Kerala State Film Awards 2024: ‘ഇത് നമ്മുടെ അമൽ ഡേവിസ് ആയിരുന്നോ?’; സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി സംഗീത് പ്രതാപ്
അൻപത്തി നാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച എഡിറ്റർക്കുള്ള അവാർഡ് കരസ്ഥമാക്കി സംഗീത് പ്രതാപ്.
ഈ വർഷം റിലീസായ പ്രേമലു എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സംഗീത് പ്രതാപ്. ചിത്രത്തിൽ അമൽ ഡേവിസ് എന്ന മുഴുനീള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിച്ചത്. സിനിമയിലെ നായകൻ നസ്‌ലിനൊപ്പം മികച്ച പ്രടകടനമാണ് സംഗീത് കാഴ്ചവെച്ചത്. എന്നാൽ അഭിനയിക്കാൻ മാത്രമല്ല നന്നായി എഡിറ്റ് ചെയ്യാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം.
അൻപത്തി നാലാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോഴാണ് ‘ഇത് നമ്മുടെ അമൽ ഡേവിസ് അല്ലേ’ എന്ന് പലരും ശ്രദ്ധിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച എഡിറ്റർക്കുള്ള അവാർഡാണ് സംഗീതിനെ തേടിയെത്തിയത്. ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന ചിത്രത്തിനാണ് സംഗീത് അവാർഡിന് അർഹനായത്. അൻപതിനായിരം രൂപയും, ശിൽപ്പവും, പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ആഖ്യാനത്തിനുള്ള ഉപാധിയായി എഡിറ്റിംഗിനെ ഉപയോഗിച്ച് കൊണ്ട് പ്രമേയത്തെ മുന്നോട്ട് നയിച്ച വൈദഗ്ധ്യത്തിനാണ് പുരസ്‌കാരം നൽകിയതെന്ന് ജൂറി അറിയിച്ചു.
എഡിറ്ററായാണ് സംഗീത് സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. സ്പോട്ട് എഡിറ്റർ ആയി കരിയർ ആരംഭിച്ച താരം ‘ഫോർ ഇയേഴ്സ്’ എന്ന ചിത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന ചിത്രത്തിലൂടെയാണ് മുഴുനീള എഡിറ്റർ ആയത്. ‘ഹൃദയം’ എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിലൂടെയാണ് സംഗീത് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ശേഷം, സൂപ്പർ ശരണ്യ, തണ്ണീർ മത്തൻ ദിനങ്ങൾ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി.
READ MORE: അവാർഡുകൾ തൂത്തുവാരി ആടുജീവിതം; മികച്ച നടി ഉര്‍വശി, ബീന, മികച്ച നടന്‍ പൃഥ്വിരാജ്
‘ബ്രോമാൻസ്’ ആണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. സംഗീതിനെ കൂടാതെ അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, ശ്യാം മോഹൻ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് അരുൺ ഡി ജോസ് ആണ്.
അതേസമയം, 54 -ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള അവാർഡ് പൃഥ്വിരാജ് (ആടുജീവിതം) സ്വന്തമാക്കി. മികച്ച നടിയുടെ പുരസ്‌കാരം ഉർവശിയും (ഉള്ളൊഴുക്ക്), ബീന ആർ കണ്ണനും (തടവ്) പങ്കിട്ടു. മികച്ച ചിത്രമായി ‘കാതൽ’ തിരഞ്ഞെടുത്തപ്പോൾ, മികച്ച സംവിധായകനുള്ള അവാർഡ് ‘ആടുജീവിതത്തിന്’ ബ്ലെസി നേടി.