനതകളില്ലാത്ത അഭിനയശൈലി കൊണ്ട് ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

സലിം കുമാര്‍
ന്യൂഡല്‍ഹി/കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാനതകളില്ലാത്ത അഭിനയശൈലി കൊണ്ട് ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
” നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും മറക്കാനാകാത്ത പ്രകടനങ്ങളിലൂടെയും തന്റെ സുദീർഘമായ അഭിനയജീവിതത്തിൽ സവിശേഷമായ ഒരു സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ലക്ഷക്കണക്കിന് വരുന്ന ആരാധകർക്കുമൊപ്പമാണ്. ഓം ശാന്തി”-മോദി എക്‌സില്‍ കുറിച്ചു.
മോദിയുടെ ട്വീറ്റ്
Deeply saddened by the passing of veteran actor Shri Salim Kumar Ji. Over the course of a distinguished career, he made a mark with his versatility and memorable performances across a wide range of roles. My thoughts are with his family and countless admirers in this hour of…
— Narendra Modi (@narendramodi) June 7, 2026
മുഖ്യമന്ത്രി വി.ഡി. സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ചിരുന്നു. മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖവും ചിരിയുമാണ് സലിം കുമാറെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. മലയാള ചലച്ചിത്ര മേഖലയിലെ ഒരു അതികായനായിരുന്നു സലിം കുമാറെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമയ്ക്ക് സലിം കുമാര്‍ നല്‍കിയ സംഭാവന തലമുറകളോളം ഓര്‍മ്മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ചലച്ചിത്ര-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സലിംകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
സംസ്‌കാരം വൈകിട്ട് 3.30-ന്
വൈകിട്ട് 3.30-ന് പറവൂരിലെ വീട്ടുവളപ്പിലാണ് സലിംകുമാറിന്റെ സംസ്‌കാരം. ഔദ്യോഗിക ബഹുമതികളോടെ കേരളം സലിംകുമാറിന് വിട നല്‍കും. പറവൂര്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് മലയാളത്തിന്റെ അതുല്യ കലാകാരനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്നലെ രാത്രി 10.43-നായിരുന്നു സലിം കുമാറിന്റെ അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.
മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യ സിനിമ. 2010-ല്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തേടിയെത്തി. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ പ്രകടനത്തിന് 2005-ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കമ്പാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ കുമാര്‍ ആകണം എന്നീ മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
English Summary
Prime Minister Narendra Modi condoled the passing of veteran actor Salim Kumar. He praised the actor’s versatile career and memorable on-screen performances. The Prime Minister expressed deep sadness over this great loss. He offered his heartfelt thoughts to the family and countless admirers.