Sandra Thomas slams Listin: ലിസ്റ്റിനെതിരേ പറഞ്ഞത് നുണയാണെന്നു തെളിഞ്ഞാൽ ഇൻഡസ്ട്രി വിടാൻ തയ്യാർ – സാന്ദ്രാ തോമസ്
Producer Sandra Thomas criticizes Listin Stephen: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്നും, അസോസിയേഷൻ ട്രഷററായ ലിസ്റ്റിന് ബൈലോയെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് തന്റെ പത്രിക തള്ളിയതെന്നും സാന്ദ്ര ആരോപിച്ചു.

Sandra Thomas, Listin Stephen
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നിർമ്മാതാക്കളായ സാന്ദ്രാ തോമസും ലിസ്റ്റിൻ സ്റ്റീഫനും തമ്മിലുള്ള വാക്‌പോര് ശക്തമാകുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ കളവാണെന്ന് തെളിയിച്ചാൽ ചലച്ചിത്രമേഖല വിടുമെന്ന് സാന്ദ്രാ തോമസ് ലിസ്റ്റിനെ വെല്ലുവിളിച്ചു. അതേസമയം, താൻ ഉന്നയിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ലിസ്റ്റിൻ വ്യവസായം വിടാൻ തയ്യാറാണോ എന്നും സാന്ദ്ര ചോദിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്നും, അസോസിയേഷൻ ട്രഷററായ ലിസ്റ്റിന് ബൈലോയെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് തന്റെ പത്രിക തള്ളിയതെന്നും സാന്ദ്ര ആരോപിച്ചു. ഒരു വ്യക്തിയുടെ പേരിൽ മൂന്നോ അതിലധികമോ സെൻസർ ചെയ്ത ചിത്രങ്ങൾ ഉണ്ടെങ്കിൽ സുപ്രധാന സ്ഥാനങ്ങളിൽ മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് ബൈലോയിൽ വ്യക്തമാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
നേരത്തെ, യോഗത്തിൽ പർദ്ദ ധരിച്ചെത്തിയതിനെ ലിസ്റ്റിൻ വിമർശിച്ചതിനെതിരെയും സാന്ദ്ര പ്രതികരിച്ചു. അത് സംഘടനയിലെ പ്രവർത്തനങ്ങൾക്കെതിരെയുള്ള തന്റെ പ്രതിഷേധമായിരുന്നുവെന്ന് അവർ പറഞ്ഞു. കൂടാതെ, ചെറിയ നിർമ്മാതാക്കളെയും സാങ്കേതിക പ്രവർത്തകരെയും ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും, ലിസ്റ്റിൻ ഒരു വട്ടിപ്പലിശക്കാരനാണെന്ന് താൻ പറഞ്ഞത് അദ്ദേഹം തന്നെ സമ്മതിച്ച കാര്യമാണെന്നും സാന്ദ്ര ആരോപിച്ചു.
എന്നാൽ, സാന്ദ്രയുടെ ആരോപണങ്ങൾ വെറും ‘ഷോ’ മാത്രമാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് സാന്ദ്രയുടെ പത്രിക തള്ളിയതെന്നും, അവരുടെ പേരിലുള്ളത് രണ്ട് സിനിമകൾ മാത്രമാണെന്നും ലിസ്റ്റിൻ വ്യക്തമാക്കി. സാന്ദ്രയുടെ സിനിമകൾ പങ്കാളിത്ത ഉടമസ്ഥതയിലുള്ളതാണെന്നും, അതിനാൽ അവരുടെ പ്രൊഡക്ഷൻ ഹൗസിന്റെ പേരിൽ രണ്ട് സെൻസർ സർട്ടിഫിക്കറ്റുകൾ മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.